
കണ്ണൂര്‍: ചുവന്ന വസ്ത്രം ധരിച്ചതിന്റെ പേരില്‍ വീണ്ടും സംഘപരിവാര്‍ ആക്രമണം. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പടെ സംഘപരിവാറിന്റെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ചുവന്ന വസ്ത്രമണിഞ്ഞ് ഉത്സവത്തിന് എത്തിയെന്ന് ആരോപിച്ചാണ് പ്രദേശവാസികളായ ഒമ്പതോളം പേരെ ആര്‍.എസ്.എസ് സംഘം മര്‍ദ്ദിച്ചതെന്ന് ഡ്യൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെയായിരുന്നു സംഭവം. ഉത്സവത്തില്‍ പങ്കെടുക്കാനായി ചുവന്ന വസ്ത്രമണിഞ്ഞ് പുരുഷന്മാരും സ്ത്രീകളടക്കമുള്ള അയല്‍വാസികളായ പന്ത്രണ്ടോളം പേര്‍ ക്ഷേത്രത്തിലെത്തുകയായിരുന്നു. പുരുഷന്മാര്‍ ചുവന്ന ഷര്‍ട്ടും സ്ത്രീകള്‍ ചുരിദാറുമായിരുന്നു ധരിച്ചിരുന്നത്. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. നൂറോളം പേര്‍ വരുന്ന ആര്‍.എസ്.എസ് സംഘം പൊലീസ് നോക്കി നില്‍ക്കെ സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റവരില്‍ സ്ത്രീകളും ഒന്നരവയസ്സുള്ള കുട്ടിയും ഉള്‍പ്പെടും. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവത്തില്‍ മുന്‍ കാലങ്ങളില്‍ സംഘര്‍ഷങ്ങള്‍ പതിവായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി ഉത്സവപ്പറമ്പ് ശാന്തമായിരുന്നുവെന്നും ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഷാജിര്‍പറഞ്ഞു.
യാതൊരു പ്രകോപനവും കുടാതെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സ്ത്രീകളുള്‍പ്പടെയുള്ളവരെ മര്‍ദ്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു. മര്‍ദ്ദനത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് ആര്‍.എസ്.എസ് നിരന്തരമായി സംഘര്‍ഷം സൃഷ്ടിക്കാറുണ്ടായിരുന്നുവെന്നും ഷാജിര്‍ പറഞ്ഞു.