ഇനി എസ്.ജാനകിയെന്ന ഗായിക പൊതുവേദിയില്‍ പാടില്ല. ഇനി പുതിയൊരു പാട്ടും ആ സ്വരത്തില്‍ നിന്നും പിറക്കില്ല. ഇനി എസ്.ജാനകിയെന്ന ഗായിക പൊതുവേദിയില്‍ പാടില്ല. മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. ഹര്‍ഷാരവം മുഴക്കിയും കൈവീശിയും അവര്‍ ജാനകിയെ യാത്രയാക്കി. സിനിമയില്‍ പാടുന്നത് അവസാനിപ്പിച്ച ജാനകിയുടെ സാന്നിധ്യം ഇനി സംഗീതനിശകളിലും ഉണ്ടാകില്ല. പ്രായാധിക്യം സ്വരത്തെ ബാധിക്കുമോ എന്ന സംശയം ഉടലെടുത്തതോടെയാണു പാട്ടു മതിയാക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ എസ്. ജാനകി പാട്ട് നിര്‍ത്തിയ വാര്‍ത്ത ചിലര്‍ റിപ്പോര്‍ട്ട് ചെയ്തത് തെറ്റിധാരണ ജനിപ്പിച്ചു. മരണ വാര്‍ത്തയായിട്ടാണ് പലരും കരുതിയത്. അതിനാല്‍ത്തന്നെ സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലികളുടെ പ്രവാഹവും ഉണ്ടായി. പിന്നീടാണ് സത്യം തിരിക്കിയത്. മൈസുരുവിലെ മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്റെ വിവരണമായിരുന്നു അത്. മലയാളിയെ പാട്ടുകളിലൂടെ വിസ്മയിപ്പിച്ച മധുര സ്വരത്തിന്റെ ഉടമയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല. അവര്‍ സംഗീത വേദയില്‍ നിന്ന് വിരമിക്കുകയാണ് ചെയ്തത്.
ദക്ഷിണേന്ത്യന്‍ സംഗീത ലോകത്തെ അതിശയിപ്പിച്ച ഗായിക എസ്.ജാനകി സംഗീത ലോകത്തു നിന്ന് വിരമിക്കുകാണ്. പ്രായാധിക്യം കാരണമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് ജാനകിയമ്മ എത്തിയത്. ഇനി സംഗീത പരിപാടികള്‍ക്കും ജാനകി എത്തില്ല. നേരത്തെ സിനിമാ പിന്നണി ഗാനരംഗത്തു നിന്നും ജാനകി വിടവാങ്ങിയിരുന്നു. മലയാള ചലച്ചിത്ര സംഗീത ശാഖയുടെ സുവര്‍ണ കാലത്ത് ഏറ്റവുമധികം ഗാനങ്ങള്‍ പാടിയ ഗായികയാണ് എസ്. ജാനകി. 1957ല്‍ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീത ലോകത്തേക്ക് ജാനകിയമ്മ കടന്നുവരുന്നത്. ഇതുവരെ 48000ല്‍ അധികം ഗാനങ്ങള്‍ എസ്. ജാനകി പാടിയിട്ടുണ്ട്. നാല് ദേശീയ പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ 32 പ്രാവശ്യവും ജാനകിയമ്മയെ തേടിയെത്തി. 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അവരെ ആദരിക്കുകയും ചെയ്തു. മിഥുന്‍ ഈശ്വര്‍ ഈണമിട്ട പത്തു കല്‍പനകള്‍ എന്ന സിനിമയിലാണ് എസ്.ജാനകി അവസാനമായി പാടിയത്.
