ലണ്ടന്‍: ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, സിറ്റി, ചെല്‍സി ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം. റഹിം സ്റ്റര്‍ലിങ് ഹാട്രിക്കും, വില്‍ഫ്രഡ് ബോണി ഇരട്ട ഗോളും നേടിയ മത്സരത്തില്‍ സിറ്റി 5^1ന് ബേണ്‍മൗതിനെ തോല്‍പിച്ചു. എവേ മാച്ചില്‍ 3^0നാണ് യുനൈറ്റഡ് എവര്‍ട്ടനെ വീഴ്ത്തിയത്.
ഷ്‌നീഡര്‍ലിന്‍, ആന്‍ഡര്‍ ഹെരീറ, വെയ്ന്‍ റൂണി എന്നിവരാണ് യുനൈറ്റഡിനു വേണ്ടി വലകുലുക്കിയത്. തോല്‍വികളില്‍ വട്ടംകറങ്ങിയ ചെല്‍സി 2^0ന് ആസ്റ്റന്‍ വില്ലയെയും വീഴ്ത്തി. ഡീഗോ കോസ്റ്റയിലൂടെ ലീഡ് നേടിയ ചെല്‍സിക്ക് രണ്ടാം ഗോള്‍ എതിരാളി സമ്മാനിച്ച സെല്‍ഫ് ഗോളിലൂടെയായിരുന്നു. അതേസമയം, പുതിയ കോച്ച് യുര്‍ഗന്‍ ക്‌ളോപ്പിനു കീഴിലിറങ്ങിയ ലിവര്‍പൂള്‍ ടോട്ടന്‍ഹാമിനോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മറ്റു മത്സരങ്ങളില്‍ വെസ്റ്റ്ഹാം 3^1ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു. സിറ്റി (21) ഒന്നും, യുനൈറ്റഡ് (19) രണ്ടും സ്ഥാനത്താണ്.