കൊച്ചി: കേരളത്തിലെ ഏറ്റവും പ്രമുഖവും സമ്പന്നവുമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്ര്ധാന ഓഫിസ് ഉത്തരേന്ത്യയിലോ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയ്‌ക്കോ പറിച്ചു നടാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നതായി സൂചന. 68 വര്‍ഷം പഴക്കമുള്ള റബര്‍ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു പറിച്ചുനടാന്‍ കേന്ദ്രനീക്കം സജീവമായതായാണ് സൂചന.
റബര്‍ ബോര്‍ഡില്‍ മുഴുവന്‍ സമയ ചെയര്‍മാനില്ല. റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണറും സെക്രട്ടറിയും 29 അംഗ റബര്‍ ബോര്‍ഡും നിലവിലില്ല. പത്തിലേറെ ഉയര്‍ന്ന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു.ശമ്പളം, ഗവേഷണം, സബ്‌സിഡി, പരിശീലനം തുടങ്ങിയവയ്ക്കു കേന്ദ്ര ബജറ്റില്‍ വകയിരുത്തുന്ന തുക റബറിന്റെ കാര്‍ഷിക വാണിജ്യപ്രാധാന്യം നോക്കിയാല്‍ നാമമാത്രമാണ്. ചെലവുകള്‍ക്കുശേഷം മിച്ചം വരുന്ന തുക കൃഷിക്കും കര്‍ഷകനും എന്നതാണ് ഇപ്പോഴത്തെ അനുഭവം.
201213ല്‍ കേന്ദ്രം റബര്‍ ബോര്‍ഡിന് അനുവദിച്ചത് 160 കോടി, കിട്ടിയത് 151 കോടി. 201314ല്‍ അനുവദിച്ചത് 175.64 കോടി, കിട്ടിയത് 157.79 കോടി. 201415ല്‍ അനുവദിച്ചത് 191.79 കോടി, കിട്ടിയത് 160 കോടി. 201516ല്‍ അനുവദിച്ചത് 203.14 കോടി, കിട്ടിയത് 160 കോടി. ഈ തുക കേന്ദ്രത്തിന്റെ ഔദാര്യമൊന്നുമല്ല. ഓരോ കിലോ റബര്‍ഷീറ്റ് വില്‍ക്കുമ്പോഴും കര്‍ഷകരില്‍നിന്നു രണ്ടു രൂപ നിരക്കില്‍ പിടിക്കുന്ന സെസ് ഇനത്തില്‍ 120 കോടി കേന്ദ്രത്തിനു കിട്ടുന്നുണ്ട്. റബര്‍ ഉത്പന്നങ്ങളുടെ നികുതി വേറെ.
2014 സെപ്റ്റംബറില്‍ ഷീല തോമസ് അസോസിയേഷന്‍ ഓഫ് നാഷണല്‍ റബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസിന്റെ അധ്യക്ഷസ്ഥാനത്തു നിയമിതയായശേഷം റബര്‍ബോര്‍ഡിനു സ്ഥിരം ചെയര്‍മാനില്ല. കൊച്ചി ആസ്ഥാനമായ സ്‌പൈസസ് ബോര്‍ഡിന്റെ ചെയര്‍മാന്‍ എ. ജയതിലകിനു റബര്‍ ബോര്‍ഡിന്റെ അധികച്ചുമതല നല്‍കിയിരിക്കുന്നു. ജോലിത്തിരക്കുമൂലം ഇദ്ദേഹം കോട്ടയത്തെ റബര്‍ ബോര്‍ഡ് ആസ്ഥാനത്ത് ആകെ എത്തിയിരിക്കുന്നത് അഞ്ചില്‍താഴെ പ്രാവശ്യം മാത്രം.
പുതിയ ചെയര്‍മാനെ നിയമിക്കാന്‍ നാലു മാസം മുമ്പു കേന്ദ്രം ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരില്‍നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ആറു അപേക്ഷകള്‍ ലഭിച്ചെങ്കിലും രാഷ്ട്രീയക്കാരനെ ചെയര്‍മാന്‍ പദവിയിലിരുത്തിയാലോ എന്ന പുനരാലോചനയിലാണു കേന്ദ്രം. ഗവേഷണം, കൃഷി വ്യാപനം എന്നിവയുടെ ചുമതലയുള്ള പ്രൊഡക്ഷന്‍ കമ്മീഷണറുടെ പദവിയില്‍ 2014 ഫെബ്രുവരി മുതല്‍ ആളില്ല. സാമ്പത്തിക ഭരണ മേല്‍നോട്ടം വഹിക്കേണ്ട സെക്രട്ടറി സ്ഥാനത്തു ആളില്ലാതായിട്ട് ആറു വര്‍ഷമായി. സര്‍ക്കാരിന്റെയും കമ്പനികളുടെയും കര്‍ഷകരുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട 29 അംഗ റബര്‍ ബോര്‍ഡിന്റെ കാലാവധി തീര്‍ന്നിട്ട് ഒന്നര വര്‍ഷമായി.
ഇനി റബര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പടര്‍ന്നു വളരട്ടെ എന്ന താത്പര്യത്തില്‍ കേന്ദ്രം അവിടേക്കു പണവും പരിഗണനയും ഒഴുക്കുകയാണ്. കേരളത്തില്‍ കര്‍ഷകര്‍ക്കുള്ള കൃഷി സബ്‌സിഡി 25,000 രൂപ ആണെങ്കില്‍ അവിടെ 35,000 രൂപയും. ത്രിപുര ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെ രാജ്യത്തെ രണ്ടാമത്തെ റബര്‍ പാര്‍ക്ക് ത്രിപുരയിലെ ബോധംഗ് നഗറിലാണ് സ്ഥാപിച്ചിരിക്കുന്നത്.
രണ്ടു സോണല്‍ ഓഫീസുകള്‍ അവിടങ്ങളിലേക്കു മാറ്റിക്കഴിഞ്ഞു. ചുമതല വഹിച്ചിരുന്ന ജോയിന്റ് റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍മാരെ ആസാം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമിച്ചു. ഛത്തീസ്ഗഢിലും ഒഡീഷയിലും ജാര്‍ഖണ്ഡിലും റബര്‍കൃഷി വ്യാപിപ്പിക്കാനും ശ്രമമുണ്ട്.
അര ലക്ഷം ടണ്ണില്‍ താഴെയാണ് ഈ സംസ്ഥാനങ്ങളെല്ലാം കൂടി ഉത്പാദിപ്പിക്കുന്നതെന്നിരിക്കെ വര്‍ഷം 25 മുതല്‍ 50 വരെ കോടി രൂപ കൃഷിവ്യാപനത്തിനായി അവിടെ ചെലവഴിക്കുന്നു. റബര്‍കൃഷിയില്‍ കേരളം സമ്പൂര്‍ണത കൈവരിച്ചതിനാല്‍ ഇനി ഇവിടെ സഹായങ്ങള്‍ തുടരേണ്ടതില്ലെന്നാണു കേന്ദ്ര നിലപാട്. കര്‍ണാടകം ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലെ ഭൂലഭ്യതയും കൃഷിയോടുള്ള സ്വീകാര്യതയും പ്രയോജനപ്പെടണമെന്നും കേന്ദ്രം താത്പര്യപ്പെടുന്നു. ആസ്ഥാനം കോട്ടയത്തായതിനാലാണു റബര്‍കൃഷിയിലും ഉത്പാദനത്തിലും കേരളം മുന്നിലെത്തിയത്.