ആചാരം ലംഘിച്ചു: സമരം ഹൈജാക്ക് ചെയ്തു; പാർട്ടിയെ പ്രതിസന്ധിയിലാക്കി: സുരേന്ദ്രനെതിരെ പരാതിപ്രളയവുമായി ബിജെപി സംസ്ഥാന നേതൃത്വം; പാർട്ടിയിൽ വിഭാഗീയത കൊടുമ്പിരിക്കൊണ്ടു

 സ്വന്തം ലേഖകൻ
 കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നടക്കുന്ന സമരങ്ങളുടെ വിജയത്തിനു പിന്നാലെ ബിജെപിയിൽ കൂട്ട അടിയും, കൂട്ടക്കുഴപ്പവും വിഭാഗീയതയും അതിരൂക്ഷം.  സുരേന്ദ്രന്റെ ജയിൽ വാസം ബിജെപി വിഭാഗീയതയുടെ ഭാഗമാണെന്ന ആരോപണമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. ഇതിനു പിന്നാലെ പാർട്ടിയിലെ ഒരു വിഭാഗം സുരേന്ദ്രനെതിരെ ശക്തമായ നിലപാടുകളുമായി രംഗത്ത് എത്തിയിട്ടുമുണ്ട്. സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് ആരോപണങ്ങൾ ഉയർത്തി ഇവർ പരാതിയും അയക്കാനൊരുങ്ങുകയാണ്. ശബരിമല സമരത്തെ ഇല്ലാതാക്കാൻ ബിജെപിയിലെ ഒരു വിഭാഗം തന്നെയാണ് സുരേന്ദ്രനെ കുരുതികൊടുത്തതെന്നാണ് ആരോപണം ഉയരുന്നത്. ഇതിനു സിപിഎമ്മിലെയും സംസ്ഥാന സർക്കാരിലെയും ഒരു വിഭാഗത്തിന്റെ പിൻതുണ ലഭിച്ചതായും ബിജെപി നേതൃത്വത്തിലെ സുരേന്ദ്രൻ അനുകൂലികൾ ആരോപിക്കുന്നു. ഈ ആരോപണവും ഇതിനുള്ള കാരണങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞ് സുരേന്ദ്രൻ അനുകൂല വിഭാഗം അഖിലേന്ത്യാ അധ്യക്ഷൻ അമിത്ഷായ്ക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ബിജെപിയിലെ ഒരു വിഭാഗം. ഇതോടെ സംസ്ഥാന നേതൃത്വത്തിൽ അതിരൂക്ഷമായ വിഭാഗീയത വീണ്ടും ആളിക്കത്തുമെന്ന് ഉറപ്പായി.
സെപ്റ്റംബർ 28 ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ ബിജെപി സമരത്തിന്റെ മുന്നണിയിൽ നിന്നിരുന്നത് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനായിരുന്നു. മറ്റെല്ലാം മറന്ന് സമരം സ്വയം ഏറ്റെടുത്തായിരുന്നു കെ.സുരേന്ദ്രൻ ബിജെപിയ്ക്കും സംഘപരിവാർ പ്രസ്ഥാനങ്ങൾക്കും വേണ്ടി മുന്നണിപ്പോരാളിയായി രംഗത്തിറങ്ങിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിനും മുകളിൽ വളർന്ന് പടർന്ന് പന്തലിച്ചായിരുന്നു സുരേന്ദ്രന്റെ ഒറ്റയാൾ പ്രകടനം. തുലാമാസ പൂജകൾക്ക് നട തുറന്നപ്പോഴും, ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കുമ്പോഴുമെല്ലാം സുരേന്ദ്രന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു ശബരിമല സന്നിധാനത്ത് കണ്ടത്. ശബരിമല സന്നിധാനത്തേയ്ക്ക് പോയിട്ട്, നിലയ്ക്കലേയ്ക്കു പോലും പി.എസ് ശ്രീധരൻപിള്ള എത്തിനോക്കാതിരുന്നപ്പോഴാണ്, കാടിനുള്ളിലൂടെ കിലോമീറ്ററുകൾ താണ്ടി കെ.സുരേന്ദ്രൻ സന്നിധാനത്ത് എത്തി സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് രംഗത്തിറങ്ങിയത്. ഇത്തരത്തിൽ സംസ്ഥാന നേതൃത്വത്തെപ്പോലും വെല്ലുവിളിച്ചുള്ള നീക്കങ്ങളായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ നടത്തിയിരുന്നത്. ഇതിൽ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള അടക്കമുള്ളവർക്ക് കടുത്ത അമർഷവുമുണ്ടായിരുന്നു.
