ശബരിമലയിൽ മൂകനു ശബ്ദം ലഭിച്ചു; വാർത്ത വ്യാജം: അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ
കൊച്ചി: ശബരിമലയെ സംബന്ധിച്ചു കഴിഞ്ഞ ദിവസം പുറത്ത് വന്നത് ഞെ്ട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു. ശബരിമല സന്നിധാനത്തു വച്ച് മൂകനായ അയ്യപ്പഭക്തനു ശബ്ദം ലഭിച്ചെന്ന രീതിയിലുള്ള പ്രചാരണമാണ് ഇപ്പോൾ ഏറ്റവും ശക്തമായിരിക്കുന്നത്. ഇതേപ്പറ്റി അന്വേഷണം നടത്തിയപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ്. ഈ ഭക്തനു ശബ്ദം തിരികെ കിട്ടിയെന്നാണ് ഭക്തർ വെളിപ്പെടുത്തുന്നത്. ജന്മഭൂമി ദിനപത്രമാണ് ഈ വാർത്ത ആദ്യം പുറത്തു കൊണ്ടു വന്നത്. തുടർന്നു വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ഷെയർ ചെയ്യപ്പെട്ട വാർത്തയായിരുന്നു ‘ശബരിമല ദിവ്യാത്ഭുതം ഊമയായ അയ്യപ്പഭക്തന് സംസാര ശേഷി’ എന്ന തലക്കെട്ടോടെയുള്ള ഒരു പോസ്റ്റ്. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.
കഴിഞ്ഞ 36 വർഷമായി സ്ഥിരമായി ശബരിമലയിൽ ദർശനം നടത്തിവരുന്ന ജനിച്ച നാൾ മുതലേ സംസാരശേഷി ഇല്ലായിരുന്നു. അദ്ദേഹം മൂകനും ബധിരനും ആയിരുന്നു. ഇന്നലെ ഒരു ദിവ്യാത്ഭുതം സംഭവിച്ചു. ശബരിമലയിൽ കർപ്പൂരാഴി സമയത്ത് ശബരിമലയിൽ വെച്ച് അത്യുച്ചത്തിൽ ‘ സ്വാമിയേ” എന്ന് ശരണം വിളിച്ചു. മലപ്പുറം ജില്ലയിൽ പരപനങ്ങാടി താലൂക്കിൽ, എ.ആർ നഗർ പഞ്ചായത്തിൽ മമ്പറം എന്ന സ്ഥലത്തുള്ള സന്തോഷ് എന്ന അയ്യപ്പ ഭക്തനാണ് ഇത്’.
ഡി അശ്വിനി ദേവ് എന്നയാളാണ് ഈ വാർത്ത ആദ്യമായി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇയാൾ ദിവ്യാത്ഭുതത്തിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്തു. വിശ്വാസികൾ ഈ അത്ഭുത വാർത്ത അതിവേഗം വൈറൽ ആക്കിയതോടെ അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തി. പല വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വിശ്വാസികളുമായി അവർ ഏറ്റുമുട്ടി. ചൂടേറിയ വാഗ്വാദങ്ങളും നടന്നു. എന്തിന് ആ ആത്ഭുതം പത്ര വാർത്തയുമായി!
ദിനപത്ര വാർത്തയുടെ തലക്കെട്ട് ഇങ്ങനെ  ’31ാമത്തെ അയ്യപ്പദർശനത്തിൽ സന്തോഷ് സംസാരിച്ചു’ . ഇപ്പോൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സന്തോഷ് കൃത്യമായി മറുപടി പറയുമെന്നും പത്രത്തിന്റെ കണ്ടെത്തലുണ്ടായി. പത്രത്തിലെ മറ്റു വർണ്ണനകൾ ഇങ്ങനെ
‘മുപ്പത്തിയൊന്നാമത്തെ ദർശനം പൂർത്തിയാക്കി വ്യാഴാഴ്ച്ച സന്നിധാനത്ത് നിൽക്കുമ്പോഴാണ് സന്തോഷ് ഉച്ചത്തിൽ ശരണം വിളിച്ചത്. ഇപ്പോൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് സന്തോഷം കൃത്യമായി മറുപടി പറയും. കേൾവി പൂർണ്ണമായും ലഭിച്ചിട്ടില്ല. ആംഗ്യഭാഷയിൽ മാത്രം സംസാരിച്ച് കണ്ടിട്ടുള്ള സന്തോഷ് സംസാരിച്ച് തുടങ്ങിയതിന്റെ അടങ്ങാത്ത ആവശേത്തിലാണ്.’
