ആർഎസ്പി വീണ്ടും പിളർപ്പിലേയ്ക്ക്; ഇടതു മുന്നണിയ്ക്കു പിൻതുണയുമായി ഷിബു ബേബി ജോൺ; തർക്കം രൂക്ഷം

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെ പിൻതുണയും യുഡിഎഫ് മദ്യനയത്തെ പരസ്യമായി തള്ളിപ്പറഞ്ഞും മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോൺ രംഗത്ത്. യുഡിഎഫ് മദ്യനയത്തെ തള്ളിപ്പറഞ്ഞ ഷിബുവിന്റെ നിലപാട് എന്നാൽ, പാർട്ടിയിൽ കടുത്ത എതിർപ്പിനു ഇടയാക്കിയിട്ടുണ്ട്.
തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇടതു മുന്നണി സർക്കാരിന്റെ മദ്യനയത്തെ പിൻതുണച്ച് കഴിഞ്ഞ ദിവസം ഷിബു ബേബിജോൺ ആദ്യം രംഗത്ത് എത്തിയത്. ഇടതു മുന്നണിയുടെ മദ്യനയം അനിവാര്യവും സ്വാഗതാർഹവുമാണെന്നാണ് ഷിബു ബേബിജോൺ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു പിന്നാലെ മാധ്യമങ്ങളിലും ഇതേ നിലപാട് സ്വീകരിച്ച് ഷിബു ബേബി ജോൺ താൻ കൂടി മന്ത്രിയായിരുന്ന യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തെതള്ളിപ്പറയുന്നു.
യുഡിഎഫ് സർക്കാർ നടപ്പാക്കിയ മദ്യനയം തീർത്തും അപക്വവും അനവസരത്തിലുള്ളതുമാണെന്നാണ് ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ മദ്യനയം മൂലമാണ് ഇടതു മുന്നണിയ്ക്കു ഭരണം പിടിക്കാൻ സാധിച്ചത്. യുഡിഎഫിനു ഭരണം നഷ്ടമാകാനുള്ള ഏക കാരണവും യുഡിഎഫിന്റെ മദ്യനയമാണെന്നും ഷിബു ബേബി ജോൺ പ്രതികരിച്ചു.
എന്നാൽ, ഇടതു മുന്നണിയെ പിൻതുണച്ച ഷിബുവിന്റെ നിലപാടിനെതിരെ ആർഎസ്പിയ്ക്കുള്ളിൽ പൊട്ടിത്തെറി ശക്തമായിട്ടുണ്ട്. ഇടതു മുന്നണി വിട്ട് ഷിബുവിനൊപ്പം കൂടിയ വിഭാഗമാണ് ഇപ്പോൾ ഷിബുവിനെതിരെ തന്നെ തിരിഞ്ഞിരിക്കുന്നത്. അടുത്ത ദിവസം ചേരുന്ന കമ്മിറ്റിയിൽ ഇതു സംബന്ധിച്ചുള്ള ചർച്ചകളുണ്ടാകുമെന്നും ഉറപ്പായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top