ലീഗൽ ഡെസ്‌ക്
ന്യൂഡെൽഹി: ശബരിമലയിൽ പ്രായ ഭേദമില്ലാതെ സ്ത്രീകൾക്കും പ്രവേശനം വേണമെന്ന കേസിൽ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. മുതിർന്ന അഭിഭാഷകരായ രാമു രാമചന്ദ്രൻ, കെ രാമമൂർത്തി എന്നിവരെയാണ് കോടതി നിയമിച്ചത്.
ഭഗവാന് ആൺ പെൺവിവേചനമില്ലെന്നും ഭഗവത് ഗീതയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ആത്മീയത പുരുഷന് മാത്രമാണോ ഉള്ളത് എന്നും കോടതി ചോദിച്ചു. ശബരിമലയിൽ പത്തിനും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷനും അഞ്ച് വനിതാ അഭിഭാഷകരും ചേർന്നാണ് പൊതു താത്പര്യഹർജി നൽകിയത്. ജസ്റ്റിസ് പി.സി. ഘോഷ്, ജസ്റ്റിസ് എൻ.വി. രമണ എന്നിവരുമടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നത് ആചാരങ്ങൾക്ക് എതിരാണെന്നും ഭരണഘടനയുടെ 25, 26 അനുഛേദങ്ങൾ പ്രകാരം കാലാകാലങ്ങളായി തുടരുന്ന ആചാരങ്ങൾ ലംഘിക്കരുതെന്ന് പറയുന്നുണ്ടെന്നും സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.