കണ്ണൂര്‍ : ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ വിവിധ പരിപാടികളുമായി ആര്‍. എസ്. എസും സി.പി. എമ്മും രംഗത്ത് വന്നതോടെ കണ്ണൂര്‍ ജില്ല പൂര്‍ണമായും പൊലീസ് സേനയുടെ വലയത്തിലാക്കി ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കു സമാധാനപരമായ നടന്നു. ബാലഗോകുലത്തിന്റെ ശോഭായാത്രയും സിപിഎം ബാലസംഘത്തിന്റെ ഘോഷയാത്രയും ഒരേസമയം നടക്കുന്നതിനാല്‍ പൊലീസ് ഏര്‍പ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങള്‍ ഫലം കണ്ടു; ഒരാഴ്ചയോളമായി ആര്‍എസ്എസ്–സിപിഎം സംഘര്‍ഷം തുടരുന്ന ജില്ലയില്‍ ഇരു ഘോഷയാത്രകളും സമാധാനപരമായി അവസാനിച്ചു.
അതിനിടെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സിപിഎം ബാലസംഘത്തിന്റെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ കളിയാക്കി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ സജീവമായിക്കൊണ്ടിരിക്കുന്നു.മതേതര പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ജാതിയോ, മതമോ, വര്‍ഗമോ, വര്‍ണമോ ഒന്നും വേണ്ട. ഈശ്വരന്‍ എന്ന സങ്കല്‍പ്പത്തില്‍ തീരെ വിശ്വാസവും ഇല്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് തത്വങ്ങള്‍ പരിഷ്കരിക്കപ്പെടുന്നതിന്‍റെ സൂചനകളാണ് പുറത്തു വരുന്നത്. ഇവയ്ക്കു പിന്നില്‍ എന്തെങ്കിലും ഗൂഢലക്ഷ്യം ഉണ്ടോ എന്നാണ് പലരുടെയും സംശയം. എന്തായാലും സോഷ്യല്‍ മീഡിയ സിപിഎമ്മിന്‍റെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തെ പരിഹസിച്ചു രംഗത്തെത്തി കഴിഞ്ഞു. ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും മത തീവ്രതയെ കുറിച്ച് പറയുന്ന പാര്‍ട്ടി തന്നെ ഇത്തരത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നതാണ് പലരെയും അതിശയിപ്പിക്കുന്നത്.
“പണ്ടൊരു നാട്ടില്‍ മഗധാപുരിയില്‍ …
കംസന്‍ എന്നൊരു ബൂര്‍ഷ്വായെ …
തകര്‍ത്തെറിഞ്ഞൊരു വിപ്ലവ താരം …
അതാണതാണീ ശ്രീകൃഷ്ണന്‍ …
ദേവകി സുതനേ സിന്ദാബാദ് …
രാധാ നായകാ സിന്ദാബാദ് ….
ആരുടേയോ ഭാവനയില്‍ വിടര്‍ന്നൊരു ഗാനം ആയിരങ്ങള്‍ ഏറ്റുപാടുകയാണ് വാട്സ് ആപ്പിലൂടേയും ഫേസ്ബുക്കിലൂടെയുമൊക്കെ.
സി.പി.എം കണ്ണൂരില്‍ ശ്രീകൃഷ്ണജയന്തി ദിവസമായ ഇന്നലെ ഓണാഘോഷ പരിപാടി നടത്തുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയെ കളിയാക്കിക്കൊണ്ട് നവമാദ്ധ്യമത്തില്‍ പാട്ടുകളും മുദ്രവാക്യങ്ങളുമൊക്കെ നിറഞ്ഞത്.
സാമ്രാജ്യത്വ ദല്ലാളാം … കാളിയന്‍ എന്നൊരു സാമദ്രോഹിയെ.. ചവിട്ടി കൂട്ടിയ പോരാളീ …. പൂതനയെന്നൊരു ഗുണ്ടാ തലവിയെ… വിപ്ലവ തന്ത്ര പോരാട്ടത്താല്‍… അടിയറവാക്കിയ നേതാവേ … മുത്തേ ..മുത്തേ മണിമുത്തേ … കണ്ണേ കരളേ …ശ്രീകൃഷ്ണാ … എന്നിങ്ങനെ പോകുന്നു ഗാനം.
