കണ്ണൂര്‍ ∙ ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. ബിജുവിന്റെ മൃതദേഹം ബിജെപി–ആര്‍എസ്എസ് നേതാക്കളുടെയും വന്‍ ജനാവലിയുടെയും സാന്നിധ്യത്തില്‍ കക്കംപാറയില്‍ സംസ്കരിച്ചു.
ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. പരിയാരത്ത് അക്രമസംഭവങ്ങളുണ്ടായി. അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട്ട് ബിജുവിന്റെ കൊലപാതകം കണ്ണൂര്‍ ജില്ലയില്‍ നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്ക് അനുകൂലമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു. കൊലപാതകം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും പിണറായി വിജയന്‍ .
സംഭവ സമയത്ത് കൊല്ലപ്പെട്ട ബിജുവിന്‍റെ ബൈക്കിന് പിന്നിലുണ്ടായിരുന്ന സുഹൃത്ത് രാജേഷിന്‍റെ പരാതിയിലാണ് നടപടി.സംഭവത്തില്‍ പോലീസിന് ഇതുവരെ തുന്പൊന്നും ലഭിച്ചിട്ടില്ല. ബിജുവിന്‍റെ പിന്നാലെ ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷമാണ് കഴുത്തിന് വെട്ടിയത്. വാഹനത്തിലുണ്ടായിരുന്ന നാല് പേരാണ് പുറത്തിറങ്ങി ആക്രമണം നടത്തിയത്. മുഖംമൂടി ധരിച്ചായിരുന്നു അക്രമി സംഘം വന്നത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.