സ്വന്തം ലേഖകൻ
കോട്ടയം : റബ്ബർബോർഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ പാലാ, കാഞ്ഞിരപ്പളളി എന്നിവിടങ്ങളിലുൾപ്പെടെ 7 സ്ഥലങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്ന പ്രദേശിക ലാബോറട്ടറികൾ നിർത്തലാക്കാനുള്ള റബ്ബർ ബോർഡ് തീരുമാനം പിൻവലിക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു.
റബർ ബോർഡ് എടുത്തിട്ടുളള തീരുമാനം അങ്ങേയറ്റം കർഷക വിരുദ്ധമാണ്. ലാറ്റെക്‌സിന്റെ ഉഞഇ നിശ്ചയിച്ച് വില നിർണ്ണയിക്കുകയും കൂടാതെ മണ്ണ്, ഇല മുതലായവ പരിശോധിച്ച് വളപ്രയോഗവും, കീടബാധ പ്രതിരോധവും ഒക്കെ സാധിക്കുന്നതിന് കർഷകർക്കുണ്ടായിരുന്ന സൌകര്യമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്.
ഇപ്പോൾ ഈ ലാബോറട്ടറികളുട പ്രവർത്തനം റബ്ബർ പാൽ വിപണന കമ്പനികൾക്ക് ഏൽപ്പിച്ചുകൊടുത്തിരിക്കുകയാണ്. ഇതുവഴി റബ്ബർ പാലിന്റെ ഗുണനിലവാരം കർഷകനിൽ നിന്നും റബ്ബർപാൽ സംഭരിക്കുന്ന കമ്പനികൾ തന്നെ നിശ്ചയിക്കുന്ന കർഷക താത്പര്യത്തിന് വിരുദ്ധമായ സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
ഇത് കർഷക ദ്രോഹ സമീപനമാണ്. ഇത് തിരുത്താൻ റബ്ബർബോർഡും കേന്ദ്രഗവൺമെന്റും തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തിന്റെ ഔദ്യോഗിക പ്രമേയം കേന്ദ്രവാണിജ്യ മന്ത്രാലയത്തിനും റബ്ബർബോർഡിനും അയച്ചുകൊടുത്തിട്ടുളളതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.