ഉത്തേജക വിവാദം: റഷ്യയ്ക്ക് റിയോ ഒളിംപിക്‌സ് നഷ്ടമാകും

മോസ്‌കോ: ഉത്തേജക പരിശോധനകളില്‍ കൃത്രിമം നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്ന് അടുത്തവര്‍ഷം നടക്കുന്ന റിയോ ഒളിമ്പിക്‌സ് റഷ്യക്ക് നഷ്ടമായേക്കും. റഷ്യയെ രാജ്യാന്തര കായികമേളകളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ലോക ഉത്തേജക വിരുദ്ധ സംഘടനയായ രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷനോടു വാഡ ശിപാര്‍ശ ചെയ്തു. റഷ്യയില്‍ കായിക ഭരണകൂടത്തിന്റെ അറിവോടെയാണ് നിയമലംഘനം നടക്കുന്നതെന്നും താരങ്ങള്‍ വ്യാപകമായി ഉത്തേജകം ഉപയോഗിക്കാറുണ്ടെന്നും വാഡയുടെ കമ്മിഷന്‍ സമര്‍പ്പര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2012ല്‍ നടന്ന ലണ്ടന്‍ ഒളിമ്പിക്‌സ് ഉത്തേജക മരുന്നിന്റെ വ്യാപക ഉപയോഗം കാരണം അട്ടിമറിക്കപ്പെട്ടെന്നും വാഡ കണ്ടെത്തി. റഷ്യന്‍ ദേശീയ കായിക സംഘടനയായ അരഫ്, ഉത്തേജക വിരുദ്ധ ഏജന്‍സിയായ റുസാഡ എന്നിവയുടെ അറിവോടെയാണ് അട്ടിമറി നടന്നത്. ”റഷ്യന്‍ ലബോറട്ടറികള്‍ കേന്ദ്രീകരിച്ച് ഉത്തേജക പരിശോധനകളില്‍ കൃത്രിമം നടത്തി. പരിശോധനകള്‍ക്കായി സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്ന സാമ്പിളുകള്‍ റുസാഡ നശിപ്പിച്ചെന്നും വാഡയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദീകരണം ആവശ്യപ്പെട്ട് അരഫിന് അത്‌ലറ്റിക്ക് ഫെഡറേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആരോപണങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ റഷ്യക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് നീക്കം. ഒളിമ്പിക്‌സില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികളാകും റഷ്യക്ക് നേരിടേണ്ടി വരിക. എന്നാല്‍ റഷ്യയെ വിലക്കിയാല്‍ റിയോ ഒളിമ്പിക്‌സിന്റെ ശോഭ കെടുമെന്ന വാദിക്കുന്ന ഒരുവിഭാഗം ഇതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. വിലക്കിനു പകരം, കുറ്റക്കാരെ കണ്ടെത്താന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. വാഡയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള നടപടികള്‍ റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് റഷ്യന്‍ കായിക മന്ത്രി വിറ്റാലി മുറ്റ്‌കോ അറിയിച്ചു.

Top