പൊളിറ്റിക്കൽ ഡെസ്‌ക്
ന്യൂഡൽഹി: രാജ്യത്തെ യുദ്ധത്തിലേയ്ക്കു പ്രധാനമന്ത്രി മുന്നിൽ നിന്നു നയിക്കണമെന്ന രഹസ്യ നിർദേശം ബിജെപിക്കു നൽകി ആർഎസ്എസ് നേതൃത്വം. യുദ്ധം അനിവാര്യമാണെന്നും ഇതിലൂടെ പാക്കിസ്ഥാനെ തകർത്ത് ഒരൊറ്റ ഭാരതം- ഐക്യഭാരതം എന്ന ലക്ഷ്യം കെട്ടിപ്പെടുക്കണമെന്നുമുള്ള നിർദേശമാണ് ഇപ്പോൾ ആർഎസ്എസ് നേതൃത്വം നൽകിയിരിക്കുന്നത്. എന്നാൽ, ഇതു സംബന്ധിച്ചു ആർഎസ്എസ് നേതൃത്വത്തിനു ഉപദേശം നൽകിയിരിക്കുന്ന ബിജെപി നേതാവ് ലക്ഷ്യമിടുന്നത് ആയുധ ഇടപാടിലൂടെ കോടികളുടെ അഴിമതിയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉറിആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യ അതിർത്തി കടന്നു നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനു പിന്നാലെയാണ് ആർഎസ്എസ് യുദ്ധം അനിവാര്യമാണെന്ന സന്ദേശം നൽകിയിരിക്കുന്നത്. യുദ്ധമില്ലാത്ത സാഹചര്യത്തിൽ പ്രതിവർഷം എഴുപതിനായിരം കോടി രൂപയിലധികമാണ് ഇന്ത്യ ആയുധ ഇടപാടുകൾക്കു വേണ്ടി മാത്രം മാറ്റി വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം അറുപതിനായിരം കോടി രൂപയുടെ യുദ്ധവിമാനങ്ങളാണ് ഇന്ത്യൻ സൈന്യം വാങ്ങിക്കൂട്ടിയത്. സമാധാനകാലത്ത് സൈന്യവും രാജ്യവും ഇത്രയും തുക ആയുധങ്ങൾക്കായി ചിലവഴിക്കുമ്പോൾ യുദ്ധകാലത്ത് ഇതിന്റെ നാലിരട്ടി തുക ചിലവഴിക്കേണ്ടി വരും. ഇത് മനസിലാക്കി തന്നെ നേട്ടമുണ്ടാക്കാനാണ് ബിജെപിയിലെ ഒരു വിഭാഗം ഇപ്പോൾ ശ്രമിക്കുന്നത്.
രാജ്യത്ത് അവസാനമായി ഒരു യുദ്ധമുണ്ടായത്- പൂർണതോതിലല്ലെങ്കിലും – കാർഗിലിൽ വാജ്‌പേയി നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോഴായിരുന്നു. അന്ന് ആയുധഇടപാടിലും, ശവപ്പെട്ടിയിലും അടക്കം കോടികളാണ് കമ്മിഷൻ ഇനത്തിൽ ബിജെപി നേതാക്കളുടെ കൈകളിൽ എത്തിയത്. യുദ്ധം ഉണ്ടാകുമ്പോൾ ചിലവഴിക്കുന്ന തുകയ്ക്കു കൃത്യമായ കണക്കുകളൊന്നും ഉണ്ടാകില്ല. ഈ കണക്കുകൾ കൃത്യമായ വിലയിരുത്തലിനു വിധേയമാകുകയും ഇല്ല. ആയുധത്തിന്റെ എണ്ണത്തിനൊപ്പം ഈ കോടികളിൽ കണ്ണുവച്ചാണ് ഒരു വിഭാഗം ബിജെപി നേതാക്കൾ ഇപ്പോൾ യുദ്ധക്കൊതിയെ പ്രോത്സാഹിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സർക്കാരിനു മൃഗീയഭൂരിപക്ഷമുള്ളപ്പോൾ യുദ്ധമുണ്ടായാൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്നത് ഒരു വിഭാഗം ബിജെപി നേതാക്കൾക്കായിരിക്കും.
രാജ്യത്തിനു ആയുധം വിൽക്കുന്നതിൽ പ്രധാന ശക്തിയായ രാജ്യങ്ങളായ അമേരിക്ക, ജർമ്മനി, ബ്രിട്ടൺ, റഷ്യ തുടങ്ങിയ എല്ലാ രാജ്യങ്ങളിലെ കമ്പനികളുമായും ഈ ബിജെപി നേതാക്കൾ പ്രാഥമിക ഘട്ട ചർച്ചകൾ നടത്തിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാവും യുദ്ധമുണ്ടായാൽ ഇന്ത്യൻ സൈന്യത്തിനു വേണ്ട ആയുധങ്ങൾ വാങ്ങിക്കൂട്ടുക ഇതു വഴി കോടികൾ നേട്ടമുണ്ടാക്കാം എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഒരു പറ്റം നേതാക്കൾ.
എന്നാൽ, യുദ്ധമുണ്ടായാൽ രാജ്യത്തെ സമ്പദ് വ്യവസ്ഥ തന്നെ താറുമാറാകും എന്ന യാഥാർഥ്വവും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നഷ്ടപ്പെടുവാൻ ഒന്നുമില്ലാത്ത പാക്കിസ്ഥാൻ തീവ്രവാദികളുടെ സഹായത്തോടെ രാജ്യത്തേയ്ക്കു ആക്രമണം നടത്തും. ഇത് രാജ്യത്തെ പൂർണ തോതിൽ പിന്നോട്ട് അടിക്കുന്നതായിരിക്കുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.