ഹാളില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ കണ്ണുകള്‍ നിറഞ്ഞത് എസ് ജാനകിയുടെ മരണം അറിഞ്ഞായിരുന്നില്ല. മറിച്ച് അവര്‍ ഹര്‍ഷാരവം മുഴക്കിയും കൈവീശിയും സംഗീത ലോകത്തു നിന്നുള്ള ജാനകിയുടെ വിടവാങ്ങല്‍ മധുരതരമാക്കുകയായിരുന്നു. സിനിമയില്‍ പാടുന്നത് അവസാനിപ്പിച്ച ജാനകിയുടെ സാന്നിധ്യം ഇനി സംഗീതനിശകളിലും ഉണ്ടാകില്ല. പ്രായാധിക്യം സ്വരത്തെ ബാധിക്കുമോ എന്ന സംശയം ഉടലെടുത്തതോടെയാണു പാട്ടു മതിയാക്കാന്‍ ജാനകി തീരുമാനിച്ചത്. വേദിയിലേക്ക് മകന്‍ മുരളീകൃഷ്ണയുടെ കൈപിടിച്ചാണ് ജാനകി എത്തിയത്. എഴുന്നേറ്റുനിന്നു പുരുഷാരം ഗായികയെ സ്വീകരിച്ചു. മൈസൂരു കൊട്ടാരത്തിലെ രാജമാതാവ് പ്രമോദ ദേവിയും കന്നഡ സിനിമാ താരങ്ങളും പ്രിയഗായികയെ സ്വീകരിക്കാനെത്തിയിരുന്നു.
‘നിങ്ങളുടെ സ്നേഹമാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്. നിങ്ങളുടെ മനസ്സില്‍ ഞാനുണ്ട്. ഞാന്‍ തൃപ്തയാണ്,’ എസ്.ജാനകി സദസ്സിനു നേര്‍ക്കു കൈകൂപ്പി. തുടര്‍ന്നു ‘ഗണവദനേ ഗുണസാഗരേ…’ എന്ന കന്നഡ ഗാനം ആ ചുണ്ടുകളില്‍ നിന്നു പുറത്തേക്കൊഴുകി. ‘സന്ധ്യേ, കണ്ണീരിതെന്തേ സന്ധ്യേ…’ ഉള്‍പ്പെടെയുള്ള മലയാള ഗാനങ്ങളും സംഗീതനിശയില്‍ ഇടംനേടി. സംഗീത സംവിധായകന്‍ രാജനാഗേന്ദ്ര, കന്നഡ നടിമാരായ ജയന്തി, ഭാരതി വിഷ്ണുവര്‍ധന്‍, ഹേമ ചൗധരി, ഷൈലശ്രീ, പ്രതിമാദേവി, നടന്‍ രാജേഷ് തുടങ്ങിയവര്‍ വേദിയിലെത്തി ജാനകിയെ ആദരിച്ചു. ഇതിനിടെ വിരമിക്കല്‍ പ്രഖ്യാപനമെത്തിയത്. പാട്ടു നിര്‍ത്തരുതെന്ന സദസ്സിന്റെ അഭ്യര്‍ത്ഥനയോട്, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണമെന്ന പഴഞ്ചൊല്ല് ജാനകി ഓര്‍മിപ്പിച്ചു. മൈസൂരു മലയാളിയായ മനു ബി.മേനോന്‍ നേതൃത്വംനല്‍കുന്ന സ്വയംരക്ഷണ ഗുരുകുലവും എസ്.ജാനകി ചാരിറ്റബിള്‍ ട്രസ്റ്റ് മൈസൂരുവും സുവര്‍ണ കര്‍ണാടക കേരള സമാജം ഉത്തര മേഖലയും ചേര്‍ന്നാണു സംഗീത നിശയ്ക്ക് അരങ്ങൊരുക്കിയത്. കഴിഞ്ഞ മൂന്നുദിവസമായി എസ്.ജാനകി മൗനവ്രതത്തിലായിരുന്നു. സംഗീതനിശ ആസ്വദിക്കാനെത്തിയ രാജമാതാവ് പ്രമോദാ ദേവിയോടു കുശലാന്വേഷണം നടത്തി വ്രതം മുറിച്ചു. അതിന് ശേഷമായിരുന്നു പ്രഖ്യാപനം.
