ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ പേരില്‍ നടത്തിയത് കൊടും അഴിമതികളാണെന്ന് തെളിവുകള്‍ വീണ്ടും പുറത്ത്. പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ കോടികളുടെ കള്ളപ്പണമായി ആദായ നികുതി വകുപ്പ് കണ്ടെത്തിയതോടെയാണ് പുതിയ വിവാദങ്ങള്‍ ഉയരുന്നത്. ബാങ്കുകളില്‍ ജനങ്ങള്‍ക്ക് പണം നല്‍കാന്‍ നോട്ടുകളില്ലാത്ത സാഹചര്യത്തിലും കള്ളപ്പണക്കാര്‍ക്ക് 2000 രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുക്കുന്നതാണ് വിവാദങ്ങള്‍ക്കിടയാക്കുന്നത്.
ഹൈദരാബാദില്‍ നിന്നു സിബിഐ പിടിച്ചെടുത്തതു കണക്കില്‍പ്പെടാത്ത 82 ലക്ഷം രൂപയാണ്. ഇതില്‍ ഭൂരിഭാഗവും പുതിയ 2000 രൂപ നോട്ടുകളാണ്. പോസ്റ്റ് ഓഫീസ് ജീവനക്കാരന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണു 65 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തത്.
ചെന്നൈയില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 24 കോടിരൂപ കൂടി കണ്ടെത്തി. അറസ്റ്റിലായ ഖനി വ്യവസായി ശേഖര്‍ റെഡ്ഡി നല്‍കിയ വിവരമനുസരിച്ച് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. രണ്ടായിരം രൂപയുടെ നോട്ടുകളാണ് വെല്ലൂര്‍ ഒരു കാറില്‍നിന്ന് പിടിച്ചത്. ഇതോടെ ചെന്നൈയില്‍ മാത്രം ഇതുവരെ പിടികൂടിയ കള്ളപ്പണത്തിന്റെയും അനധികൃത സ്വര്‍ണത്തിന്റെയും മൂല്യം 166 കോടി രൂപയായി.
പത്തു കോടിയുടെ പുതിയ നോട്ടുകളും 127 കിലോ സ്വര്‍ണവുമടക്കം 142 കോടിയുടെ സമ്പത്തു കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പുതിയ 2000 രൂപ നോട്ടുകള്‍ ഒരാളുടെ കൈവശം ഇത്രയധികം എങ്ങനെ വന്നുവെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 2000 രൂപ ലഭിച്ചതിന്റെ രേഖകളൊന്നും റെഡ്ഡിയില്‍നിന്ന് കണ്ടെത്തിയിട്ടുമില്ല. മണല്‍ ഖനനം നടത്തുന്ന കമ്പനി ഉടമകളായ ശേഖര്‍ റെഡ്ഡി, ശ്രീനിവാസ റെഡ്ഡി, ഇവരുടെ ഓഡിറ്റര്‍ പ്രേംകുമാര്‍ എന്നിവരുടെ വീടുകളില്‍നിന്നും ഓഫിസുകളില്‍നിന്നുമാണ് പണം കണ്ടെത്തിയത്.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത കള്ളപ്പണത്തില്‍ നാല്‍പ്പത് ശതമാനത്തിലധികം പുതിയ നോട്ടുകളാണെന്നതാണ് കേന്ദ്രസര്‍ക്കാരിനെയും ഞെട്ടിക്കുന്നത്.ബാങ്കുകളിലേയ്ക്ക് എത്തിക്കുന്ന പുതിയ നോട്ടുകള്‍ കള്ളപ്പണക്കാര്‍ക്ക് വേണ്ടി മാറ്റിയെന്നാണ് ഇതോടെ തെളിയുന്നത്.