വിചിത്രമായ പല നിയമങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. അതുപോലത്തെ ഒരു നിയമവുമായാണ് ആന്ധ്രപ്രദേശിലെ പശ്ചിമ ഗോദാവരിയിലുള്ള ഒരു ഗ്രാമം ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത്. നിയമം കൊണ്ടുവന്നത് കോടതിയൊന്നുമല്ല, ഗ്രാമത്തിലെ ഒരു കൂട്ടം മുതിര്‍ന്നവരാണ്. ഈ നിയമ പ്രകാരം രാവിലെ ആറുമുതല്‍ വൈകിട്ട് 7 മണിവരെ സ്ത്രീകള്‍ നൈറ്റി ഉടുത്ത് പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ല. നിയമം ലംഘിക്കുന്ന സ്ത്രീകള്‍ ഗ്രാമ വികസന കമ്മിറ്റിയില്‍ 2000 രൂപ പിഴയായി അടക്കണം. നിയമലംഘനങ്ങള്‍ കമ്മിറ്റിയെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികമായി 1000 രൂപ ലഭിക്കും. തോക്കലാപ്പള്ളി എന്ന മുക്കുവ ഗ്രാമത്തിലാണ് വിചിത്രമായ നിയമം ഉള്ളത്.
നൈറ്റിയില്‍ സ്ത്രീകളെ കാണുന്നത് ചില പുരുഷന്‍മാര്‍ക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണ് മുതിര്‍ന്നവര്‍ ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നത്. ഏഴ് മാസം മുന്‍പാണ് ഇങ്ങനെയൊരു നിയമം ഗ്രാമത്തില്‍ നിലവില്‍ വന്നത്. ഇത് പുറത്തറിയുന്നതാകട്ടെ കഴിഞ്ഞ ദിവസമാണ്. നിദമറു പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഒരു ഊമക്കത്തിലാണ് ഇതിന്റെ തുടക്കം. അന്വേഷണം നടത്തിയ പോലീസ് പറയുന്നത് സ്ത്രീകളുടെ സമ്മത പ്രകാരമാണ് നൈറ്റി വിലക്കിയതെന്നാണ്