” സഖാവ് കൃഷ്ണന്റെ ജന്മദിനം ഗംഭീരമായി ആഘോഷിക്കുക എന്ന് മറ്റൊരു വിരുദന്റെ കമന്റ്. തീര്‍ന്നില്ല, കാളിയമര്‍ദ്ദനത്തില്‍ പങ്കെടുത്ത് പ്രസ്ഥാനത്തില്‍ സജീവമാവുകയും പീന്നീട് നടന്ന ഒട്ടേറെ സംഘട്ടനങ്ങളില്‍ പാര്‍ട്ടിപ്രതിനിധിയായി പോരാടുകയും വിജയം കൈവരിക്കുകയും ചെയ്ത ധീരനായ പോരാളിയായിരുന്നു സഖാവ് കൃഷ്ണന്‍. കുളിച്ചുകൊണ്ടിരുന്ന വനിതാ സഖാക്കളുടെ വസ്ത്രങ്ങള്‍ ഒളിപ്പിച്ച കേസില്‍ സഖാവ് സസ്പെന്‍ഷനിലായിരുന്നെങ്കിലും പിന്നീടുള്ള ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിയില്‍ സജീവമായിരുന്നു, സഖാവ് കുചേലന്റെ അവല്‍പ്പൊതി സമരത്തില്‍ ശ്രദ്ദേയമായ സാന്നിദ്ധ്യമായിരുന്നു സഖാവ് കൃഷ്ണന്‍. മഹാഭാരതയുദ്ധകാലത്ത് അര്‍ജ്ജുനന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ച് ട്രേഡ് യൂണിയന്‍ രംഗത്തും സഖാവ് സജീവമായിരുന്നു…””
ഹിറ്റായ മറ്റൊരു പാരഡി ഗാനം ഇങ്ങനെ: ചോരവീണമണ്ണില്‍നിന്നുയര്‍ന്നുവന്നപീലീകള്‍, ചേതനയില്‍ നൂറുനൂറു പാഞ്ചജന്യമൂതവേ.. പോരുവിന്‍ സഖാക്കളേ, ഞങ്ങള്‍വന്ന വീഥിയില്‍ കാവിമുണ്ടുടുത്തുകൊണ്ടു ഓംനമോജപിച്ചിടാം….
സഖാക്കന്മാര്‍ക്കായി തയ്യാറാക്കിയ ശ്രീകൃഷ്ണജയന്തി മുദ്രാവാക്യങ്ങളുടെ ചില സാമ്പിള്‍: ഇന്‍ക്വിലാബ് സിന്ദാബാദ് ! സഖാവ് കൃഷ്ണന്‍ സിന്ദാബാദ്! വെണ്ണക്കണ്ണന്‍ സിന്ദാബാദ്! വിഷ്ണുസഖാവിന്നവതാരം പാവങ്ങളുടെ തേരാളി ഉണ്ണിക്കണ്ണന്‍ സിന്ദാബാദ്! കംസാ കംസാ മൂരാച്ചീ നിന്നെപ്പിന്നെ കണ്ടോളാം …
ബാലസംഘം നടത്തുന്ന ഓണാഘോഷ പരിപാടികളുടെ സമാപനമെന്ന പേരിലായിരുന്നു ശ്രീകൃഷ്ണജയന്തിദിനത്തില്‍ സിപിഎം ഘോഷയാത്ര സംഘടിപ്പിച്ചത്. ഇതിനായി രണ്ടുമാസം മുന്‍പേ സിപിഎം ഒരുക്കം തുടങ്ങിയിരുന്നു. ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള പൊലീസ് അനുമതിയടക്കം നേരത്തേ തന്നെ നേടി. സാധാരണ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടത്തുന്ന സ്ഥലങ്ങളിലായിരുന്നു സിപിഎം ഘോഷയാത്ര നടത്താന്‍ അനുമതി നേടിയത്. എന്നാല്‍ ഇതേ സ്ഥലത്തു പരിപാടി നടത്താന്‍ അനുമതി നേടാനായി ബാലഗോകുലവും എത്തിയതോടെയാണു കാര്യങ്ങള്‍ സങ്കീര്‍ണമായത്. ശ്രീകൃഷ്ണജയന്തി ദിവസം അക്രമത്തിനു സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടു കൂടി ലഭിച്ചതോടെ കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തില്‍ കൈക്കൊണ്ട നടപടികളാണു കാര്യങ്ങള്‍ സുഗമമാക്കിയത്.
ആര്‍എസ്എസ്–സിപിഎം ജില്ലാ നേതാക്കളുമായി രണ്ടുവട്ടം ചര്‍ച്ച നടത്തി ഘോഷയാത്രകള്‍ വ്യത്യസ്ത റൂട്ടുകളില്‍ നടത്താമെന്ന ധാരണയിലെത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇരുകൂട്ടര്‍ക്കും റൂട്ടുകളും നിശ്ചയിച്ചു നല്‍കി. മൂന്നു കമ്പനി പൊലീസ് സേന കൂടി ജില്ലയിലെത്തി. തിരുവോണനാളില്‍ ആരംഭിച്ച ആര്‍എസ്എസ്–സിപിഎം സംഘര്‍ഷത്തെ തുടര്‍ന്നു ജില്ലയിലെത്തിയ ഒരു കമ്പനി സേനയ്ക്കും നക്സല്‍വിരുദ്ധ സേന, ദ്രുതകര്‍മസേന എന്നിവയ്ക്കും പുറമെയായിരുന്നു ഇത്.
എഡിജിപി ശങ്കര്‍ റെഡ്ഡി കഴിഞ്ഞ ദിവസം ജില്ലയിലെത്തി സുരക്ഷാക്രമ ീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. കനത്ത പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇന്നലെ ഘോഷയാത്രകള്‍ നടന്നത്. ഓണാഘോഷത്തിന്റെ സമാപനമെന്ന പേരില്‍ സിപിഎം നടത്തിയ ഘോഷയാത്രയില്‍ പലയിടത്തും ശ്രീകൃഷ്ണവേഷമണിഞ്ഞ കുട്ടികള്‍ അണിനിരന്നിരുന്നു.
ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ശോഭായാത്രയ്ക്കു ബദലായി ഉറിയടിയും പായസവിതരണവും ഘോഷയാത്രകളുമായി സംസ്ഥാനമൊട്ടാകെ സിപിഎമ്മിന്റെ ബാലസംഘടനയായ ബാലസംഘം രംഗത്തിറങ്ങി. ആര്‍എസ്എസും ബിജെപിയും സംസ്ഥാനത്തു പിടിമുറുക്കാന്‍ നോക്കുന്നതിനിടെയാണു വിശ്വാസികളെ ആകര്‍ഷിക്കാന്‍ ബാലസംഘത്തെ എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും കളത്തിലിറക്കിയത്. 25നു ബാലസംഘം ആരംഭിച്ച ഓണാഘോഷങ്ങളുടെ സമാപനമായിട്ടായിരുന്നു ഇന്നലത്തെ പരിപാടി. സംസ്ഥാന പ്രസിഡന്റ് പി.വി. സച്ചിന്‍ തലശേരിയിലും കണ്‍വീനര്‍ ടി.കെ. നാരായണദാസ് പാലക്കാട്ടും പങ്കെടുത്തു. മറ്റു ഭാരവാഹികളും നേതാക്കളുമായ വി. ആതിര, രതീഷ്, അഷിത, അജയ് അശോക്, ബിപിന്‍ രാജ്, അന്ന ഫാത്തിമ, അയിഷ പോറ്റി, ആര്‍. രാജേഷ്, പുരുഷന്‍ കടലുണ്ടി എന്നിവര്‍ മറ്റു മേഖലകളില്‍ പങ്കെടുത്തു.
തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ഇരുപതോളം കുട്ടികളെ പങ്കെടുപ്പിച്ചു വഞ്ചിയൂര്‍ കോടതിക്കു സമീപം ഉറിയടി മല്‍സരം നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു. കാഴ്ചക്കാരായി വന്‍ ജനക്കൂട്ടവും ഉണ്ടായിരുന്നു. ശോഭായാത്രയുടെ ഭാഗമായി കഴിഞ്ഞ ദിവസം എകെജി സെന്ററിനു മുന്നില്‍ കെട്ടിയ ഉറി പാര്‍ട്ടി പരാതിയെത്തുടര്‍ന്നു പൊലീസ് ഇടപെട്ടു നീക്കിയിരുന്നു. കൊല്ലത്തു വില്ലേജുകള്‍ കേന്ദ്രീകരിച്ചു മതേതര സംഗമ റാലികളാണു നടത്തിയത്. ആലപ്പുഴ ജില്ലയില്‍ 42 സ്ഥലങ്ങളില്‍ സാംസ്കാരികോല്‍സവം നടത്തി. മിക്ക സ്ഥലങ്ങളിലും പായസവിതരണവും ഘോഷയാത്രകളും പ്രതിജ്ഞചൊല്ലലും നടത്തി. സിപിഎം ലോക്കല്‍, ബ്രാഞ്ച് ഭാരവാഹികളും ഡിവൈഎഫ്ഐ നേതാക്കളും പങ്കെടുത്തു.
പത്തനംതിട്ട ജില്ലയില്‍ സിപിഎമ്മോ പോഷകസംഘടനകളോ നേരിട്ടു പരിപാടികള്‍ നടത്തിയില്ല. എന്നാല്‍ മണ്ണടിയില്‍ വേലുത്തമ്പി കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ആഘോഷത്തിന്റെ സംഘാടനത്തില്‍ പാര്‍ട്ടി അനുഭാവികള്‍ ഉണ്ടായിരുന്നു.കോട്ടയം ജില്ലയില്‍ സിപിഎം നേതാക്കളൊന്നും ബാലസംഘത്തിന്റെ പരിപാടികളില്‍ പങ്കെടുത്തില്ല. ബാലസംഘം നേരിട്ടു വലിയ പരിപാടി നടത്തിയതുമില്ലെന്നു സിപിഎം അറിയിച്ചു.
കോഴിക്കോടു ജില്ലയില്‍ മേഖലാ കേന്ദ്രങ്ങളില്‍ രാവിലെമുതല്‍ കലോല്‍സവം നടത്തി. ഘോഷയാത്ര ഉണ്ടായില്ല. ജില്ലാതലത്തിലും പരിപാടികള്‍ ഉണ്ടായിരുന്നില്ല. ഓണാഘോഷ സമാപനമെന്ന പേരില്‍ കണ്ണൂര്‍ ജില്ലയില്‍ 187 കേന്ദ്രങ്ങളിലാണു ഘോഷയാത്ര നടന്നത്. ബാലഗോകുലത്തിന്റെ ശോഭായാത്രയ്ക്കും സിപിഎമ്മിന്റെ ഘോഷയാത്രയ്ക്കും പൊലീസ് വ്യത്യസ്ത റൂട്ടുകള്‍ നിശ്ചയിച്ചു നല്‍കിയിരുന്നു. സിപിഎമ്മിന്റെ ഘോഷയാത്രയില്‍ പലയിടത്തും ശ്രീകൃഷ്ണവേഷമണിഞ്ഞ കുട്ടികള്‍ അണിനിരന്നു.
വയനാട്ടില്‍ 24 കേന്ദ്രങ്ങളിലാണു ബാലസംഗമം സംഘടിപ്പിച്ചത്. സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാരും പങ്കെടുത്തില്ല. പൊന്നാനി മുക്കിലപ്പീടികയില്‍ ഒരു ക്ലബ് സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തതു സിപിഎം എംഎല്‍എ പി. ശ്രീരാമകൃഷ്ണനാണ്. മതേതരസ്വഭാവമുള്ള പരിപാടിയായതിനാലാണു പങ്കെടുത്തതെന്ന് എംഎല്‍എ പ്രതികരിച്ചു. മതേതര ശ്രീകൃഷ്ണ ജയന്തി ആഘോഷം ഉദ്ഘാടനം എന്ന വിവരണത്തോടെ എംഎല്‍എ പിന്നീട് പരിപാടിയുടെ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.