തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ആരംഭിക്കുന്ന വിമാനതാവളത്തിന് സര്‍ക്കാര്‍ അംഗീകാരം. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നിലവില്‍ ശബരിമലയിലേക്ക് റോഡുമാര്‍ഗം അല്ലാതെ മറ്റുയാത്രമാര്‍ഗങ്ങളില്ലെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ മറ്റൊരു അവ്യക്തതയുമുണ്ട്. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് അംഗീകാരം നല്‍കിയെന്നല്ലാതെ ശബരിമലയില്‍ ഇതെവിടെയാണ് വരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ എരുമേലിയില്‍ വിമാനത്താവളത്തിനുളള സ്ഥലം കണ്ടെത്തിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പിന്നീട് ഇത് എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് പ്രദേശത്തായിരിക്കുമെന്നും വ്യക്തമായിരുന്നു. ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമാണ് നിലവില്‍ പാട്ടക്കാലവധി കഴിഞ്ഞ ചെറുവള്ളി എസ്റ്റേറ്റ്.
സര്‍ക്കാര്‍ ഭൂമിയാണ് ഇതെന്നും തിരിച്ച് പിടിക്കേണ്ടതാണെന്ന് വ്യക്തമാക്കിയും സ്പെഷ്യല്‍ ഓഫിസര്‍ എ.ജി രാജമാണിക്യം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബിലിവേഴ്സ് ചര്‍ച്ചാകട്ടെ എസ്റ്റേറ്റിന്റെ അവകാശവാദവുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രി പ്രഖ്യാപിച്ച വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടുകൊടുക്കില്ലെന്നും ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ ബിഷപ്പ് കെപി യോഹന്നാന്‍ പറഞ്ഞിരുന്നു. ഈ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിനുശേഷം കൃത്യമായി സ്ഥലം പറയാതെയുളള മുഖ്യമന്ത്രിയുടെ ശബരിമല വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന വാര്‍ത്താക്കുറിപ്പ്.
മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം
ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: തത്വത്തില്‍ അംഗീകാരം നല്‍കി ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീള്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. പ്രതിവര്‍ഷം മൂന്നു കോടിയിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന ശബരിമലയിലേയ്ക്ക് നിലവില്‍ റോഡുഗതാഗതമാര്‍ഗ്ഗം മാത്രമാണുള്ളത്. ചെങ്ങന്നൂര്‍/ തിരുവല്ല റയില്‍വേസ്റ്റേഷനുകളില്‍ നിന്നും റോഡുമാര്‍ഗ്ഗമോ, എം.സി. റോഡ്/ എന്‍.എച്ച് 47 എന്നിവയിലെ ഉപറോഡുകളോ ആണ് ഇവിടെ എത്തിച്ചേരാനുള്ള മാര്‍ഗ്ഗം. അങ്കമാലി-ശബരി റയില്‍പാത നിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെങ്കിലും ഫണ്ടിന്റെ ലഭ്യത, കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം എന്നിവയിലുണ്ടാകുന്ന കാലതാമസം ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് തടസ്സമായി നില്‍ക്കുന്നുണ്ട്. സീസണ്‍ സമയത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ഇതു സഹായകരമാകും. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു