
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും അണിവിട തെറ്റാതെ സംരക്ഷിക്കണമെന്നു അവകാശപ്പെടുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ വൃതമെടുക്കാതെ മല ചവിട്ടി വിവാദത്തിൽ. മന്ത്രി കെ.ടി ജലീൽ ശബരിമലയിൽ പോയതിനെ വിമർശിച്ച ബിജെപി നേതാക്കൾ സുരേന്ദ്രന്റെ വൃതമെടുക്കാതെയുള്ള മലചവിട്ടലോടെ വിവാദത്തിലായി. പമ്പയിൽ നിന്നു കെട്ടു നിറച്ച സുരേന്ദ്രൻ മലകയറി ശബരിമലയിൽ എത്തിയപ്പോൾ എടുത്ത ഫോട്ടോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയുടെ പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ സുരേന്ദ്രനെ ട്രോളി ട്രോളർമാർ എത്തിയത്.
തോളിൽ തൂക്കിയ കെട്ടുമായി കെ.സുരേന്ദ്രൻ സന്നിധാനത്ത് ശ്രീകോവിലിനു മുന്നിൽ നിൽക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ സൈറ്റായ ഫെയ്‌സ്ബുക്കിൽ സുരേന്ദ്രൻ പോസ്റ്റ് ചെയ്തത്. –
കലിയുഗവരദനായ അയ്യപ്പന്രെ തിരുസന്നിധിയിൽ വീണ്ടും. ഹരിവരാസനം പാടി മലയിറങ്ങും.- എന്ന ടാ്ഗ് ലൈനോടെയാണ് സുരേന്ദ്രൻ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു താഴെയാണ് സോഷ്യൽ മീഡിയയുടെ ട്രോൾ ആരംഭിച്ചിരിക്കുന്നത്.
ശബരിമലയിലെ ആചാരങ്ങളെയും, വിശ്വാസങ്ങളെയും മുറുകെപ്പിടിക്കണമെന്നും, തിരുവനന്തപുരം ശ്രീപ്ത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിധാർ ധരിച്ച സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഹൈന്ദവ സംഘടനകളുടെ പ്രചാരണത്തിൽ സുരേന്ദ്രൻ മുൻപന്തിയിലുണ്ട്. സോഷ്യൽ മീഡിയയിലുള്ള ഇത്തരം പ്രചാരണങ്ങൾക്കും സുരേന്ദ്രൻ നേതൃത്വം നൽകുന്നുണ്ട്. ഇതിനിടെയാണ് മാലയിട്ട് വൃതമെടുത്ത് താടിവളർത്തി ഇരുമുട്ടിക്കെട്ടുമായി ശബരിമലയിൽ പോകണമെന്ന ആചാരം സുരേന്ദ്രൻ മറികടന്നതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
ശബരിമല സന്നിധാനത്തെ ശ്രീകോവിലിൽ നിന്നു പകർത്തിയ ചിത്രത്തിൽ സുരേന്ദ്രൻ ക്ലീൻ ഷേവ് ചെയ്തിരിക്കുകയാണ്. ശ്രീകോവിലിനു മുന്നിൽ നിന്നു പകർത്തിയ ഈ ചിത്രമാണ് ഇദ്ദേഹം ഫെയ്‌സ്ബുക്കിൽ സ്വന്തം പേജിൽ പോസ്റ്റ് ചെയ്തതും. ഇതും വിവാദമായി. വിവിഐപി ക്യൂവിലൂടെ ശബരിമല ശ്രീകോവിലിനു മുന്നിലെത്തിയ സുരേന്ദ്രൻ ഫോട്ടോഗ്രാഫറെയുമായി എത്തി ചിത്രം പകർത്തിയെന്നായിരുന്നു സോഷ്യൽ മീഡിയയിലെ ആരോപണം. ഇതോടൊപ്പം ബാങ്കിൽ ക്യൂ നിന്ന് നോട്ട് മാറണമെന്നു ആവശ്യപ്പെട്ട സുരേന്ദ്രൻ ശബരിമലയിൽ പോലും ക്യൂ നിൽക്കാത്തതും വിവാദമായിട്ടുണ്ട്. ഹൈന്ദവ ആചാരങ്ങളെ മുറുകെപിടിക്കണമെന്നു അവകാശപ്പെടുന്ന സുരേന്ദ്രൻ തന്നെ ആചാരം ലംഘിച്ചതിൽ ബിജെപി – ആർഎസ്എസ് പ്രവർത്തകർക്കും അമർഷം ഉണ്ട്.