എസ്‌.ഇ. ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി , ഇ.എസ്‌. ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരി മാളികപ്പുറത്ത്‌

ശബരിമല: എസ്. ഇ. ശങ്കരന്‍ നമ്പൂതിരി (48) ശബരിമലയിലും തൃശൂര്‍ തലപ്പിള്ളി തെക്കുംകര എടക്കാനം ഇല്ലത്ത് ഇ. എസ്. ഉണ്ണിക്കൃഷ്‌ണന്‍ എമ്പ്രാന്തിരി (58) മാളികപ്പുറത്തും മേല്‍ശാന്തിമാരായി തിരഞ്ഞെടുക്കപ്പെട്ടു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും മേല്‍ശാന്തിമാരായി കണ്ടെത്തിയത്.വൃശ്‌ചികം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കായിരിക്കും ഇവര്‍ മേല്‍ശാന്തിമാരായി പ്രവര്‍ത്തിക്കുക.
ഇന്നലെ ഉഷപൂജയ്‌ക്കു ശേഷം സന്നിധാനത്ത്‌ ശ്രീകോവിലിനു മുന്നിലായിരുന്നു നറുക്കെടുപ്പ്‌. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ്‌ ആസ്‌ഥാനത്ത്‌ കൂടിക്കാഴ്‌ചയിലൂടെ തെരഞ്ഞെടുത്ത 14 പേരുകളാണ്‌ ശബരിമല മേല്‍ശാന്തിയെ കണ്ടെത്താനായി നറുക്കിട്ടത്‌. ഒരു വെള്ളിക്കുടത്തില്‍ ഇവരുടെ പേരുകള്‍ എഴുതിയ 14 ചുരുളുകളും മറ്റൊരു കുടത്തില്‍ ശൂന്യമായ 13 ചുരുളുകളും മേല്‍ശാന്തി എന്നെഴുതിയ ഒരു ചുരുളും നിക്ഷേപിച്ചു.
രണ്ടു കുടങ്ങളും തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌ ശ്രീലകത്തെ പീഠത്തില്‍വച്ച്‌ പൂജിച്ചതോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. എട്ടാമതായി എസ്‌.ഇ. ശങ്കരന്‍ നമ്പൂതിരിയുടെ പേരെഴുതിയ ചുരുളിനൊപ്പം മേല്‍ശാന്തി എന്നെഴുതിയ ചുരുളും ലഭിച്ചതോടെ സന്നിധാനത്ത്‌ ശരണംവിളി ഉയര്‍ന്നു. പന്തളം കൊട്ടാരത്തിലെ ശരണ്‍ വര്‍മയാണ്‌ നറുക്കെടുത്തത്‌.
തുടര്‍ന്ന്‌ മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്‌ നടന്നു. ശബരിമല മേല്‍ശാന്തിയായി നറുക്ക്‌ വീണ എസ്‌.ഇ. ശങ്കരന്‍ നമ്പൂതിരി അടക്കം അഞ്ചു പേരുകളാണ്‌ പട്ടികയിലുണ്ടായിരുന്നത്‌. ശബരിമലയില്‍ നറുക്ക്‌ വീണതിനാല്‍ ശങ്കരന്‍ നമ്പൂതിരിയുടെ പേര്‌ ഒഴിവാക്കി മറ്റ്‌ നാലു പേരെ മാത്രമാണു പരിഗണിച്ചത്‌. ശിശിര പി. വര്‍മ മാളികപ്പുറത്ത്‌ നറുക്കെടുത്തു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം.പി. ഗോവിന്ദന്‍ നായര്‍, അംഗങ്ങളായ സുഭാഷ്‌ വാസു, പി.കെ. കുമാരന്‍, സ്‌പെഷല്‍ കമ്മിഷണര്‍ കെ. ബാബു, ദേവസ്വം കമ്മിഷണര്‍ രാമരാജപ്രേമപ്രസാദ്‌, ജില്ലാ പോലീസ്‌ചീഫ്‌ നാരായണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Top