കൊച്ചി:ആടുമേച്ചുനടന്ന തന്നെ നാടറിയുന്ന പാട്ടുകാരിയാക്കി മാറ്റിയ പ്രിയസംവിധായകനെ അവസാനമായി ഒരുനോക്കു കാണാൻ നഞ്ചിയമ്മ എത്തി. തമ്മനത്തെ ഡിഡി വില്ലയിലെ 15–-ാംനമ്പർ വീട്ടിൽ സച്ചിയുടെ മൃതദേഹം വച്ച ഫ്രീസറിനുമുകളില്‍ കെട്ടിപ്പിടിച്ച് നഞ്ചിയമ്മ പൊട്ടിക്കരഞ്ഞു.അയ്യപ്പനും കോശിയും സിനിമയിൽ രണ്ട് ഹിറ്റ് പാട്ടുകൾ പാടുകയും… അഭിനയിക്കുകയും ചെയ്ത അട്ടപ്പാടിയിലെ നഞ്ചിയമ്മ ഞെട്ടലോടെയാണ് സച്ചിയുടെ വേർപാടിൻ്റെ വാർത്ത കേട്ടത്.‘സച്ചി സാർ എനിക്ക് ദൈവത്തെപ്പോലെയാണ്. ആടു മാട് മേച്ചുനടന്ന എന്നെ, നാട്ടിൽ അറിയുന്ന ആളാക്കി. എനിക്കറിയില്ല എന്ത് പറയണമെന്ന്, ഈ മരണം സഹിക്കാനാകുന്നില്ല.’
അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാനചിത്രത്തിനുവേണ്ടി നഞ്ചിയമ്മ പാടിയ ദൈവമകളേ… എന്ന പാട്ട് സച്ചിക്കും പ്രിയപ്പെട്ടതായിരുന്നു. ആദ്യമായി എറണാകുളം നഗരം കാണാന്‍ നഞ്ചിയമ്മയെ സച്ചി ഒപ്പം കൊണ്ടുവന്നു. ‘‘സിനിമ പുറത്തിറങ്ങിയശേഷവും സച്ചി സാർ വിളിക്കാറുണ്ടായിരുന്നു. കുറച്ച് ദിവസംമുമ്പ് കാണാൻ വരുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, അതിങ്ങനെയാകുമെന്ന് കരുതിയില്ല’’–- നഞ്ചിയമ്മ വിതുമ്പി.
മലയാളം ഏറെ സ്‌നേഹിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിക്ക് സുഹൃത്തുക്കളും സഹപ്രവർത്തകരും നാടും കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. സച്ചി ബാക്കിയാക്കിയ സൗഹൃദസ്‌മരണകളിലും സിനിമാനുഭവങ്ങളിലും വിതുമ്പിയ അന്ത്യയാത്രാനിമിഷങ്ങൾ ഹൃദയഭേദകമായി. വെള്ളിയാഴ്ച രാവിലെ ഹൈക്കോടതിയിലെ അഡ്വക്കറ്റ്‌സ് അസോസിയേഷൻ ചേംബർ ഹാളിലും 10.30ന് തമ്മനത്തെ വസതിയിലും പൊതുദർശനത്തിന് വച്ചു.
സച്ചിയെയും അദ്ദേഹത്തിന്റെ സിനിമകളെയും സ്‌നേഹിച്ച നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ആത്മമിത്രങ്ങളായ തിരക്കഥാകൃത്ത് സേതുവും സംവിധായകൻ രഞ്ജിത്തും നിറകണ്ണുകളോടെ മൃതദേഹത്തിനരികിൽ ഉണ്ടായിരുന്നു. സംവിധായകരായ ജോഷി, ലാൽ, ബി ഉണ്ണിക്കൃഷ്ണൻ, ലാൽജോസ്, വൈശാഖ്, മേജർ രവി, എഴുത്തുകാരായ ബെന്നി പി നായരമ്പലം, ബോബി, ഉദയ്‌കൃഷ്ണ തുടങ്ങിയവരും നടന്മാരായ പൃഥ്വിരാജ്, മുകേഷ്, സുരേഷ് കൃഷ്‌ണ, ദിലീപ്, സിദ്ദിഖ്, ആസിഫ് അലി, ബിജു മേനോൻ, മനോജ് കെ ജയൻ, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, നടി മിയ ജോർജ് എന്നിവരും സിനിമ–-സാംസ്‌കാരിക––രാഷ്‌ട്രീയ രംഗത്തെ പ്രശസ്‌തരും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സച്ചിയെ അവസാനമായി കാണാനെത്തി.
സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി വി എസ് സുനിൽകുമാർ അന്ത്യാഞ്ജലി അർപ്പിച്ചു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്കുവേണ്ടി ഏരിയ സെക്രട്ടറി കെ ഡി വിൻസന്റ് അനുശോചനം അറിയിച്ചു. ജില്ലാ സെക്രട്ടറി സി എൻ മോഹനനും മേയർ സൗമിനി ജെയിനും തമ്മനത്തെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. വൈകിട്ട് നാലിന് മൃതദേഹം രവിപുരത്തെ പൊതുശ്മശാനത്തിലെത്തിച്ചു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ നൽകി. സഹോദരന്റെ മകൻ ചിതയ്ക്ക് തീകൊളുത്തി.