തന്റെ സ്ഥാപനത്തിന് എസ്.ജാനകി എന്നു പേരിട്ട മൈസൂരു സ്വദേശി വിവേകിനെ അടുത്തുവിളിച്ചു. എസ്.ജാനകി ഫര്‍ണിച്ചര്‍ ആന്‍ഡ് ടിംപര്‍ എങ്ങനെ പോകുന്നു എന്ന് അന്വേഷിച്ചു. മൈസുരുവില്‍ സംഗീതനിശ സംഘടിപ്പിക്കുന്നതിനായി കഴിഞ്ഞ 10 വര്‍ഷമായി വിവേക് ജാനകിയുടെ പിറകേ നടക്കുകയായിരുന്നു. ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞിരുന്ന ജാനകി തന്റെ അവസാനത്തെ സംഗീതപരിപാടി ഈ നഗരത്തില്‍ത്തന്നെയെന്ന് ഒടുവില്‍ തീരുമാനമെടുക്കുകയായിരുന്നു. മൈസൂരു എസ്.ജാനകി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ധനശേഖരണാര്‍ഥമായിരുന്നു പരിപാടി. സുവര്‍ണ കര്‍ണാടക കേരള സമാജം ഉത്തരമേഖലാ ചെയര്‍മാന്‍ ടി. അനിരുദ്ധന്‍, സെക്രട്ടറി കെ.യു.ഷിജു കൃഷ്ണന്‍, കോഓര്‍ഡിനേറ്റര്‍ കെ.ജയരാജന്‍, സി.പി.പവിത്രന്‍ എന്നിവരും ജാനകിയെ ആദരിച്ചു.
1957 ഏപ്രില്‍ നാലിന് എസ്.ജാനകിയുടെ ആദ്യ ചലച്ചിത്ര ഗാനം റെക്കോര്‍ഡ് ചെയ്യപ്പെട്ടു. ‘വിധിയിന്‍ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിനു വേണ്ടി കരഞ്ഞു കൊണ്ട് പാടിയെങ്കിലും ആ ചിത്രം പുറത്തു വന്നില്ല. അതേ വര്‍ഷം തന്നെ തമിഴില്‍ ‘മഗ്ദലനമറിയം’ എന്ന ചിത്രത്തിലെ ഗാനമാണ് എസ്.ജാനകിയുടേതായി പുറത്തു വന്ന ആദ്യ ചലച്ചിത്രഗാനം. 1957 എസ്.ജാനകി തമിഴ് കൂടാതെ മലയാളം, കന്നഡ, തെലുങ്ക്, സിംഹള എന്നീ ഭാഷകളിലും പാടി. സിനിമയില്‍ വന്ന് ആദ്യ വര്‍ഷം തന്നെ അഞ്ചു ഭാഷാചിത്രങ്ങളില്‍ പാടിയ റെക്കോര്‍ഡും എസ്.ജാനകിക്കു തന്നെ. സിനിമയില്‍ ഒരു പുതുമുഖത്തിന് ഇത്രയും മികച്ച തുടക്കം ലഭിച്ചത് ലാളിത്യമാര്‍ന്ന, തെളിച്ചമുള്ള ശബ്ദത്തിന്റെ മനോഹാരിത കൊണ്ടു മാത്രമായിരുന്നു.
ആദ്യം എസ്.ജാനകി പാടിയത് തമിഴിലാണ്, പിന്നെ തെലുങ്കിലും തുടര്‍ന്ന് കന്നഡയിലും സിംഹളത്തിലും മലയാളത്തിലും. കേരള ആര്‍ട്സിന്റെ ബാനറില്‍ പുറത്തുവന്ന ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിനു വേണ്ടി ‘ഇരുള്‍ മൂടുകയോ എന്‍ വാഴ്വില്‍.. കരള്‍ നീറുകയോ എന്‍ വാഴ്വില്‍…’ എന്ന ഗാനമാണ് എസ്.ജാനകിയുടെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ആദ്യ മലയാളഗാനം. മലയാളത്തില്‍ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പം എസ്.ജാനകി പാടി. വി.ദക്ഷിണാമൂര്‍ത്തി, എം.എസ്.ബാബുരാജ്, കെ.രാഘവന്‍, ബ്രദര്‍ ലക്ഷ്മണന്‍, ബി.എ.ചിദംബരനാഥ്, എം.ബി.ശ്രീനിവാസ്, ആര്‍.കെ.ശേഖര്‍, പുകഴേന്തി, ജി.ദേവരാജന്‍, എം.എസ്.വിശ്വനാഥന്‍, എ.ടി.ഉമ്മര്‍, സലില്‍ ചൗധരി, ലക്ഷ്മികാന്ത് പ്യാരേലാല്‍, പി.എസ്.ദിവാകര്‍, എല്‍.പി.ആര്‍ വര്‍മ, രംഗനാഥന്‍, ശങ്കര്‍ ഗണേശ്, ജിതിന്‍ ശ്യാം, ശ്യാം, ഇളയരാജ, ജോണ്‍സണ്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍.