തിരഞ്ഞെടുപ്പിനു മുൻപ് ബിജെപിക്കു തിരിച്ചടി; റബർ ബോർഡ് ആസ്ഥാനം കേരളത്തിനു നഷ്ടമാകും

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കി, സംസ്ഥാനത്തെ ലക്ഷകണക്കിന് റബർ കർഷകരെ പ്രതിസന്ധിയിലേയ്ക്കു തള്ളിവിട്ട് റബർ ബോർഡ് ആസ്ഥാനം കേരളത്തിൽ നിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പറിച്ചു നടുന്നു.
റബർ ബോർഡിൻറെ കോട്ടയത്തെ ആസ്ഥാനം പ്രവർത്തനരഹിതമാക്കി റബർകൃഷിയിൽ കേരളത്തോട് മത്സരിക്കുന്ന ത്രിപുര, അസം, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ആസ്ഥാനം മാറ്റി സ്ഥാപിക്കാനാണ് നീക്കം. ബോർഡിൻറെ പ്രധാന ഓഫിസുകളാണ് ഈ സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. ഇതിനു ശേഷം പൂർണതോതിൽ കേന്ദ്രം മാറ്റിസ്ഥാപിക്കാനും ലക്ഷ്യമുണ്ട്. ഈ പ്രദേശങ്ങളിലെ റബർ കൃഷിയെ പരിപോക്ഷിപ്പിക്കാനാണെന്ന പേരിലാണ് നടപടി.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബോർഡ് കർഷകർക്കുള്ള സാമ്പത്തിക സഹായങ്ങൾ നിർത്തി. ഇതേ തുടർന്ന് ബോർഡിൻറെ റിസർച്ച് വിഭാഗം ഏറെക്കുറെ നിലച്ചമട്ടാണ്. കഴിഞ്ഞ സാമ്പത്തീക വർഷം 40 കോടി രൂപയാണ് സബ്‌സിഡി ഇനത്തിൽ കർഷകർക്ക് കുടിശികയായി നൽകാനുണ്ട്. വാണിജ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന റബർബോർഡിൻറെ വിഹിതം കേന്ദ്രസർക്കാർ ഗണ്യമായി വെട്ടികുറച്ചിരിക്കുയാണ്. ബോർഡിൻറെ ദൈന്യംദിന പ്രവർത്തനങ്ങൾക്ക് 130 കോടി രൂപ ചെലവ് വരും. എന്നാൽ കഴിഞ്ഞ ബജറ്റിൽ 132 കോടി രൂപയാണ് റബർ ബോർഡിന് അനുവദിച്ചിരിക്കുന്നത്. 201415 സാമ്പത്തിക വർഷം 201 കോടി രൂപയാണ് ബജറ്റ് വിഹിതമായി ബോർഡിന് ലഭിച്ചത്. 69 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. നാമാത്രമായ ഈ തുടകൊണ്ട് കുടിശികപോലും നൽകുവാൻ സാധിക്കുകയില്ലെന്ന് റബർ ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കി.
അസാം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ കേന്ദ്രത്തിനായി പ്രത്യേക സ്ഥലങ്ങളും കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വൈകാതെ ഇവിടങ്ങളിൽ ബോർഡിൻറെ പ്രമുഖ ഓഫീസുകൾ പ്രവർത്തനം ആരംഭിക്കാനാണ് നീക്കം. റബർ ബോർഡിൻറെ പ്രവർത്തനം തന്നെ ഇപ്പോൾ താളം തെറ്റിയ നിലയിലാണ്.
2014ൽ ഷീല തോമസ് പോയശേഷം ബോർഡിന് സ്ഥിരം ചെയർമാനെ ലഭിച്ചിട്ടില്ല. സ്‌പൈസസ് ബോർഡ് ചെയർമാൻ എ. ജയതിലകന് റബർബോർഡിൻറെ അധികചുമതല നൽകിയിരിക്കുകയാണ്.റബർബോഡ് പുന:സംഘടനയും അനന്തമായി നീളുകയാണ്. ചെയർമാൻ പദവിയും റബർബോർഡ് സെക്രട്ടറി, പ്രൊഡക്ഷൻ കമീഷണർ ഉൾപ്പെടെയുള്ള സ്ഥാനങ്ങളും ഉൾപ്പെടെ 10ലേറെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സർക്കാറിന്റെയും കമ്പനികളുടെയും കർഷകരുടെയും പ്രതിനിധികൾ ഉൾപ്പെട്ട 29 അംഗ റബർ ബോർഡിൻറെ കാലാവധി തീർന്നിട്ടും ഒന്നര വർഷമായി.
സംസ്ഥാനത്ത് റബർകൃഷിയുടെ വ്യാപനത്തിന് റബർബോർഡ് നിർണായക പങ്കാണ് വഹിച്ചത്. മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി കേരളത്തെ റബർ ഉൽപാദനത്തിൻറെ മുൻനിരയിലെത്തിച്ചതിലും ബോർഡിൻറെ പ്രവർത്തനം ഏറെ സഹായകമായി. പ്രതിവർഷം ആറുലക്ഷം മെട്രിക് ടൺ റബറാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. രണ്ടാംസ്ഥാനത്ത് ത്രിപുരയും മൂന്നാമത് കർണാടകവുമാണ്. റബർ ബോർഡിൻറെ ആസ്ഥാനം മാറിയാൽ സംസ്ഥാനത്തെ റബർ കർഷകർക്ക് ഈ മേഖലയിലെ നവീനമായി സാങ്കേതിക വിദ്യകളും സഹായങ്ങളും നഷ്ടമാകുമെന്നാണ് വിലയിരുത്താൽ. അസ്ഥാനം കേരളത്തിൽ നിന്നും മാറ്റിസ്ഥാപിച്ചാൽ റബർമേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടി ക്കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top