റബര്‍ വിലയിടിവില്‍ നട്ടംതിരിഞ്ഞ കര്‍ഷകര്‍ക്ക് ആശ്വാസമായി വില വര്‍ധനവ്; 85 ല്‍ നിന്നും 130 രൂപയായി

കോട്ടയം: കുത്തനെയിടിഞ്ഞി റബര്‍ വിലയിടവില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി വില വര്‍ദ്ധനവ്. 85 രൂപയുണ്ടായിരുന്നു റബറിന് കഴിഞ്ഞ ദിവസങ്ങളില്‍ 130 രൂപവരെയാണ് ലഭിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധന ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നതു കര്‍ഷകര്‍ക്കു പ്രയോജനപ്രദമാകും. ക്രൂഡ് ഓയില്‍ വില കൂടിയതിനൊപ്പം റബറിന് ക്ഷാമവും അനുഭവപ്പെട്ടതോടെയാണു അന്താരാഷ്ട്ര വിപണിയില്‍ വിലവര്‍ധിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണു കേരളത്തിലും നേരിയ തോതില്‍ വില വര്‍ധിച്ചത്.

ബുധനാഴ്ച ആര്‍എസ്എസ് നാലാം ഗ്രേഡ് റബറിന് നാലുരൂപ കൂടി 132 രൂപയായി. അഞ്ചാം ഗ്രേഡിന് 130 രൂപയാണ് റബര്‍ ബോര്‍ഡ് വില. ചൊവ്വാഴ്ച നാലാം ഗ്രേഡിന്റെ വില 128 രൂപയായിരുന്നു. അതേസമയം, ബുധനാഴ്ച 129 രൂപയ്ക്കാണ് വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങിയത്. ഫെബ്രുവരി ആദ്യം ആര്‍എസ്എസ് നാലിന് 91ഉം അഞ്ചിന് 87ഉം രൂപ വരെയായി വിലകുറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പലര്‍ക്കും 85 രൂപവരെ മാത്രമാണ് ലഭിച്ചിരുന്നത്. റബര്‍ ബോര്‍ഡ് നിശ്ചയിച്ച ഈ വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങിയിരുന്നതെന്നതിനാലാണിത്രയും കുറഞ്ഞ വില. പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് റബര്‍ കൂപ്പുകുത്തിയതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായിരുന്നു. വില കുത്തനെ കുറഞ്ഞതോടെ പലരും ടാപ്പിങ്ങും നിര്‍ത്തിയിരുന്നു.

വേനല്‍ കടുത്തതോടെ ഇപ്പോള്‍ ഭൂരിപക്ഷം ഭാഗങ്ങളിലും ടാപ്പിങ് നടക്കുന്നില്ല. അതിനാല്‍, വില ഉയര്‍ന്നുതുടങ്ങിയെങ്കിലും വിറ്റഴിക്കാന്‍ കൈയില്‍ റബറില്ലെന്നതാണ് സ്ഥിതി. ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോഴത്തെ വിലയും ഒട്ടും പര്യാപ്തമല്ലെന്നു കര്‍ഷകര്‍ പറയുന്നു. എന്നാല്‍, വില ഉയരുന്ന പ്രവണത പ്രതീക്ഷ പകരുന്നെന്നും വിലയിരുത്തലുണ്ട്.

റബര്‍ വില ബാങ്കോക്ക്, ടോക്കിയോ വിപണികളിലും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. തായ്‌ലന്‍ഡും ഇന്തോനേഷ്യയും മലേഷ്യയും ചേര്‍ന്ന് കയറ്റുമതി പരിമിതപ്പെടുത്തിയതും റബര്‍ ഉല്‍പാദനം പല മേഖലകളിലും കുറഞ്ഞതും വില കയറുന്നതിന് അനുകൂല ഘടകങ്ങളായി. ചൈന, സിംഗപ്പൂര്‍ വിപണികളിലും വില കയറിയിട്ടുണ്ട്. ക്രൂഡ്ഓയിലിന്റെ വില വര്‍ധിച്ചതോടെ സിന്തറ്റിക് റബറിന്റെ ഉല്‍പാദനം കുറഞ്ഞത് അന്താരാഷ്ട്ര വിപണിയില്‍ സ്വാഭാവിക റബറിന് ഡിമാന്‍ഡ് വര്‍ധിപ്പിച്ചിരിക്കുകയുമാണ്.

Top