സ്പോട്സ് ലേഖകൻ
ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ആത്മകഥ പ്ളേയിങ്ങ് ഇറ്റ് മൈ വേ ലിംക റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു.
ഫിക്ഷൻനോൺ ഫിക്ഷൻ വിഭാഗങ്ങളിലായി ഏറ്റവുമധികം വിൽപനയുള്ള ആത്മകഥാ പുസ്തകം എന്ന വിഭാഗത്തിലാണ് പ്ളേയിംഗ് ഇറ്റ് മൈ വേ ഇടംപിടിച്ചത്. 2014 നവംബർ ആറിന് പുറത്തിറങ്ങിയ പുസ്തകം ഇരുവിഭാഗങ്ങളിലുമായി വിൽപന റെക്കോർഡുകളും ഭേദിച്ച് മുന്നേറുകയാണ്. ഹാച്ചെറ്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ഇതിനകം 1,50,289 കോപ്പികളാണ് വിറ്റഴിഞ്ഞത്.
പ്ളേയിങ്ങ് ഇറ്റ് മൈ വേ ആദ്യദിവസം തന്നെ പ്രീഓർഡറിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ലോകോത്തര കൃതികളായ ഡാൻ ബ്രൗണിന്റെ ഇൻഫേർണോ, വാൾട്ടർ ഇസാക്സണിന്റെ സ്റ്റീവ് ജോബ്സ്, ജെകെ റൗളിംഗിന്റെ കാഷ്വൽ വേക്കൻസി എന്നീ പുസ്തകങ്ങളുടെ എല്ലാം പ്രീഓർഡർ റെക്കോർഡ് പ്ളേയിംഗ് ഇറ്റ് മൈ വേ ആദ്യദിനം തന്നെ തിരുത്തിക്കുറിച്ചിരുന്നു.