ഇതിനിടെയാണ് കോഴിക്കോട്ട് നടന്ന യുവമോർച്ചയുടെ രഹസ്യയോഗത്തിലെ ശ്രീധരൻപിള്ളയുടെ പ്രസംഗം ഒരു വിഭാഗം ചോർത്തി പുറത്ത് വിട്ടത്. ഇതോടെ ബിജെപിയ്ക്കുള്ളിലെ ഗ്രൂപ്പിസം വീണ്ടും മറനീക്കി പുറത്ത് വന്നു. ഈ രഹസ്യയോഗത്തിലെ ശ്രീധരൻപിള്ളയുടെ പ്രസംഗം പുറത്തു വിട്ടത് സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗമാണെന്നായിരുന്നു ശ്രീധരൻപിള്ള അനുകൂലികളുടെ വാദം. ഇതേ തുടർന്ന് സുരേന്ദ്രനെ ശബരിമലയിലെ രണ്ടാം ഘട്ട സമരത്തിൽ നിന്നും ഒഴിവാക്കാൻ വരെ ബിജെപി നേതൃത്വത്തിലെ ഒരു വിഭാഗം ശ്രമിച്ചിരുന്നു. എന്നാൽ, കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെയാണ് സുരേന്ദ്രന് വീണ്ടും സന്നിധാനത്തെ സമരത്തിലേയ്ക്ക് കടക്കാൻ സാധിച്ചത്. എന്നാൽ, സുരേന്ദ്രന്റെ ഒറ്റയ്ക്കുള്ള പ്രകടനത്തിൽ കടുത്ത അതൃപ്തിയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനുള്ളത്. ഇത് തന്നെയാണ് ഏറ്റവും ഒടുവിൽ സുരേന്ദ്രന്റെ അറസ്റ്റിലും ജയിൽ വാസത്തിലും കലാശിച്ചിരിക്കുന്നതെന്നാണ് സൂചന.
ശബരിമലയിൽ വൃശ്ചിക മാസം ആദ്യത്തിൽ സമരം നടത്തി സമരത്തിൽ നിന്നു പിന്മാറുന്നതിനായിരുന്നു ബിജെപിയുടെ നീക്കം. ആവശ്യമെങ്കിൽ സന്നിധാനത്ത് രണ്ട് ഘട്ടമായി ശരണം വിളിക്കുന്നതിനും, പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് അറസ്റ്റിനു വഴങ്ങുന്നതിനും സമരം ഒതുക്കണമെന്നായിരുന്നു തീരുമാനം. പിന്നീട്, വിവിധ ഹൈന്ദവ സംഘടനകൾ നടത്തുന്ന സമരത്തിനു പിൻതുണ നൽകിയാൽ മതിയെന്നുമാണ് ബിജെപി തീരുമാനിച്ചിരുന്നത്. എന്നാൽ, എല്ലാം പൊളിച്ചു കളഞ്ഞത് സുരേന്ദ്രന്റെ അപ്രതീക്ഷിത എൻട്രിയായിയിരുന്നു. പാർട്ടി തീരുമാനത്തിനു വിരുദ്ധമായി സന്നിധാനത്തേയ്ക്ക് കയറാനെത്തിയ സുരേന്ദ്രൻ, പൊലീസിന്റെ അറസ്റ്റിനു വഴങ്ങുകയും, ഇവിടെ നിന്നും ഇരുമുട്ടിക്കെട്ടുമായി ജയിലിലേയ്ക്ക് പോകുകയുമായിരുന്നു. പാർട്ടി നിലപാടിനു വിരുദ്ധമായി ബിജെപി സമരം സുരേന്ദ്രൻ ഹൈജാക്ക് ചെയ്തു എന്ന ആരോപണമാണ് പല കോണുകളിൽ നിന്നും ഇപ്പോൾ ഉയരുന്നത്. സുരേന്ദ്രന്റെ വ്യക്തി താല്പര്യങ്ങൾ മാത്രമാണ് ഈ കേസിൽ ഉയർന്നു നിൽക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
സുരേന്ദ്രൻ അറസ്റ്റിലായതും, പിന്നീട് പല കേസുകൾ ഉയർത്തിക്കൊണ്ടു വന്നതും ബിജെപിയ്ക്കുള്ളിലെ വിഭാഗീയതയുടെ ഭാഗമായി തന്നെയാണെന്നാണ് സുരേന്ദ്രൻ പക്ഷത്തിന്റെ ആരോപണം. സുരേന്ദ്രന്റെ പ്രകടനത്തിൽ കടുത്ത അസംതൃപ്തിയാണ് എതിർവിഭാഗം പ്രകടിപ്പിക്കുന്നത്. സുരേന്ദ്രന്റെ അമ്മയുടെ മരണവും, പൊലീസ് സ്റ്റേഷനിൽ വച്ച് ഇരുമുടിക്കെട്ട് താഴെയിട്ട സംഭവങ്ങളും അടക്കം ഇവർ കേന്ദ്ര നേതൃത്വത്തിന്റെ മുന്നിൽ എത്തിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം ഏതുവിധേനയും തടയുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരത്തിൽ ഹിന്ദു ആചാര സംരക്ഷണത്തിനായി ബിജെപി സമരം നടത്തിയപ്പോൾ സുരേന്ദ്രന്റെ നീ്ക്കങ്ങൾ തിരിച്ചടിയായതായി തെളിവ് സഹിതം ഇവർ കേന്ദ്ര നേതൃത്വത്തിനു മുന്നിൽ നിരത്തുന്നു.
