പെരുമ്പാവൂര്‍: റബ്ബര്‍ വിലയിടിവ് നട്ടംതിരിച്ച കര്‍ഷകര്‍ക്ക് പ്രതിസന്ധി മറികടക്കാന്‍ ഫാക്ടറി. ചെറുകിട കര്‍ഷകര്‍ക്കു പൂര്‍ണ നിയന്ത്രണമുള്ള ടയര്‍ ഫാക്ടറി സ്ഥാപിക്കാന്‍ കര്‍ഷക കൂട്ടായ്മ. ഇരുചക്ര-മുച്ചക്ര വാഹനങ്ങളുടെ ടയര്‍ നിര്‍മിക്കുന്ന റബര്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയാണ് 100 കോടി രൂപ മുതല്‍മുടക്കില്‍ പെരുമ്പാവൂരിനു സമീപം ഐരാപുരം റബര്‍ പാര്‍ക്കില്‍ ഫാക്ടറി ആരംഭിക്കുന്നത്. എട്ടേക്കറോളം സ്ഥലം വാങ്ങി അവിടെ ഫാക്ടറി സ്ഥാപിക്കാനാണ് കമ്പനിയുടെ നീക്കം. ഇതിനുള്ള നടപടിക്രമങ്ങള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. 2020 മധ്യത്തോടെ പുതിയ ഫാക്ടറിയില്‍ ടയര്‍ ഉത്പാദനം ആരംഭിക്കത്തക്ക വിധത്തിലാണ് പ്രവര്‍ത്തനം. സ്വാഭാവിക റബര്‍ ഉപയോഗിച്ചുള്ള മറ്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കാനും ലക്ഷ്യമിടുന്നുണ്ട്.
വന്‍കിട ടയര്‍കമ്പനികള്‍ സ്വാഭാവിക റബറിന്റെ വില കുറച്ച് ചെറുകിട കര്‍ഷകരെ ചൂഷണം ചെയ്ത് വരികയായിരുന്നു. അങ്ങനെയാണ് കര്‍ഷകര്‍തന്നെ നിയന്ത്രിക്കുന്ന ടയര്‍ ഫാക്ടറിയെന്ന ആശയം ഉടലെടുത്തത്. ആഗോളവത്കരണത്തിന്റെ ഭാഗമായി ഒപ്പുവച്ച കരാറുകളുടെ ഫലമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിപണിയില്‍ ഇടപെടുന്നതിന് പരിമിതികളുണ്ട്. ഇതും കര്‍ഷകര്‍ക്ക് വലിയ ആഘാതമായി. ഇതോടെയാണ് കര്‍ഷകര്‍തന്നെ നിയന്ത്രിക്കുന്ന ടയര്‍ ഫാക്ടറിയെന്ന ആശയത്തിന് ചിറകു മുളയ്ക്കുന്നത്. ഈയിടെ പാലായില്‍ നടന്ന റബര്‍ ഉത്പാദക സംഘങ്ങളുടെ സംസ്ഥാന യോഗമാണ് ഫാക്ടറി തുടങ്ങാന്‍ തീരുമാനിച്ചത്.
രണ്ടു വര്‍ഷത്തെ ചര്‍ച്ചകളും പഠനങ്ങളും പരിശീലന പരിപാടികളും നടത്തിയ ശേഷമാണു ടയര്‍ ഫാക്ടറിയെന്ന ആശയത്തിന് അടിത്തറയായത്. റബര്‍ കൃഷിയും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ അടങ്ങിയ വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ച് ചര്‍ച്ചകളും പഠനങ്ങളും നടത്തി. സംസ്ഥാനത്തു റബര്‍ ബോര്‍ഡിനു കീഴിലുള്ള 1647 റബര്‍ ഉത്പാദക സംഘങ്ങളിലെ കര്‍ഷകരില്‍ നിന്നു ഷെയര്‍ സ്വീകരിച്ചാണ് കമ്പനിയുടെ മൂലധനം കണ്ടെത്തുന്നത്.