തിരുവനന്തപുരം: നാല് ദശാബ്ദത്തിലേറെയായി സംസ്ഥാനത്ത് ആര്‍എസ്എസിന്റെ പ്രചാരകനും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി പത്മകുമാര്‍ സംഘപരിവാര ബന്ധം ഉപേക്ഷിച്ച് സിപിഎ എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനൊപ്പം വാര്‍ത്താ സമ്മേളനത്തിലാണ് പത്മകുമാര്‍ തീരുമാനം പ്രഖ്യാപിച്ചത്. കരമന മേലാറന്നൂര്‍ സ്വദേശിയായ 52 കാരന്‍ പത്താം വയസ്സില്‍ ശാഖയില്‍പോയിത്തുടങ്ങിയതോടെയാണ് ആര്‍എസ്എസില്‍ ആകൃഷ്ടനായത്. തുടര്‍ന്ന് ആര്‍എസ്എസ് കൊല്ലം താലൂക്ക് പ്രചാരക്, ചെങ്ങന്നൂര്‍ ജില്ലാ പ്രചാരക്, കെല്ലം ജില്ലാ പ്രചാരക്, കണ്ണൂര്‍- കാസര്‍കോട് ജില്ലകള്‍ ചേര്‍ന്ന വിഭാഗ് പ്രചാരക്, തിരുവനന്തപുരം- കൊല്ലം വിഭാഗ് ശാരീരിക് പ്രമുഖ് എന്നീ സ്ഥാനങ്ങള്‍ക്കൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയായിരിക്കെ അതിന്റെ സംസ്ഥാന സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കഴിഞ്ഞ പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയില്‍ ബിജെപി മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍എസ്എസ് നിയോഗിച്ച മുഖ്യചുമതലക്കാരില്‍ പ്രധാനിയുമായിരുന്നു.
ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യത്വ രഹിതമായ നിലപാടുകളും കൊലപാതക രാഷ്ട്രീയവും മാനവീകതയിലേക്ക് മടങ്ങാനുള്ള അടങ്ങാത്ത ആഗ്രഹമാണ് സിപിഎമ്മിനൊപ്പം ചേരാന്‍ പ്രേരണയായതെന്ന് പത്മകുമാര്‍ പറഞ്ഞു. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നില്ല. ആര്‍എസ്എസ് നേതാക്കളായിരുന്ന ഒ കെ വാസുവും സുധീഷ് മിന്നിയുമെല്ലാം സ്വീകരിച്ച പാതയിലേക്ക് തന്റെ മനസും ഏറെ നാളായി സഞ്ചരിക്കുകയായിരുന്നു. ഒടുവില്‍ നോട്ട് നിരോധന വിഷയത്തില്‍ സംഘപരിവാരം സ്വീകരിച്ച നിലപാട് കൂടിയായപ്പോള്‍ ഇനിയും സഹിക്കനാവില്ലെന്ന് ഉറപ്പിച്ചു.
സഹകരണ പ്രസ്ഥാനത്തെയും കേരള സമൂഹത്തെയും സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് തള്ളിവിടുമ്പോള്‍ രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് കേരളം ഒന്നാകെ ഒന്നായി നില്‍ക്കവെ അപശബ്ദവുമായി നിലകൊള്ളുന്ന ഒ രാജഗോപാല്‍ എംഎല്‍എയുടെയും കുമ്മനം രാജശേഖരന്റെയുമെല്ലാം നിലപാടുകള്‍ നാടിനെ സ്‌നേഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാവില്ല. സിപിഎമ്മിനൊപ്പം നിന്ന് ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്കുവേണ്ടി പേരാടുമെന്ന് പത്മകുമാര്‍ പറഞ്ഞു.
തലസ്ഥാന ജില്ലയിലെ ആര്‍എസ്എസ് നേതാക്കളില്‍ സീനിയറായ പത്മകുമാര്‍ സിപിഐഎമ്മിനൊപ്പം ചേര്‍ന്നതോടെ കൂടുതല്‍ പേര്‍ ആര്‍എസ്എസ് വിട്ടുവന്നിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. നിരവധിപേര്‍ ആര്‍എസ്എസ് ബന്ധം ഉപേക്ഷിക്കാന്‍ സന്നദ്ധരുമായിട്ടുണ്ട്. പത്മകുമാറിനും ആര്‍എസ്എസ് ബന്ധം വിച്ഛേദിച്ച 150 പേര്‍ക്കും സിപിഎം തലസ്ഥാനത്ത് വരും ദിവസം വന്‍ സ്വീകരണം നല്‍കും. പാര്‍ടിയുടെ സംസ്ഥാന നേതാക്കള്‍ സ്വീകരണ സമ്മേളനത്തിനെത്തുമെന്നും ആനാവൂര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി അജയകുമാറും പങ്കെടുത്തു.