നവമാധ്യമങ്ങളിലും മറ്റും വൈറലായ വാർത്തയെ അനുകൂലിച്ചും എതിർത്തും ചർച്ച പൊടിപൊടിച്ചപ്പോൾ കേരള യുക്തിവാദി സംഘത്തിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കെകെ രാധാകൃഷ്ണൻ വാർത്തയിലെ സത്യം നേരിട്ടറിയാൻ സന്തോഷിന്റെ നാട്ടിലേക്ക് വെച്ചുപിടിച്ചു. ബന്ധുക്കളേയും അയൽവാസികളേയും കണ്ട് വിവരമന്വേഷിച്ചപ്പോൾ ഒരുകാര്യം വ്യക്തമായി. വാർത്ത തീർത്തും വ്യാജമാണ്. സന്തോഷിന്റെ കുടുംബാഗങ്ങളിൽ നിന്നും പ്രദേശ വാസികളിൽ നിന്നും തനിക്ക് ലഭിച്ച വിവരങ്ങളെക്കുറിച്ച് രാധാകൃഷ്ണൻ പറയുന്നു.
നവമാധ്യമങ്ങളിലൂടെയാണ് ഈ വാർത്ത ഞങ്ങൾ ആദ്യം കാണുന്നത്. നിരവധി ഗ്രൂപ്പുകളിൽ വിദ്യാസമ്പന്നരായവർ വരെ ഷെയർ ചെയ്തുകണ്ടു. വാർത്ത കണ്ടപ്പോൾ തന്നെ സത്യത്തിന്റെ ഒരംശം പോലുമില്ലെന്ന് വ്യക്തമായിരുന്നു. എങ്കിലും വസ്തുതയറിയാൻ കേരള യുക്തിവാദ സംഘത്തിന്റെ തീരുമാന പ്രകാരം ഞാൻ സന്തോഷിന്റെ സ്വദേശമായ മമ്പറത്തേക്ക് പോയി. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് 38കാരനായ സന്തോഷ്. ഒരു ചെറിയ വീട്ടിൽ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം ജീവിക്കുന്നു. ഇടതുപക്ഷ അനുഭാവിയായ സന്തോഷിന് കുട്ടിക്കാലം മുതൽക്കേ സംസാരശേഷിയില്ല. ബധിരനുമാണ്. തികഞ്ഞ അയ്യപ്പ ഭക്തനാണ് സന്തോഷ്. 30 വർഷമായി ശബരിമല സന്ദർശിക്കുന്നു. സന്തോഷിന് സംസാരിക്കാൻ കഴിയുന്ന ഒരു വാക്കാണ് സ്വാമിയേ എന്ന വിളി. വർഷങ്ങളായി സന്തോഷ് നടത്തുന്ന ഒരു ശബ്ദ വ്യായാമം ആണിത്. ശബരിമലയിൽ കൂടുതൽ വ്യക്തതയോടെ സ്വാമിയേ എന്ന് വിളിക്കാനായി. ഇതുകൂടാതെ ചില സുഹൃത്തുക്കളുടെ പേര് അവ്യക്തമാണെങ്കിലും വിളിക്കാൻ കഴിയും. ദിവ്യാത്ഭുതമെന്ന വാർത്ത ശുദ്ധ അസംബന്ധമാണ്. ദിവ്യാത്ഭുതം സംഭവിച്ചിരുന്നുവെങ്കിൽ സന്തോഷിന് മറ്റു വാക്കുകളും പറയാൻ കഴിയേണ്ടെ.  നേരത്തെ ചെയ്തിരുന്ന കാര്യമാണ് ഇപ്പോഴും സന്തോഷ് തുടരുന്നത്. അല്ലാതെ നവമാധ്യമങ്ങളിൽ പ്രചരിച്ചപ്പോലെ ഒന്നും നടന്നിട്ടില്ല. വിദഗ്ധ ചികിത്സ ലഭിച്ചാൽ സന്തോഷിന്റെ കാര്യത്തിൽ മെച്ചമുണ്ടാകുമെന്നാണ് ബന്ധുക്കളും അയൽവാസികളും പറയുന്നത്. അഡ്വ. കെ.കെ. രാധാകൃഷ്ണൻ, കേരള യുക്തിവാദി സംഘം മലപ്പുറം ജില്ലാ സെക്രട്ടറി
Top