സുരേന്ദ്രൻ അറസ്റ്റിലായെങ്കിലും പേരിന് പോലും പ്രതിഷേധം ബിജെപിയുടെ നേതാക്കളിൽ നിന്നും ഉണ്ടായില്ല. ഒരു സംസ്ഥാന നേതാവ് പോലും ഇതുവരെയും സുരേന്ദ്രനെ ജയിലിൽ എത്തി സന്ദർശിക്കാൻ തയ്യാറായിട്ടില്ല. ഇതു മാത്രമല്ല, പേരിന് കളക്ടറേറ്റ് എസ്.പി ഓഫിസ് മാർച്ചുകൾ സംഘടിപ്പിച്ചതല്ലാതെ സുരേന്ദ്രന് നിയമസഹായം നൽകാൻ പോലും പല ബിജെപി നേതാക്കളും ഇനിയും തയ്യാറായിട്ടില്ല. ഇതെല്ലാം വിരൽ ചൂണ്ടുന്നത് സുരേന്ദ്രനെതിരെ വലിയ ഒരു കോക്കസ് തന്നെ ബിജെപിക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ്. സിപിഎമ്മിന്റെ ഒരു ജില്ലാ സെക്രട്ടറിയാണ് ഇത്തരത്തിൽ അന്യായമായ കള്ളക്കേസുകളിൽ കുടുങ്ങി ജയിലിൽ കഴിയേണ്ടി വന്നിരുന്നതെങ്കിൽ കേരളത്തിലുണ്ടാകുമായിരുന്ന സ്ഥിതി എന്താണെന്ന് ചിന്തിക്കുക പോലും സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പേരിന് പോലും പ്രതിഷേധമില്ലാതെ ജയിലഴിക്കുള്ളിൽ കഴിയുന്നത്. സുരേന്ദ്രന്റെ വാഹനം കടന്നു പോകുന്ന സ്ഥലങ്ങളിൽ ഇദ്ദേഹത്തിന് അഭിവാദ്യം അർപ്പിച്ച് ഒരു വിഭാഗം പ്രവർത്തകർ എത്തിച്ചേരുന്നുണ്ട്. എന്നാൽ, ഇവരെ ഏകോപിപ്പിക്കുന്നതിനു സംസ്ഥാന – ജില്ലാ നേതാക്കളിൽ ആരും തന്നെ എത്തുന്നില്ലെന്നതും പ്രത്യേകം നോക്കിക്കാണേണ്ടത് തന്നെയാണ്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ അറസ്റ്റും ബിജെപി സിപിഎം ഒത്തുകളിയും വ്യക്തമാകുന്നത്.
സുരേന്ദ്രനെ അറസ്റ്റ് ചെയ്തതോടെ  ആചാര ലംഘകൻ എന്ന മുദ്രചാർത്തുന്നതിനാണ് ബിജെപി സംസ്ഥാന നേതാക്കൾ ശ്രമിക്കുന്നത്. സമരം ഹൈജാക്ക് ചെയ്ത് ഒറ്റയാൾ നേതാവായി സുരേന്ദ്രൻ മാറുന്നു എന്നാരോപിച്ച് ഒരു വിഭാഗം ഇതിനോടകം തന്നെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതിയും അയച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ സുരേന്ദ്രന്റെ ജയിൽ വാസം അനിശ്ചിതമായി നീണ്ടു പോകുന്നത്.  മഞ്ചേശ്വരത്ത് സുരേന്ദ്രനെ കാലുവാരി തോൽപ്പിച്ചതാണെന്ന ആരോപണം നേരത്തെ തന്നെ നിലവിലുണ്ട്. ഹൈക്കോടതിയിൽ സുരേന്ദ്രൻ നൽകിയ കേസ് പോലും പാർട്ടി നേതൃത്വത്തോട് ആലോചിക്കാതെയാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ ആചാര ലംഘനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി സുരേന്ദ്രനെതിരെ പുതിയ കുറ്റപത്രം ബിജെപിയിൽ ഉയർന്നിരിക്കുന്നത്.
സുരേന്ദ്രൻ അറസ്റ്റിലായില്ലായിരുന്നെങ്കിൽ വൃശ്ചികം അഞ്ചിനകം സമരം അവസാനിപ്പിക്കാനായിരുന്നു ബിജെപി നേതൃത്വത്തിന്റെ പദ്ധതി. എന്നാൽ, സുരേന്ദ്രന്റെ അറസ്റ്റിനു പിന്നാലെ ഈ പദ്ധതി പാളിപ്പോകുകയും ചെയ്തു. ശബരിമല വിഷയത്തിൽ നിന്നു ബിജെപിയ്ക്ക് പിന്നാക്കം പോകാനാവാതെ വന്നത് സുരേന്ദ്രന്റെ അറസ്‌റ്റോടെയാണ്. ഈ സാഹചര്യത്തിലാണ് ബിജെപിയ്ക്കുള്ളിൽ സുരേന്ദ്രനെതിരെ കടുത്ത എതിർപ്പ് ഉയർന്നിരിക്കുന്നത്.
Top