
ഉജ്ജൈന്‍: മുഖ്യമന്ത്രിയുടെ തലയ്ക്ക് വിലയിട്ട് ആര്‍എസ്സ്എസ്സ് നേതാവ് ഡോക്ടര്‍ ചന്ദ്രാവത്ത്. പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപയാണ് ഇനാമായി ആര്‍എസ്സ്എസ്സ് പ്രമുഖ് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യപ്രദേശ് എംപി ചിന്താമണി മാളവ്യയും ഉജ്ജെയിന്‍ എംഎല്‍എ മോഹന്‍ യാദവും ഉല്‍പ്പെടെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ചടങ്ങിലാണ് ആര്‍എസ്എസ് നേതാവിന്റെ കൊലവിളി. തന്റെ എല്ലാ സ്വത്തുക്കള്‍ വിറ്റാണങ്കിലും പാരിതോഷികം നല്‍കുമെന്നാണ് ആര്‍എസ്എസ് നേതാവ് വേദിയില്‍ പ്രസംഗിച്ചത്.
കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ സിപിഐഎമ്മില്‍ കുറ്റമാരോപിച്ച് ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയിലാണ് നേതാവിന്റെ കൊലവിളി. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്ന് ആര്‍എസ്എസ് ആരോപിക്കുന്നു.
300 സ്വയം സേവകരുടെ കൊലയ്ക്ക് കാരണക്കാരനായ രാജ്യദ്രോഹിയാണ് അയാള്‍. ഇയാള്‍ കരുതുന്നത് ഹിന്ദുക്കളുടെ രക്തത്തില്‍ ശിവാജിയുടെ ഗാംഭീര്യം ഇല്ലെന്നാണോ, ഇയള്‍ മനസിലാക്കിയിരിക്കുന്നത് എന്താണ്. ആ രോഷവികാരം ഇല്ലെന്നാണോ കരുതിയത്. ഡോക്ടര്‍ കുന്തന്‍ ചന്ദ്രാവത് എന്ന ഞാന്‍ ഈ വേദിയില്‍ പ്രഖ്യാപിക്കുകയാണ് ഒരു കാര്യം. സമ്പത്തുണ്ട് എന്റെ കയ്യില്‍ ആവശ്യത്തിലധികം, ഒരു കോടിയിലധികം വിലമതിപ്പുള്ള വീടുണ്ട്. ആ ധൈര്യത്തില്‍ തന്നെയാണ് ഈ പ്രഖ്യാപനം. ആ വിജയന്റെ തലവെട്ടി ആരെങ്കിലും എനിക്ക് കൊണ്ടുതരൂ, ഞാനെന്റെ വീടും സ്വത്തുമെല്ലാം അയാള്‍ക്ക് എഴുതി തരും. ഇയാളെ പോലുള്ള രാജ്യദ്രോഹികള്‍ക്ക് ഈ രാജ്യത്ത് കഴിയാന്‍ യാതൊരു അവകാശവുമില്ല. ഗോധ്രയെ മറന്നോ?. 56 പേരാണ് മരിച്ചത്, 2000 പേരെ ഖബറിസ്ഥാനിലാക്കിയില്ലേ. കുഴിക്കുള്ളിലാക്കിയില്ലെ അവരെ ഈ ഹിന്ദു സേന. 300 പ്രചാരകരയോ പ്രവര്‍ത്തകരയോ അല്ലേ നിങ്ങള്‍ കൊന്നത്? ഓര്‍ത്തോ ,3 ലക്ഷം മനുഷ്യത്തല കൊണ്ടുള്ള മാല ഭാരത മാതാവിനെ അണിയിക്കും.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ഭീഷണിയെ ചിരിച്ച് തള്ളി. ആര്‍എസ്സ്എസ്സ് പലരുടെയും തലയെടുത്തിട്ടുണ്ടെന്നും അത് പേടിച്ച് സഞ്ചാരം മുടക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.