വര്‍ക്കല തീപിടിത്തത്തിന്‍റെ കാരണം അറിയാന്‍ വിശദ അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ്.
ഫോറന്‍സിക്, ഇലക്‌ട്രിക്കല്‍ വിദഗ്ധരുടെ സേവനം തേടിയിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.
വീടിന്റെ ഉള്‍ഭാഗം പൂര്‍ണമായി അഗ്നിക്കിരയായിട്ടുണ്ട്. മുറിയിലെ എ.സികള്‍ക്ക് അടക്കം തീപിടിച്ചു. അയല്‍വാസികളാണ് തീപിടിത്ത വിവരം അധികൃതരെ അറിയിച്ചതെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വര്‍ക്കല അയന്തിയില്‍ ഇരുനില വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചത്. ഇളവാപുരം സ്വദേശി പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), മകന്‍ അഖില്‍ (25), മരുമകള്‍ അഭിരാമി (24), പേരക്കുട്ടി റയാന്‍ (എട്ടുമാസം) എന്നിവരാണ് മരിച്ചത്.
പ്രതാപന്റെ മൂത്തമകന്‍ നിഖില്‍ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിഖിലിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി മൊത്തവ്യാപാരിയാണ് പ്രതാപന്‍.
പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികളാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്.
ഇരുനില വീടിന്‍റെ അകത്തെ എല്ലാ മുറികളിലേക്കും തീപടരുകയായിരുന്നു. അഗ്നിശമനസേനയെത്തി ഏറെ പണിപ്പെട്ടാണ് തീ അണച്ച് എല്ലാവരെയും പുറത്തെത്തിച്ചത്.
ഒരാള്‍ക്ക് മാത്രമേ അപ്പോള്‍ ജീവനുണ്ടായിരുന്നുള്ളൂ. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം.