സ്പോട്സ് ഡെസ്ക്
മുംബൈ: ക്രിക്കറ്റ് കളിച്ചതിനേക്കാൾ ബുദ്ധിമുട്ടിയത് അഭിനയിക്കാനായിരുന്നുവെന്ന് മുൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ. ക്രിക്കറ്റ് ആരാധകരും ചലച്ചിത്ര പ്രേമികളും കാത്തിരുന്ന സച്ചിൻ വേഷമിടുന്ന ചിത്രം എ ബില്ല്യൻ ഡ്രീംസിന്റെ ടീസർ പുറത്തു വന്നതിന്റെ പിന്നാലെയാണ് സച്ചിന്റെ പ്രതികരണം. ജെയിംസ് എർസ്കിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ക്രിക്കറ്റിലെയും സ്വകാര്യ ജീവിതത്തിലെയും വിശേഷങ്ങൾ പങ്കു വെക്കുന്ന സിനിമയുടെ പോസ്റ്ററുകൾ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. 5 രാജ്യങ്ങളിലായി 30 മാസത്തോളം സമയമെടുത്ത് ചിത്രീകരിക്കുന്ന ചിത്രം ലോകത്താകെ 200 തിയറ്ററുകളിൽ റിലീസ് ചെയ്യും.
രവി ഭാഗ്ചാന്ദ്കയും കാർണിവൽ മോഷൻ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 200 നോട്ടൗട്ടാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.എ. ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചത്.