![](https://dailyindianherald.com/wp-content/uploads/2016/01/rss-kerala.jpg)
കൊച്ചി: ‘മിഷന് മെയ് 16’ – പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ ജില്ലാ ബിജെപി കമ്മിറ്റികളിലും വന്‍ അഴിച്ചു പണി നടത്താന്‍ ആര്‍എസ്എസ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്കി. ഹിന്ദു ഐക്യ വേദി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നു കുമ്മനം രാജശേഖരന് ബിജെപി സംസ്ഥാന പ്രസിഡന്റായതിനു പിന്നാലെ ബിജെപിയിലെ ആര്‍എസ്എസ് പിടിമുറുക്കലായാണ് എതിര്‍പക്ഷത്തു നില്ക്കുന്ന ബിജെപി നേതൃത്വം ഇതിനെ വിലയിരുത്തുന്നത്.
മൂന്നു വര്‍ഷത്തിലേറെയായി സംസ്ഥാനത്തെ ബിജെപി ജില്ലാ കമ്മിറ്റികള്‍ക്കു മാറ്റമുണ്ടായിട്ടില്ല. പല ജില്ലാ കമ്മിറ്റികളിലും പത്തു വര്‍ഷത്തിലേറെയായി ഒരു പ്രസിഡന്റ് തന്നെയാണ് ഭരിക്കുന്നതും. ഇതോടെയാണ് ജില്ലാ കമ്മിറ്റികളില്‍ അഴിച്ചു പണി നടത്തി പാര്‍ട്ടിയുടെ ഭരണം പൂര്‍ണമായും നിയന്ത്രണത്തില്‍ ആക്കാനുള്ള നിര്‍ദേശങ്ങള്‍ സംഘം അണിയറയില്‍ തയ്യാറാക്കുന്നത്.
മെയ് 2016 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയ മിഷന് മെയ് 16 എന്ന പേരില്‍ രഹസ്യ പദ്ധതിക്കാണ് ആര്‍എസ്എസ് ഇപ്പോള്‍ തയ്യാറെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് കേരളത്തില്‍ എത്തിയതും വിവിധ സംഘടനകള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയതും. ആര്‍എസ്എസ് ബിജെപി നേതൃത്വം നേരിട്ട് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതും.
ബിജെപി ജില്ലാ കമ്മിറ്റികളില്‍ പിടിമുറുക്കുന്നതു കൂടാതെ നിലവിലുള്ള എല്ലാ ആര്‍എസ്എസ് സംഘചാലക് മാര്‍ക്കും ഓരോ ജില്ലാ ഘടകത്തിന്റെയും ചാര്‍ജു കൂടി നല്‍കുന്നതിനും പദ്ധതിയുണ്ട്. ഇതുവഴി ആര്‍എസ്എസിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തനം സംസ്ഥാനത്ത് സജീവമാക്കാനാണ് ലക്ഷ്യമിടുന്നത്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് സജീവമാക്കിയാല്‍ ഇതുവഴി ബിജെപിക്കു കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും ആര്‍എസ്എസ് പ്രതീക്ഷിക്കുന്നു.