സ്വന്തം ലേഖകൻ
കോട്ടയം: സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളായ റബ്‌കോയിലും വിസ്മയ പാർക്കിലും കള്ളപ്പണ നിക്ഷേപമുള്ളതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. കോട്ടയം പ്രസ്‌ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് സിപിഎമ്മിനെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കിയ ആരോപണവുമായി കെ.സുരേന്ദ്രൻ രംഗത്ത് എത്തിയത്. നോട്ട് നിരോധനത്തിന്റെ മറവിൽ ഹർത്താൽ നടത്തിയും സമരം നടത്തിയും കേന്ദ്ര സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള സംഘടിത ആസൂത്രിത ഗൂഡാലോചനയാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നു ബിജെപി സംസ്ഥാന ജനറൽ കെ.സുരേന്ദ്രൻ ആരോപിച്ചു. സഹകരണ സ്ഥാപനങ്ങളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കാൻ സിപിഎം നേതൃത്വം തന്നെ കൂട്ടു നിൽക്കുകയാണ്. സഹകരണ ബാങ്കുകളിലെ കോടികളുടെ നിക്ഷേപം പലരുടെ പേരിൽ ചെറു നിക്ഷേപങ്ങളാക്കി മാറ്റി വെളുപ്പിക്കുന്നതിനുള്ള നടപടികളാണ് സിപിഎം നേതൃത്വം നടത്തുന്നത്. ഇതിനായി സഹകരണ ബാങ്ക് മേധാവികൾക്കു അഡ്വ.ജനറൽ സി.പി സുധാകർ പ്രസാദ് തന്നെ നേരിട്ടെത്തി നിർദേശം നൽകുകയായിരുന്നു. ഇതിനായി കോട്ടയം അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിലാണ് ബാങ്ക് പ്രതിനിധികളുടെ യോഗം ചേർന്നത്. ഇവിടെ കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ട നിർദേശങ്ങൾ നൽകുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്കു കെവൈസി ഏർപ്പെടുത്താൻ ഇപ്പോൾ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം നേരത്തെ എടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നു. പ്രായോഗികമായ നടപടികൾ എടുക്കുന്നതിനു പകരം പണം നഷ്ടമാകുമെന്ന പ്രചാരണം നടത്തി ഭീതി പടർത്തുന്നതിനാണ് സംസ്ഥാന സർക്കാരും ധനമന്ത്രി തോമസ് ഐസക്കും ശ്രമിച്ചത്. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുള്ള പ്രചാരണം മാത്രമായിരുന്നു. സഹകരണ ബാങ്കുകൾ തങ്ങളുടെ കറന്റ് അക്കൗണ്ടുകൾ ജില്ലാ ബാങ്കുകളിലോ, ദേശസാൽകൃത ബാങ്കുകളില്ലോ അല്ല ആരംഭിച്ചിരിക്കുന്നത്. ഐസിഐസിയും ആക്‌സിസ് ബാങ്കും പോലുള്ള ന്യൂ ജനറേഷൻ ബാങ്കുകളിലാണ്. ഇത് കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു.
കോഴിക്കോട് മുക്കം കേന്ദ്രീകരിച്ചു സഹകരണ ബാങ്കുകൾ സംസ്ഥാനത്തെ നിയമസഭാ സാമാജികരുടെ അടക്കം പണം നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. ഈ എംഎൽഎമാർ ആരും തന്നെ കണക്കുകൾ ഒന്നും തിരഞ്ഞെടുപ്പിൽ സത്യവാങ് മൂലമായി പോലും നൽകിയിട്ടില്ല. കോട്ടയത്തെ ഒരു പ്രമുഖ നേതാവ് ഇടുക്കി ജില്ലയിലെ സഹകരണ ബാങ്കിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ സഹകരണ സംഘങ്ങളായ റബ്‌കോ, വിസ്മയ പാർക്ക് എന്നിവ അടക്കമുള്ള സഹകരണ സംഘങ്ങളിലെ നിക്ഷേപം അടക്കമുള്ളവ പരിശോധിക്കണമെന്നും കേന്ദ്ര സർക്കാരിനോടു ആവശ്യപ്പെടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.