റബര്‍കര്‍ഷകര്‍ക്കു വേണ്ടി ജോസ് കെ മാണിയുടെ നാടകം; സമരം അനിശ്ചിതകാലത്തേയ്ക്ക്; മൈതാനം ബൂക്ക് ചെയ്തിരിക്കുന്നത് മൂന്നു ദിവസത്തേയ്ക്ക്

കോട്ടയം: അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്ന കേരള കോണ്‍ഗ്രസ് എംപി ജോസ് കെ.മാണി തിരുനക്കര മൈതാനം ബുക്ക് ചെയ്തിരിക്കുന്നത് മൂന്നു ദിവസത്തേയ്ക്ക്. റബര്‍ കര്‍ഷകര്‍ക്കു വേണ്ടിയെന്ന പേരില്‍ ത്യാഗം സഹിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന കേരള കോണ്‍ഗ്രസ് നേതാക്കളാണ് ഇപ്പോള്‍ നിരാഹാര നാടകവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
റബര്‍ വില 200 രൂപയാക്കുക കാര്‍ഷിക വിളകള്‍ക്കു ന്യായവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു് കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസ് കെ.മാണി എംപി നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം നാളെ മുതലാണ് നഗരത്തില്‍ ആരംഭിക്കുന്നത്. കര്‍ഷക പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടു ജോസ് കെ.മാണി നടത്തുന്ന നിരാഹാര സമരത്തിനു മുന്നോടിയായി സംസ്ഥാനത്തെമ്പാടുമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നു കേരള കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ജില്ലാ കേന്ദ്രത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെങ്കിലും, സംസ്ഥാന തലത്തില്‍ നിന്നുള്ള കര്‍ഷക പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും.
ഗാന്ധിസ്‌ക്വയറില്‍ തിരുനക്കര മൈതാനത്തിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരിക്കും ജോസ് കെ.മാണി എംപിയുടെ നിരാഹാര സത്യാഗ്രഹം നടക്കുക. 18 നു രാവിലെ പത്തിനു പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ ആശുപത്രി പരിസരത്തു നിന്നു പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്ന് ജോസ് കെ.മാണി എംപിയെ സ്വീകരിക്കും. തുടര്‍ന്നു തിങ്ങിനിറഞ്ഞ പ്രവര്‍ത്തകര്‍ക്കിടയിലൂടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാവും സമരവേദിയിലേയ്ക്കു ജോസ് കെ.മാണി എത്തുക. തുടര്‍ന്നു ഉദ്ഘാടനത്തിനു ശേഷം എംപിയുടെ ഉപവാസ സമരം ആരംഭിക്കും. റബര്‍കര്‍ഷകരരുടെയും കാര്‍ഷിക മേഖലയുടെയും പ്രശ്‌നങ്ങള്‍ നെഞ്ചേറ്റുവാങ്ങി ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ എംപിക്കു അഭിവാദ്യം അര്‍പ്പിച്ചു ഒപ്പം ഉപവസിക്കും. കേരള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെ നേതാക്കള്‍ വേദിയില്‍ എംപിക്കു അഭിവാദ്യം അര്‍പ്പിക്കുന്നതിനു എത്തിച്ചേരും.
നിരാഗഹാര സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജോസ് കെ.മാണിക്കു അഭിവാദ്യം അര്‍പ്പിച്ചു വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റികളുടെയും, യൂത്ത് ഫ്രണ്ടിന്റെയും, വിവിധ കര്‍ഷക സംഘടനകളുടെയും നേതൃത്വത്തില്‍ ഉപവാസ സമരവും സംഘടിപ്പിച്ചിട്ടുണ്ട്. എം.പിയുടെ നിരാഹാരം നടക്കുന്ന അത്രയും ദിവസം ഈ ജില്ലാ കമ്മിറ്റികളും ഉപവാസന സമരം സംഘടിപ്പിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
റബറിന്റെ വില കിലോയ്ക്കു 200 രൂപ ഉറപ്പാക്കുക. വിലസ്ഥിരതാ ഫണ്ടില്‍ നിന്നും കര്‍ഷകര്‍ക്കു സബ്‌സിഡി അനുവദിക്കുന്നതിനു തുക നല്‍കുക, റബര്‍ ഇറക്കുമതി പൂര്‍ണമായും നിരോധിക്കുക, റബര്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു സ്വതന്ത്ര ചെയര്‍മാനെ നിയമിക്കുക, ബില്ലുകള്‍ ഒറ്റതവണയായി പണം നല്‍കാന്‍ നടപടി സ്വീകരിക്കുക, റബറിനു ന്യായമായ വില ലഭിക്കും വരെ കര്‍ഷകരുടെ എല്ലാ നികുതിയും എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാര സമരം നടക്കുന്നത്.

Top