രാഷ്ട്രീയ ലേഖകന്‍
കോട്ടയം: റബര്‍ വിഷയത്തില്‍ കേന്ദ്രത്തില്‍ നിന്നു ഉറപ്പുകള്‍ ലഭിച്ചെന്ന ജോസ് കെ.മാണി എംപിയുടെ പ്രഖ്യാപനത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളിപ്പറഞ്ഞത് മാണിയില്‍ നിന്നും ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലെന്നു സൂചന. യുഡിഎഫ് വിട്ട് ബിജെപി സഖ്യത്തിനൊപ്പം പോകുന്നതിനായി മാണിയും അമിത്ഷായും തമ്മില്‍ കോട്ടയത്ത് നാളെ ചര്‍ച്ച നടത്തുമെന്നു സൂചനകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ജോസ് കെ.മാണിക്കു ഉറപ്പു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍, ചര്‍ച്ചയില്ലെന്ന നിലപാട് കെ.എം മാണി സ്വീകരിച്ചതോടെയാണ് കേന്ദ്രം റബര്‍ വിഷയത്തില്‍ പിന്നാക്കം പോയത്.
റബര്‍ വിഷയത്തില്‍ അനൂകൂല തീരുമാനമെടുത്ത് കേരള കോണ്‍ഗ്രസിനെ കേരളത്തില്‍ ബിജെപിക്കൊപ്പം കൂട്ടാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നാളെ അമിത്ഷാ ജില്ലയിലെത്തുമ്പോള്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കൂടിയായ കെ.എം മാണി ചര്‍ച്ച നടത്തുമെന്നും, അപ്പോള്‍ റബര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുമെന്നുമായിരുന്നു തീരുമാനം. എന്നാല്‍, യുഡിഎഫ് നേതാക്കളുടെയും ഉമ്മന്‍ചാണ്ടിയുടെയും നേരിട്ടുള്ള ഭീഷണിയെ തുടര്‍ന്നു അമിത്ഷായുമായുള്ള ചര്‍ച്ച കെ.എം മാണി വേണ്ടെന്നു വയ്ക്കുകായയിരുന്നു.
ഈ സമയം തന്നെയാണ് ജോസ് കെ.മാണി കേന്ദ്ര സര്‍ക്കാരിലെ വാണിജ്യമന്ത്രി നിര്‍മല സീതാരാമനുമായി റബര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുകയായിരുന്നു. മാണിയും അമിത്ഷായും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷം പ്രഖ്യാപനങ്ങളുണ്ടാകുമെന്നായിരുന്നു ജോസ് കെ.മാണിക്കു കേന്ദ്രം നല്‍കിയ ഉറപ്പ്. എന്നാല്‍, പ്രഖ്യാപിത ധാരണയില്‍ നിന്നു വ്യതിചലിച്ച ജോസ് കെ.മാണി കേന്ദ്രം ഉറപ്പു നല്‍കിയതായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് കേന്ദ്രത്തെ ചൊടിപ്പിച്ചു. ഇതു കൂടാതെ അമിത്ഷായുമായുള്ള ചര്‍ച്ചയില്‍ നിന്നു കെ.എം മാണി പിന്‍വിങ്ങിയതും ബിജെപി കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചു. ഇതേ തുടര്‍ന്നാണ് കേന്ദ്രം ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന രീതിയില്‍ പ്രസ്താവന പുറത്തിറക്കിയത്.