തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ഇടതു മുന്നണി പൊട്ടിത്തെറിയിലേക്കെന്ന് സൂചന വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടെന്ന ചിന്തയിൽ അത്യപ്തിയുമായി മുന്നണിയിലെ പ്രബല രണ്ടാമത്തെ കക്ഷി സി.പി.ഐ .വിഷയം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് വന്‍ വീഴ്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.എമ്മിലും ഇടതു മുന്നണിയിലും ആക്ഷേപം. എന്നാല്‍ ഇത് മുഖ്യമന്ത്രിയോട് തുറന്നു പറയാന്‍ ആരു തയ്യാറാകുമെന്നാണ് ഇപ്പോഴത്തെ പ്രശ്‌നം. വിഷയം കൈവിട്ടുപോകുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചാതായാണ് സൂചന. തൊട്ടാല്‍ പൊള്ളുന്ന വിഷയമായതിനാലും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സി.പി.എമ്മുമായി ഏറ്റുമുട്ടലിലേക്ക് നീങ്ങരുതെന്ന് സി.പി.ഐ കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാലുമാണ് പരസ്യവിമര്‍ശനത്തിന് കാനം മുതിരാത്തതെന്നാണ് വിവരമെന്ന് ചന്ദ്രിക റിപ്പോർട്ട് ചെയ്യുന്നു ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ തുടക്കം മുതല്‍ വീഴ്ച സംഭവിച്ചതായാണ് സി.പി.ഐയുടെ വിലയിരുത്തല്‍. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കികൊണ്ടുള്ള കോടതി വിധിയുടെ വിശദാംശങ്ങള്‍ അറിയും മുമ്പ് പൊലീസ് മേധാവിയും മറ്റും തിടുക്കപ്പെട്ട് നടത്തിയ പ്രസ്താവനകളെ പരസ്യമായി തന്നെ സി.പി.ഐ നേതാവ് വിമര്‍ശിച്ചിരുന്നു.
വിഷയം സങ്കീര്‍ണമാക്കുന്നത് കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാന്‍ ഇടയാക്കുമെന്നാണ് മുന്നണിയിലെ മറ്റ് ഘടകകക്ഷികളുടെയും നിലപാട് .എന്നാല്‍ ഇതേക്കുറിച്ചുള്ള ആശങ്ക സി.പി.ഐ നേതാക്കളോടും അടുപ്പമുള്ള ചില സി.പി.എം നതാക്കളോടും പങ്കുവെയ്ക്കുന്നതിനപ്പുറത്തേക്കുപോകാനുള്ള തന്റേടം ഘടകകക്ഷികള്‍ക്കില്ല. പിണറായിയെ പിണക്കിയാല്‍ മന്ത്രിസ്ഥാനമല്ല മുന്നണിയില്‍ തന്നെ ഉണ്ടാകില്ലെന്ന് അവര്‍ ഭയക്കുന്നു.
മുഖ്യമന്ത്രിക്ക് ഉപദേശകര്‍ അനവധിയുണ്ടെങ്കിലും വസ്തുതകള്‍ മനസിലാക്കി കൊടുക്കാന്‍ അവര്‍ക്കുകഴിയുന്നില്ലെന്നാണ് എല്‍.ഡി.എഫിലെ ഒരുഘടകകക്ഷി നേതാവ് പറഞ്ഞത്. ജനങ്ങളെ അകറ്റിനിര്‍ത്തുന്ന മുഖ്യമന്ത്രിക്ക് അവരുടെ വികാരം നേരിട്ട് മനസിലാക്കാനാകുന്നുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ തുടക്കം മുതല്‍ മുഖ്യമന്ത്രിക്ക് പാളിച്ച പറ്റിയെന്നാണ് സി.പി.എമ്മിലെ മഹാഭൂരിപക്ഷത്തിന്റെയും ഘടകകക്ഷിനേതാക്കളുടെയും വിലയിരുത്തല്‍. എന്നാല്‍ ഇത് തുറന്നുപറഞ്ഞാല്‍ അദ്ദേഹത്തിന്റെ പ്രതികരണം എന്താകുമെന്ന ചിന്തയാണ് എല്ലാവരെയും പിന്തിരിപ്പിക്കുന്നത്.
ഇതിനിടെ മുഖ്യമന്ത്രിയുടെ അടുത്തയാളാകാന്‍ ചില മന്ത്രിമാര്‍ ശബരിമല വിഷയത്തില്‍ പ്രതികരിക്കുന്നുമുണ്ട്.
വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടുന്നു എന്ന തോന്നല്‍ പൊതുസമൂഹത്തിനുണ്ടായപ്പോള്‍ അതിനെ ശക്തിപ്പെടുത്തുന്ന നിലപാട് പരസ്യമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. റിവ്യുഹര്‍ജി നല്‍കുന്നത് പരിഗണിക്കുമെന്നതുള്‍പ്പെടെ പ്രതിഷേധത്തെ തണുപ്പിക്കും വിധം സംസാരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെ പരസ്യമായി ശാസിച്ചതോടെ ഈശ്വര വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയുമല്ലാം ഇല്ലാതാക്കാനുള്ള കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന ധാരണ സമൂഹത്തില്‍ പരക്കുകയും വിവിധ മതനേതാക്കള്‍ സര്‍ക്കാരിന്റെ സമീപനത്തിനെതിരെ തിരിയുകയും ചെയ്തു. ശബരിമലയിലെ സ്ഥിതി വഷളാകുന്നുവെന്ന് കണ്ട് സംയമനത്തിന്റെ ഭാഷയില്‍ സംസാരിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും കെ.കെ.ഷൈലജയുടെയും വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാന്‍ പാര്‍ട്ടി തയ്യാറായില്ല. ശബരിമലയിലെ സ്ഥിതി കോടതിയെ ധരിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം വന്നതിനുപിന്നാലെ ദേവസ്വം ബോര്‍ഡിന്റേതില്‍നിന്ന് വത്യസ്ത സമീപനമാണ് പാര്‍ട്ടിയുടേതെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് അറിയിച്ചത് പിണറായിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു എന്നാണ് സൂചന. ശബരിമലയിലെ പ്രശ്‌നങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വര്‍ഗീയ മുതലെടുപ്പിന് ബി.ജെ.പി ക്ക് അവസരം ഒരുക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. നോട്ട് നിരോധനവും ഇന്ധനവിലകയറ്റവും റഫാല്‍ അഴിമതി ആരോപണങ്ങളുമല്ലാം ദേശീയതലത്തില്‍ തന്നെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ സുപ്രീം കോടിതി വിധിയെ സ്വാഗതം ചെയ്ത് ആര്‍.എസ്.എസ് നേതൃത്വം രംഗത്തുവന്നതും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും വിഭാഗീയതില്‍ പെട്ട് നട്ടംതിരിഞ്ഞിരുന്ന കേരളത്തിലെ ബി.ജെ.പിയെ ആകെ ഉലച്ചിരുന്നു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെതിരെ ഭക്തരുടെ പ്രതിഷേധം വ്യാപകമായിട്ടും ഇതിന്റെ ഗൗരവം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഇനിയും സംസ്ഥാന സര്‍ക്കാരിനായിട്ടില്ല. ബി.ജെ.പിക്ക് ഭക്തരുടെ സമരത്തെ ഹൈജാക്ക് ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിന് അവസരം ഒരുക്കുന്നതരത്തിലാണ് സര്‍ക്കാരിന്റെ നീക്കങ്ങളെന്നാണ് വിമര്‍ശനം .