കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ധനരാജ് വധത്തിലെ പ്രതികാരം തീര്‍ക്കാനെന്ന് പ്രതിയുടെ മൊഴി. കസ്റ്റഡിയിലുള്ള റിനീഷാണ് മൊഴി നല്‍കിയത്. ഒരു മാസം മുമ്പാണ് വാഹനം വാടകക്കെടുത്തതെന്നും മുന്‍പ് ഒരുതവണ കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും പ്രതികളായ റിനീഷും ജ്യോതിഷും പൊലീസിനോട് പറഞ്ഞു.
പയ്യന്നൂരില്‍ ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതിയടക്കം മൂന്നുപേരെ ഇന്നലെ പിടികൂടിയിരുന്നു. ഇവരെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന് നേതൃത്വം നല്‍കിയത് റിനീഷ് ആണ്.
പ്രതികള്‍ ഉപയോഗിച്ച വാഹനം കണ്ടെത്തിയതോടെയാണു നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇന്നലെ പുലര്‍ച്ചെയാണു പൊലീസ് സംഘം കാര്‍ പിടികൂടിയത്. പൊലീസ് പിന്തുടരുന്നതു കണ്ടു പയ്യന്നൂര്‍ ടൗണിനടുത്തു മാവിച്ചേരിയില്‍ കാര്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു. കാറിനു മുകളില്‍ മുളകുപൊടി വിതറിയിരുന്നു. രാമന്തളി സ്വദേശി ബിനോയിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ബിനോയിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏപ്രില്‍ 25ന് ബിനോയിയില്‍ നിന്ന് നിഥിന്‍ വാടകയ്ക്ക് എടുത്ത കാര്‍ ജിജേഷിന് കൈമാറിയെന്നും ഈ കാര്‍ ഉപയോഗിച്ചാണ് ബിജു സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയതെന്നും കണ്ടെത്തി. കൊലപാതക കേസുകള്‍ ഉള്‍പ്പെടെ പ്രതികളായ റിനീഷും അനൂപുമാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്ന് രാജേഷ് മൊഴി നല്‍കുകയും ചെയ്തു. ഇന്നോവ കാറില്‍ ഉണ്ടായിരുന്ന ബൈക്കിന്റെ പെയിന്റ് പരിശോധിച്ച ഫൊറന്‍സിക് വിദഗ്ധര്‍, ഈ കാറുതന്നെയാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നും കണ്ടെത്തി