കണ്ണൂര്‍: നേരത്തെ കൊല്ലപ്പെട്ട ധനരാജിനോടുള്ള സ്‌നോഹം കൊണ്ടാണ് ആര്‍എസ്എസ് നേതാവ് ബിജുവിനെ കൊന്നതെന്ന് പിടിയിലായ പ്രതി റിനീഷ്. ധനരാജ് ആര്‍.എസ്.എസിനോട് കൊല്ലപ്പെടുന്നത് വരെ ഏറ്റുമുട്ടിയിട്ടില്ല. എന്നിട്ടും അവര്‍ അത് ചെയ്തു. അതിനുള്ള പ്രതികാരമായിട്ടാണ് ഞങ്ങള്‍ തന്നെ കൊലപാതകം പ്ലാന്‍ ചെയ്തതെന്ന് റിനീഷ് പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ ധനരാജിന്റെ പേര് പറഞ്ഞ് റിനീഷ് ഒന്നിലധികം തവണ അലറികരഞ്ഞു. ഞാന്‍ തന്നെയാണ് കൊല ചെയ്തതെന്നും റിനീഷ് സമ്മതിച്ചു. ധനരാജിനെ ഇല്ലായ്മ ചെയ്തവരെ കൊന്നതിന് ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും, റിനീഷ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജുവിനെ ആയിരുന്നില്ല, ധനരാജ് കേസിലെ ഒന്നാം പ്രതിയെയായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും റിനീഷിന്റെ വെളിപ്പെടുത്തലുണ്ട്. കൊലപാതകം ആരുടെയെങ്കിലും പ്രേരണ കൊണ്ട് ചെയ്തതല്ലെന്നാണ് റിനീഷ് ചോദ്യം ചെയ്യലില്‍ ഉടനീളം പറഞ്ഞത്. ഇത് ധനരാജിന്റെ സുഹൃത്തുക്കള്‍ മാത്രം ചെയ്തതാണ്. ഇതേസമയം, പാര്‍ട്ടി പ്രദേശിക നേതാക്കള്‍ക്ക് പ്രദേശത്ത് ഒരു കൊലപാതകം നടക്കുമെന്ന വിവരം അറിയാമായിരുന്നുവെന്നും റിനീഷ് വെളിപ്പെടുത്തിയതായും സ്ഥിതീകരിക്കാത്ത വിവരമുണ്ട്.
കേസില്‍ രാമന്തളി സ്വദേശി അനൂപാണ് ഒന്നാം പ്രതി. സത്യന്‍, രജീഷ്, പ്രജീഷ്, നിതിന്‍ ജ്യോതിഷ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇവരെല്ലാം മുമ്പ് കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിന്റെ അടുത്ത സുഹൃത്തുക്കളാണ്.
അനൂപും റിനീഷും ചേര്‍ന്നാണ് ബിജുവിനെവെട്ടിക്കൊലപ്പെടുത്തിയത്. സത്യന്‍, രജീഷ്, പ്രജീഷ് എന്നിവരാണ് ഈ സമയം കാറിലുണ്ടായിരുന്നത്. ജ്യോതിഷും നിതിനും ബൈക്കില്‍ പിന്തുടരുകയായിരുന്നു. ധനരാജിന്റെ അടുത്ത സുഹൃത്തും പണയിലെ ലോറി ഡ്രൈവറുമായിരുന്നു റിനീഷ്. ബിജുവിനെ കൊലപ്പെടുത്താന്‍ മുമ്പും ശ്രമം നടത്തിയിരുന്നു. പക്ഷെ അതൊന്നും ഫലപ്രദമായില്ല. രണ്ടാഴ്ചയോളം ബിജുവിനെ പിന്തുടര്‍ന്ന് കാര്യങ്ങള്‍ പഠിച്ചശേഷമായിരുന്നു കൊലപാതകം. റിനീഷ് പൊലീസിനോട് പറഞ്ഞു.
ഇന്നോവ കാര്‍ ഒരു മാസം മുമ്പാണ് വാടകയ്ക്ക് എടുത്തത്. ഈ കാര്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ധനരാജ് കൊലക്കേസില്‍ പന്ത്രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു. വെള്ളിയാഴ്ച വൈകുന്നേരം ബിജുവും സഹൃത്ത് രാജേഷും സഞ്ചരിച്ചിരുന്ന ബൈക്ക് പാലക്കോട് പാലത്തന് സമീപത്ത് ഇന്നോവ കാര്‍ ഇടിപ്പിച്ച് വീഴ്ത്തുകയായിരുന്നു. രാമന്തളിയിലെ ബിനോയ് എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കാര്‍. ഏപ്രില്‍ 25 നാണ് ഈ കാര്‍ നിതിന്‍ വാടകയക്ക് എടുത്തത്. പിന്നീട് ഇത് ജിജേഷിന് കൈമാറുകയായിരുന്നു. കൊല നടന്ന ദിവസം ബിജുവിനോടൊപ്പം ഉണ്ടായിരുന്ന രാജേഷ് കൊലയാളികളെക്കുറിച്ച് കൃത്യമായ സൂചന നല്‍കിയിരുന്നു. കൊല്ലപ്പെട്ട ബിജു ബൈക്കിന്റെ പിന്നിലാണ് യാത്ര ചെയ്തത്.