
സ്വന്തം ലേഖകൻ
നാഗ്പൂർ: ആർഎസ്എസ് ആസ്ഥാനത്തു നിന്നു മീറ്ററുകൾ മാത്രം അകലെയാണ് ശ്രദ്ധയുട വീട്. അതുകൊണ്ടു തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾക്കു ശ്രദ്ധയും കുടുംബവും ഏറെ വില നൽകുന്നുമുണ്ട്. നവംബർ എട്ടിനു നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനത്തെ – ഡിജിറ്റൽ ഇന്ത്യ പ്രഖ്യാപനത്തെ – ഇരുകയ്യും നീട്ടിയാണ് ഈ കുടുംബം സ്വീകരിച്ചത്. ഇതിനുള്ള സമ്മാനവും പ്രധാനമന്ത്രിയുടെ കയ്യിൽ നിന്നും ഈ കുടുംബത്തിനു ലഭിക്കുകയും ചെയ്തു.
പണരഹിത ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലക്കി ഗ്രാഹക് യോജന പ്രകാരമുള്ള ഒരു കോടി രൂപ സമ്മാനമാണ് ഇരുപതുകാരിയായ ശ്രദ്ധ മെംഗ്ഷെട്ടെയ്ക്കു ലഭിച്ചത്. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് 20കാരിയായ ശ്രദ്ധ സമ്മാനം നേടിയത്.
നാഗ്പൂരിൽ നിന്നും മഹാരാഷ്ട്രയിലെ ലാത്തൂരിലേയ്ക്കു കഴിഞ്ഞ ദിവസമാണ് ശ്രദ്ധയും കുടുംബവും താമസം മാറിയത്. ശ്രദ്ധ ഇലക്ട്രിക്കൽ എഞ്ചിനിയറിങ് രണ്ടാം വർഷ വിദ്യാർഥിയാണ്. പുതിയതായി വാങ്ങിയ മൊബൈൽ ഫോണിൻറെ ഇഎംഐ ആയ 1,590 രൂപ റൂപേ കാർഡ് വഴി ഓൺലൈൻ ആയി അടച്ചാണ് ശ്രദ്ധ മത്സരത്തിൽ പങ്കെടുത്തത്. സമ്മാനം നേടിയ ശ്രദ്ധയെ പ്രധാന മന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനായി സർക്കാർ പ്രഖ്യാപിച്ച ലക്കി ഗ്രാഹക് ജോയന, ഡിജിധൻ വ്യാപാർ യോജന എന്നിവ 100 ദിവസത്തെ ബോധവത്കരണത്തിനു ശേഷം അവസാനിച്ചു. 16 ലക്ഷം പേർക്ക് 258 കോടിയോളം രൂപയുടെ സമ്മാനങ്ങളാണ് ഇരു പദ്ധതികൾക്കും കീഴിൽ വിതരണം ചെയ്തത്.