
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിൽ ആർഎസ്എസ് പിടിമുറുക്കിയതോടെ വർഷങ്ങളായി ബിജെപിക്കു വേണ്ടി പ്രവർത്തിച്ച നേതാക്കൾ കടുത്ത അതൃപ്തിയിൽ. പാർട്ടിയുടെ തീരുമാനങ്ങളെല്ലാം സംസ്ഥാന ആർഎസ്എസ് നേതാക്കൾ എടുക്കുന്നതോടെയാണ് പാർട്ടി നേതൃത്വത്തിൽ വർഷങ്ങളായി പ്രവർത്തിച്ചിരുന്നവർ എതിർപ്പുമായി രംഗത്ത് എത്തിയത്. ആർഎസ്എസ് നേതൃത്വം ഈ രീതിയിൽ പിൻതുടർന്നാൽ പാർട്ടി വിട്ടു പോകേണ്ടി വരുമെന്നു പോലും മുതിർന്ന നേതാക്കളിൽ പലരും അഭിപ്രായപ്പെട്ടു.
വർഷങ്ങളായി വളരെയധികം കഷ്ടപ്പെട്ട് ബിജെപിയെ സംസ്ഥാനത്ത് വളർത്തി വലുതാക്കിയ നേതാക്കളിൽ പലരും ഇപ്പോൾ പാർട്ടിയ്ക്കു അനഭിമതരായതാണ് ഇപ്പോഴുള്ള നേതാക്കൾ എതിർപ്പിനു കാരണമായിരിക്കുന്നത്. ആർഎസ്എസ് നേതൃത്വം ബിജെപിയിൽ നടത്തിയ പുനസംഘടനയാണ് മറ്റൊരു പ്രധാന എതിർപ്പിന്റെ കാരണമായിരിക്കുന്നത്. ആർഎസ്എസുമായി ബന്ധമില്ലാത്തവരെ എല്ലാം പാർട്ടിയുടെ പ്രാദേശിക തലങ്ങളിൽ നിന്നു പോലും നീക്കം ചെയ്താണ് ഇപ്പോൾ ആർഎസ്എസ് നേതൃത്വം സംസ്ഥാന തലത്തിൽ ഇടപെടൽ നടത്തിയിരിക്കുന്നത്.
സംസ്ഥാന തലം മുതൽ ഏറ്റവും താഴേത്തലം വരെയുള്ള കമ്മിറ്റികളിൽ നിന്നു പൂർണമായും ആർഎസ്എസ് ബന്ധമില്ലാത്തവരെ ഒഴിവാക്കി കഴിഞ്ഞിട്ടുണ്ട്. സംഘടനയുടെ പ്രധാന ഭാരവാഹിത്വത്തിൽ നിന്നു ഇവരെ മാറ്റി നിർത്തിയത് ബിജെപിക്കുള്ളിൽ വൻ പൊട്ടിത്തെറിയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്. ആർഎസ്എസ് നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലാണ് കുമ്മനം രാജശേഖരനെ സംസ്ഥാന പ്രസിഡന്റാക്കിയത്. ഇതു പോലെ തന്നെ സംസ്ഥാനത്ത് ഹൈന്ദവ സംഘടനകളുടെ ഏകീകരണം ഉണ്ടാക്കിയതും ആർഎസ്എസ് നേരിട്ട് ഇടപെട്ടാണ്. ഇതെല്ലാം പരാജയമായ സാഹചര്യത്തിൽ വീണ്ടും പാർട്ടി അഴിച്ചു പണിയുന്നതാണ് ഇപ്പോൾ ബിജെപിയിൽ പൊട്ടിത്തെറിക്കു കാരണമായിരിക്കുന്നത്.