കൊച്ചി: കലാഭവന്‍ മണിക്കൊപ്പം താന്‍ മദ്യപിച്ചിരുന്നില്ലെന്ന് ടി വി അവതാരകന്‍ സാബുപറഞ്ഞത് പച്ചക്കളളമെന്ന് മണിയുടെ മാനേജര്‍. ബിയറുമായെത്തിയ സാബുവും സംഘവും മണിയ്‌ക്കൊപ്പം മദ്യപിക്കുന്നത് നേരിട്ട് കണ്ടെന്ന് കലാഭവന്‍ മണിയുടെ മാനേജര്‍ ജോബി ചാനലുകളോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന സംശയം തന്നെയാണ് ജോബിയുടെ വാക്കുകളിലും ഉള്ളത്. മണിക്ക് ശാരീരികപ്രശ്‌നങ്ങള്‍ ഉണ്ടായ മണിയുടെ താല്‍ക്കാലിക വിശ്രമകേന്ദ്രമായ പാഡിയില്‍ നിന്നും ആദ്യം അനുജനായ രാമകൃഷ്ണനെ ഇക്കാര്യം ആദ്യം അറിയിക്കുന്നത് കലാഭവന്‍ മണിയുടെ മാനേജര്‍ ജോബി ആയിരുന്നു എന്ന് രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇത് ജോബിയും സമ്മതിക്കുന്നു.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത അരുണ്‍, മുരുകന്‍, വിപിന്‍ എന്നിവരില്‍ അരുണ്‍, കലാഭവന്‍ മണി രക്തം ഛര്‍ദ്ദിച്ചുവെന്നും അവശത കാണിച്ചുവെന്നും ഫോണില്‍ തന്നെ വിളിച്ചു പറയുമ്പോഴാണ് താന്‍ പാഡിയില്‍ എത്തുന്നതെന്ന് ജോബി പറഞ്ഞു. താന്‍ അവിടെ എത്തുന്നതിനു മുന്‍പ് അരുണ്‍ വീണ്ടും വിളിച്ചിരുന്നു. അവിടെ ചെന്നപ്പോള്‍ ചാലക്കുടിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയായ കപ്പല്‍ ഹോസ്പിറ്റലിലെ ലേഡി ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെ ഉണ്ടായിരുന്നു എന്നും മണിക്ക് ഇവര്‍ ട്രിപ്പ് കയറ്റുകയായിരുന്നു എന്നും ജോബി പറഞ്ഞു. അവിടെ ചെന്നിട്ടും മദ്യപാനത്തിന്റെ അസ്വസ്തതകളാണ് മണി കാണിച്ചതെന്ന കാര്യം ആരും തന്നോട് പറഞ്ഞില്ല. മണിക്കപ്പോഴും ബോധമുണ്ടായിരുന്നു. രാവിലെ രക്തം ഛര്‍ദ്ദിച്ചത് മൂലം ക്ഷീണം കാണിച്ചിരുന്നതിനാലാണ് ട്രിപ്പ് കയറ്റുന്നതെന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞു.
അപ്പോഴും മണി ആശുപത്രിയില്‍ പോവാന്‍ സമിതിക്കുന്നുണ്ടായിരുന്നില്ല. ഈ സമയം മണിയുടെയും തന്റെയും സുഹൃത്തായ ഡോ. സുമേഷിനെ താന്‍ വിളിച്ചുവരുത്തി. സുമേഷ് പറഞ്ഞിട്ടും സമ്മതിക്കാതിരുന്നപ്പോഴാണ് മണിക്ക് സേഡേഷന്‍ കൊടുത്തത്. ഇതിനിടെ മണിയുടെ അനുജന്‍ രാമകൃഷ്ണനെ വിളിച്ചു കാര്യം പറഞ്ഞു. കരള്‍ രോഗം വന്നതിനുശേഷവും മണിയുടെ അമിത മദ്യപാനം പലപ്പോഴും അനിയന്‍ രാമകൃഷ്ണന്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് മണിയെ അതുവരെ ചികിത്സിച്ചിരുന്ന അമൃത ആശുപത്രിയിലേക്ക് ഡോ. സുമേഷിന്റെ വാഹനത്തില്‍ കൊണ്ടുപോയിയെന്നും ഈ സമയത്തും മണിക്ക് ബോധം ഉണ്ടായിരുന്നുവെന്നും വെള്ളം കുടിക്കണമെന്നും പറഞ്ഞതായി ജോബി പറയുന്നു.
മണിയെ കാണുവാന്‍ തലേന്നു വന്ന തരികിട സാബു താന്‍ അന്ന് മദ്യപിച്ചിരുന്നില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ പറഞ്ഞത് തെറ്റാണെന്നും ജോബി പ്രതികരിച്ചു. സാബുവും കൂട്ടാളികളും പാഡിയില്‍ മണിയെ കാണാനായി എത്തുമ്പോള്‍ അവിടെ മണിക്കൊപ്പം താനും ഉണ്ടായിരുന്നു. ഇവര്‍ വന്ന വണ്ടിയുടെ അകത്ത് ബിയര്‍ ഉണ്ടായിരുന്നു. ഇത് പുറത്തെടുത്ത് സാബുവും കൂട്ടുക്കാരും കഴിച്ചു. മദ്യപിച്ച സാബുവിനെ വണ്ടി ഓടിച്ചു പോവാന്‍ മണി അനുവദിച്ചില്ല. തുടര്‍ന്ന് മണിയുടെ ഡ്രൈവര്‍ പീറ്റര്‍, സാബുവിനെ എറണാകുളത്ത് സാബുവിന്റെ വണ്ടിയില്‍ തന്നെ കൊണ്ടുപോയാക്കിയെന്നും ജോബി പറയുന്നു. സാബുവിനോടൊപ്പം ജാഫര്‍ ഇടുക്കിയും ഉണ്ടായിരുന്നു.
ഇവര്‍ രണ്ടു പേരുമല്ലാതെ മലയാള സിനിമയിലെ ഒരു പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും, പുതിയതായി സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ഒരു യുവ സംവിധായകനും ഉള്‍പ്പെടെ നാലോളം പേര്‍ സബുവിനോടൊപ്പം ഇവരുടെ കൂടെ പാഡിയില്‍ വന്നതായി ജോബി പറയുന്നു. തുടര്‍ന്ന് ഇവര്‍ കൊണ്ടുവന്ന ബിയര്‍ മണിയോടൊപ്പം ഇരുന്നു കഴിച്ചുവെന്നും ജോബി വ്യക്തമാക്കി. ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവര്‍ കലാഭവന്‍ മണി ചാലക്കുടിയില്‍ എത്തിയാല്‍ എപ്പോഴും കൂടെയുണ്ടാകുന്നവരാണെന്നും, ഇതില്‍ അരുണ്‍ എപ്പോഴും മണിക്കൊപ്പം ഉണ്ടാവാറുള്ള ആളാണെന്നും, വിപിന്‍ മണിയുടെ ഭാര്യ നിമ്മിയുടെ ബന്ധുവാണെന്നും ജോബി വ്യക്തമാക്കി. അതേസമയം സാബുവിനൊപ്പമെത്തിയ നാല്‍വര്‍ സംഘം അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.