![](https://dailyindianherald.com/wp-content/uploads/2016/01/bjp-1.jpg)
കോട്ടയം: വര്‍ഷങ്ങളോളം കേരള കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിട്ടും നിയന്ത്രിക്കാന്‍ തയ്യാറാകാത്ത റബര്‍ ഇറക്കുമതി അര്‍ധരാത്രിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്നു സൂചന. കേരളത്തില്‍ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ട് ആര്‍എസ്എസും ബിജെപി കേന്ദ്ര നേതൃത്വവും നടത്തുന്ന നീക്കങ്ങള്‍ ഊട്ടിഉറപ്പിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ മാണിയുടെ മകന്റെ സമരം വിജയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കത്തിലൂടെ പുറത്തു വന്നിരിക്കുന്നത്.
മാര്‍ച്ച് 31 വരെ രാജ്യത്തേയ്ക്കുള്ള റബര്‍ ഇറക്കുമതി നിരോധിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കേരളത്തില്‍ മാര്‍ച്ച് ഒന്നിനു തന്നെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമുണ്ടാകും. ഇതിനു മുന്‍പ് കേരള കോണ്‍ഗ്രസുമായി ധാരണയില്‍ എത്തുന്നതിനാണ് ഇപ്പോള്‍ ബിജെപി നേതൃത്വം സമരത്തിനു അനുകൂലമായ തീരുമാനം എടുത്തിരിക്കുന്നത്. ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കെതിരായ സമരം ബിജെപി സംസ്ഥാന നേതൃത്വം അവസാനിപ്പിച്ചതിനു പിന്നിലും ഇതേ അജണ്ട തന്നെയാണും ഇതോടെയ വ്യക്തമായിരിക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 80 സീറ്റാണ് ബിജെപി മുന്നണി ലക്ഷ്യം വയ്ക്കുന്നത്. 140 നിയോജക മണ്ഡലങ്ങളിലും ബിജെപിയും സഖ്യകക്ഷികളും മത്സരിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. കേരള കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായാല്‍ 30 സീറ്റെങ്കിലും അധികമായി നേടാനാവുമെന്നും ആര്‍എസ്എസ് നേതൃത്വം കണക്കു കൂട്ടുന്നു. ഇതിനായി സംസ്ഥാനത്തെ അറുപതിനായിരം ശാഖകള്‍ വഴി ആര്‍എസ്എസ് നേതൃതം കണക്കെടുപ്പും തുടങ്ങിക്കഴിഞ്ഞു. ഇതുവരെ പ്രത്യക്ഷമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാതിരുന്ന ആര്‍എസ്എസ് നേതൃത്വം സംസ്ഥാന ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടു കൂടി തന്നെ മുന്നോട്ടു പോകുന്നു എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കേരള കോണ്‍ഗ്രസിനു കേന്ദ്രമന്ത്രി സ്ഥാനവും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ട് എംപിമാരുള്ള കേരള കോണ്‍ഗ്രസില്‍ ജോസ് കെ.മാണിക്കു തന്നെ കേന്ദ്ര മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.