മോസ്‌കോ: അമ്മയ്ക്ക് സ്വന്തം മക്കളോടുള്ള സ്‌നേഹത്തിനപ്പുറം വരില്ല ഈ ലോകത്ത് മറ്റൊരു ബന്ധവും. മാതൃബന്ധത്തിന്റെ കണ്ണ് നനയിക്കുന്ന ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റഷ്യയിലെ പ്രശസ്ത മോഡലും ബ്ലോഗറുമായ യാന യത്സോവിസ്‌ക്യയാണ് വൈറലാകുന്ന ചിത്രത്തിലെ അമ്മ.
പ്രസവത്തില്‍ മരിച്ചുപോയ കുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിച്ച് യാന തന്നെ പങ്കുവെച്ച ചിത്രത്തിന്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം സല്യൂട്ടടിച്ചു. ലോകത്തിലെ പലകോണുകളില്‍ നിന്നുള്ളവര്‍ യാനയെ സമാധനപ്പെടുത്തി രംഗത്തെത്തി. ജനിച്ചത് ചാപിള്ളയായിട്ടാണെങ്കിലും അമ്മ അവനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചതിനെ ആദരിക്കുകയാണ് ലോകം. ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുന്നത്.
ആറുമാസം ഗര്‍ഭിണിയായിരിക്കെ യാന ഭര്‍ത്താവിനും മൂന്ന് വയസുള്ള മകള്‍ക്കുമൊപ്പം അവധി ആഘോഷിക്കാന്‍ മാലിദ്വീപില്‍ പോയിരുന്നു. ഈ സമയം ഗര്‍ഭസ്ഥശിശുവിന്റെ അനക്കം നിലച്ചതായി തോന്നുകയും തുടര്‍ന്ന് യാന പ്രദേശത്തെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയം മിടിക്കുന്നില്ലെന്ന് ഡോക്ടര്‍ യാനയെ അറിയിച്ചു. തുടര്‍ന്ന് മാലിദ്വീപില്‍ നിന്ന് മോസ്‌കോയിലെ വീട്ടിലെത്തിയ യാന കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ പ്രസവം സംബന്ധിച്ച് ഒരു വിവരവും യാന പുറത്തുവിട്ടിട്ടില്ല.
എന്റെ കുഞ്ഞിനെ ആര്‍ക്കും താന്‍ വിട്ടുകൊടുക്കില്ലെന്നും തന്റെ അടുത്തുനിന്നും ആര്‍ക്കും കുഞ്ഞിനെ കൊണ്ടുപോകാന്‍ കഴിയില്ലെന്നും യാന പറഞ്ഞു. അവനെ ഞാന്‍ വീട്ടില്‍ വച്ചാണ് പ്രസവിച്ചത്. അവനെ ഞങ്ങള്‍ അടക്കം ചെയ്തു. കാരണം അവനീ വീട്ടിലെ അംഗമാണ്. അവന്‍ ഒരു മാലാഖയായി തന്റെ കുടുംബത്തെ സംരക്ഷിക്കും. കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട ഓരോ അമ്മമാര്‍ക്കുമായാണ് താനീ ചിത്രം പങ്കുവച്ചതെന്നും യാന പറയുന്നു.