
കൊച്ചി : നടന് കലാഭവന്‍ മണിയുടെ മരണത്തില്‍ മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണനും ടെലിവിഷന്‍ താരം സാബുമോനും (തരികിട സാബു) തമ്മിലുള്ള വാക്പോര് വ്യക്തിപരമായ അവഹേളനങ്ങളിലേയ്ക്ക് നീങ്ങുന്നു. മണി കൊലചെയ്യപ്പെട്ടതാണെന്ന വാദത്തില്‍ തുടക്കം മുതല്‍ ഉറച്ചു നിന്നുകൊണ്ട് ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും രാമകൃഷ്ണന് തനിക്കെതിരെ നടത്തിയിട്ടുള്ള അവഹേളനപരമായ പ്രസ്താവനകള്‍ അതിരുകടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സാബുമോന് വീണ്ടും രംഗത്തെത്തി.
ചാനല്‍ കാമറയ്ക്ക് മുന്നിലിരുന്ന് തന്നെ മനോരോഗിയെന്നും ഡ്രഗ് അഡിക്റ്റെന്നും വിളിച്ച രാമകൃഷ്ണനോട് എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും തനിക്കെതിരായ ആരോപണങ്ങള്കേട്ട് തന്റെ അമ്മയുടെ കണ്ണില്‍ നിന്നും വീണ ഓരോ തുള്ളി കണ്ണീരിനും രാമകൃഷ്ണന് മറുപടി പറയേണ്ടി വരുമെന്നും സാബു പറഞ്ഞു.
കള്ളത്തരങ്ങളും, വ്യാജ വികാര പ്രകടനങ്ങളും കാണിച്ച് ലക്ഷക്കണക്കിനു വരുന്ന മണിച്ചേട്ടന്റെ ആരാധകരെ എത്ര നാള് വഞ്ചിക്കാന്‍ രാമകൃഷ്ണന് കഴിയുമെന്നത് കാത്തിരുന്ന് കാണാമെന്നും മണിച്ചേട്ടനെക്കുറിച്ചുള്ള വിവരങ്ങള്‍ പറയാന്‍ യോഗ്യതയുള്ളത് മണിച്ചേട്ടന്റെ ഹൃദയത്തോട് ചേര്‍ന്നു നിന്ന ഉറ്റ സുഹൃത്തുക്കള്‍ക്കാണെന്നും അല്ലാതെ ഒരു തരത്തിലും മണിച്ചേട്ടന് അടുപ്പിച്ചിട്ടില്ലാത്ത രാമകൃഷ്ണനല്ലെന്നും സാബു തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിക്കുന്നു. എങ്ങനെയൊക്കെ മറച്ചുവെച്ചാലും സത്യം ഒരുനാള്‍ പുറത്തുവരുമെന്ന് പറഞ്ഞാണ് സാബു തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.