ന്യൂയോര്‍ക്ക്!: ആരാധകര്‍ക്ക് ആവേശമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീണ്ടും ക്രീസിലേക്ക്. സച്ചിനും ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും പ്രധാന പ്രചാരകരായ വെറ്ററന്‍ ട്വന്റി20 ക്രിക്കറ്റ് ലീഗിന്റെ ഭാഗമായാണ് സച്ചിന്‍ വീണ്ടും ക്രീസിലിറങ്ങുന്നത്.
നവംബര്‍ ഏഴ് മുതല്‍ അമേരിക്കയിലാണ് ടൂര്‍ണമെന്റ്. ആധുനിക ക്രിക്കറ്റിലെ പ്രമുഖരായ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ലീഗിന് ഓള്‍ സ്റ്റാര്‍ ലീഗ് എന്നാണ് പേരിട്ടിരിക്കുന്നത്. അമേരിക്കയില്‍ മൂന്ന് മത്സരങ്ങളാണ് ഇപ്പോള്‍ ഓള്‍ സ്റ്റാര്‍ ലീഗില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ ഏഴിന് സിറ്റി ഫീല്‍ഡിലെ ബേസ്‌ബോള്‍ ഫീല്‍ഡിലാണ് ആദ്യ മത്സരം. നവംബര്‍ 11ന് ഹൂസ്റ്റണിലെ മിനിറ്റ് മെയ്ഡ് പാര്‍ക്കിലും 14ന് ലോസാഞ്ചല്‍സിലെ ഡോഡ്ജര്‍ സ്‌റ്റേഡിയത്തിലും തുടര്‍ന്നുള്ള മത്സരങ്ങള്‍ നടക്കും.
അമേരിക്കയില്‍ ക്രിക്കറ്റിന്റെ പ്രചാരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ ലീഗ് സംഘടിപ്പിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു.
സച്ചിനും വോണും നയിക്കുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടമാകും ലീഗിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലീഗില്‍ മുന്‍ താരങ്ങളായ പാക്കിസ്ഥാന്റെ വസിം അക്രം, വെസ്റ്റീഡീസ് താരം ബ്രയാന്‍ ലാറ, ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ്, ലങ്കന്‍ താരം മഹേള ജയവര്‍ധനെ, ഇംഗ്ലീഷ് താരം മൈക്കല്‍ വോന്‍ തുടങ്ങിയവരുമുണ്ടാകും.