ന്യൂഡല്‍ഹി: കേരളത്തില്‍ വിജയ പ്രതീക്ഷയുള്ള പ്രധാന മണ്ഡലങ്ങള്‍ ഒഴികെ ബാക്കിയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് പരോക്ഷമായ പിന്തുണ നല്‍കാന്‍ സംസ്ഥാന ബിജെപി ഘടകത്തോട് ആര്‍എസ്എസ് ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന സംഘപരിവാര സംഘടനകളുടെ ഉന്നതാധികാര സമിതിയിലാണ് കേരളത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്താതിരിക്കാന്‍ പ്രായോഗികമായ നയം സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. കേരളത്തില്‍ ഒരു തവണ കൂടി ഇടതുപക്ഷം അധികാരത്തില്‍ നിന്ന് മാറി നിന്നാല്‍ മാത്രമേ ബിജെപിക്ക് ശക്തമായ മുന്നേറ്റം നടത്താനാവൂ എന്ന കണക്കൂകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന് വോട്ട് മറിക്കേണ്ടിവരുമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.
സിപിഎം സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തല്‍ മുഖ്യഅജണ്ടയാക്കി മാറ്റാനാണ് ആര്‍എസ്എസ് നിര്‍ദ്ദേശമനുസരിച്ച് ബിജെപി സംസ്ഥാന ഘടകവും നീക്ക് പോക്കുകള്‍ നടത്തുന്നത്. അടുത്ത അഞ്ച് വര്‍ഷം കേരളത്തില്‍ സിപിഎം നേതൃത്വത്തിലുള്ള മുന്നണി ഭരണം കയ്യാളിയാല്‍ ബിജെപിയക്ക് ഒരടി മുന്നോട്ട നീങ്ങാന്‍ കഴിയില്ലെന്നും ആര്‍എസ്എസ് വിലയിരുത്തുന്നു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് സിപിഎമ്മിന്റെ പരാജയം ഉറപ്പാക്കണമെന്ന നിലപാട് തന്നെയാണ് ദേശിയ നേതൃത്വത്തിലെ ബിജെപി നേതാക്കള്‍ക്കുമുള്ളത്. പ്രധാനമായും വിജയ പ്രതീക്ഷ പുലര്‍ത്തുന്ന പത്ത് സീറ്റുകളില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഇതിനുപകരമായി നേടാനാകുമെന്നും ബിജെപി സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു.
വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കുന്ന ബിഡിജെഎസ് ഈ നിര്‍ദ്ദേശം നടപ്പാക്കാന്‍ നേരത്തെ തന്നെ സംഘപരിവാര നേതൃത്വം അനുമതി നല്‍കിയിരുന്നു. ഇടതുപക്ഷത്തിന്റെ പരാജയത്തില്‍ മാത്രമേ വെള്ളപ്പള്ളിയുടെ പാര്‍ട്ടിക്കും മുന്നോട്ട് പോകാന്‍ കഴിയുകയുള്ള എന്ന തിരച്ചറിവും ഈ നീക്കത്തിനു പിന്നിലുണ്ട്. മുന്നോ നാലോ സീറ്റുകള്‍ നേടി കേരളത്തില്‍ അക്കൊണ്ട് തുറക്കുകയും യുഡിഎഫ് ഭരണത്തില്‍ തിരിച്ചെത്തുകയും ചെയ്താല്‍ കേരളത്തില്‍ ബിജെപിയ്ക്ക് ബംഗാളില്‍ നേടിയ മുന്നേറ്റം കാഴ്ച്ചവയ്ക്കാനുമെന്നും ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നു. ബംഗാളില്‍ ഇടതുപാര്‍ട്ടികളെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ആദ്യഘട്ടത്തില്‍ മമതയ്‌ക്കൊപ്പം നിന്ന അതേ നയം തന്നെയാണ് കേരളത്തിലും പരീക്ഷിക്കാനൊരുങ്ങുന്നത്.
ബി.ജെ.പിബി.ഡി.ജെ.എസ് സഖ്യത്തിന് വരുംകാലത്ത് ശക്തമായി മുന്നോട്ടുപോകണമെങ്കില്‍ ഇടതുമുന്നണിയുടെ തകര്‍ച്ച അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ഈ തെരഞ്ഞെടുപ്പില്‍ അവരെ പരാജയപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നത്.
സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളെയെല്ലാം പരാജയപ്പെടുത്തുന്നതിന് വളരെ ശക്തമായ പരിശ്രമമാണ് വെള്ളാപ്പളളിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഒരിക്കല്‍ കൂടി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ പിന്നെ തങ്ങളുടെ ഭാവിശോഭനമാകുമെന്ന വിലയിരുത്തലാണ് ബി.ജെ.പിക്കുളളത്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടാണ് സംസ്ഥാനത്ത് ബി.ജെ.പിക്ക് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഉയര്‍ന്ന ന്യൂനപക്ഷ കേന്ദ്രീകൃതമായ ആരോപണങ്ങളാണ് ഇതിന് കാരണം. മാത്രമല്ല, സി.പി.എമ്മിന്റെ ശക്തികുറയ്ക്കുന്നതിനായി ഭരണതലത്തില്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ഉമ്മന്‍ചാണ്ടി ചെയ്യുകയും ചെയ്തു. ഈ രണ്ടുകാരണങ്ങള്‍ കൊണ്ട് ബി.ജെ.പി വമ്പിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ഒരിക്കല്‍ കൂടി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണമെന്നാണ് ബി.ജെ.പിയുടെ നിലപാട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിന്റെ അറിവോട് കൂടെയുള്ള പരസ്യമായ വിലപേശലിനായിരിക്കും അടുത്ത ദിവസങ്ങല്‍ രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കുക .