വാഷിങ്ടണ്‍: സദ്ദാം ഹുസൈനെതിരായ അമേരിക്കന്‍ നടപടികളാണ് ഇറാഖിനെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചതെന്ന് മുന്‍ സി ഐ എ ഉദ്യോഗസ്ഥന്‍. സദ്ദാമിനെ ചോദ്യം ചെയ്യുകയും നടപടികള്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്ത സി ഐ എ ഉദ്യോഗസ്ഥനെഴുതുന്ന പുസ്തത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉളളത്.
ഇറാഖ് ഭരിക്കാന്‍ സദ്ദാം ഹുസൈനെ അനുവദിക്കണമായിരുന്നുവെന്ന് മുന്‍ സി ഐ എ ഉദ്യോഗസ്ഥന്‍ ജോണ്‍ നിക്‌സണ്‍ പറയുന്നത്. പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുതിയ പുസ്തകത്തിലാണ് അമേരിക്കയിലെ ഇറാഖ് അധിനിവേശവും സദ്ദാംഹുസൈനെ തൂക്കിലേറ്റിയ നടപടിയും അമേരിക്കയുടെ തെറ്റായ തീരുമാനമായിരുന്നെന്ന് നിക്‌സണ്‍ പറയാതെ പറയുന്നത്. 2003ലെ ഇറാഖിലെ അമേരിക്കന്‍ അധിനിവേശ കാലത്ത് സദ്ദാം ഹുസൈനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരില്‍ ഒരാളാണ് ജോണ്‍ നിക്‌സണ്‍. ഒളിത്താവളത്തില്‍ നിന്ന് സദ്ദാം ഹുസൈനെ കണ്ടെത്തിയ സഖ്യ സേനയില്‍ നിക്‌സണും ഉണ്ടായിരുന്നു.
ഇറാഖ് ഭരിക്കാന്‍ സദ്ദാം ഹുസൈനെ പോലെ ശക്തനായ ഭരണാധികാരി വേണമായിരുന്നെന്ന് ജോണ്‍ നിക്സണ്‍ പറയുന്നു. നിലവിലെ യു.എസ് ബറാക് ഒബാമയും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും 2003ലെ ഇറാഖ് ആക്രമണത്തെ അംഗീകരിക്കുന്നില്ല. 2003ലെ ഇറാഖ് യുദ്ധവും അതിന്റെ അനന്തര ഫലങ്ങളും ഇന്നത്തെ മധ്യേഷ്യയിലെ പ്രശ്നങ്ങളെ മുന്‍കൂട്ടി സൂചിപ്പിക്കുകയായിരുന്നു. യുദ്ധത്തെ തുടര്‍ന്നാണ് വര്‍ഗീയവാദികള്‍ വെളിച്ചത്തു വന്നത്. അതാണ് ഇന്ന് ഇറാഖിനേയും സിറിയയേയും വേട്ടയാടുന്നതെന്നും നിക്സണ്‍ പറയുന്നു. സഖ്യസേന പിടികൂടിയ സദ്ദാം ഹുസൈനെ ചോദ്യം ചെയ്ത ജോണ്‍ നിക്സണ്‍ വിശദീകരിക്കുന്നു.
സുന്നി വിഘടനവാദികളെയും ഷിയാ ഭൂരിപക്ഷമുള്ള ഇറാഖിനെയും ഭരിക്കാന്‍ സദ്ദാമിനെ പോലെ ശക്തനായ ഒരു ഭരണാധികാരി ആവശ്യമായിരുന്നെന്ന് ഇറാഖിന്റെ ഇന്നത്തെ അവസ്ഥയില്‍ തോന്നുന്നതായി നിക്സണ്‍ പറയുന്നു. ഏകാധിപതിയും ക്രൂരനമായിരുന്നു സദ്ദാം. പക്ഷേ, അദ്ദേഹം തുടര്‍ന്നിരുന്നെങ്കില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഇത്രയും ശക്തിപ്രാപിക്കില്ലായിരുന്നു. സദ്ദാം തീര്‍ച്ചയായും വെറുക്കപ്പെട്ടവനായിരുന്നു. എന്നാല്‍ എങ്ങനെയാണ് ഇത്രയും കാലം ഇറാഖിനെ ഭരിച്ചതെന്ന് ചിന്തിക്കുമ്പോള്‍ സദ്ദാമിനോട് ബഹുമാനം തോന്നുന്നുവെന്നും നിക്സണ്‍ പറയുന്നു. രാജ്യ സ്നേഹിയായ പുരുഷനെന്ന വിശേഷണമാണ് അദ്ദേഹം സദാമിന് നല്‍കുന്നത്.
ഇതോടെ പ്രതിരോധത്തിലാകുന്നത് സദാമിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും മുന്നണി പോരാളിയുമായി നിന്ന അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് തന്നെയാണ്. ബുഷിനെതിരെ കൂടിയാണ് നികസ്ണിന്റെ വെളിപ്പെടുത്തലുകള്‍. രാജ്യദ്രോഹ കുറ്റത്തിന് സദാമിനെ തൂക്കിലേറ്റി കൊന്നത് ബുഷിന്റെ കടുത്ത നിലപാട് മൂലമായിരുന്നു. നിക്സണിന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുത്താല്‍ അമേരിക്കയുടെ തെറ്റായിരുന്നു സദാമിന്റെ മരണത്തിലേക്ക് എത്തിച്ചത്. നിക്സണ്‍ പുസ്തകത്തില്‍ വിവരിക്കുന്നത് ഇങ്ങനെ-
സദ്ദാം ഹുസൈനെ ചോദ്യം ചെയ്തപ്പോള്‍ അമേരിക്ക കരുതും പോലെ എളുപ്പമായിരിക്കില്ല ഇറാഖ് ഭരണമെന്ന് സദ്ദാം ഓര്‍മിപ്പിച്ചിരുന്നു. ‘നിങ്ങള്‍ പരാജയപ്പെടാന്‍ പോവുകയാണ്. ഇറാഖ് ഭരിക്കുന്നത് എളുപ്പമല്ലെന്ന് നിങ്ങള്‍ മനസിലാക്കാന്‍ പോകുന്നു.’ എന്തു കൊണ്ടെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ‘നിങ്ങള്‍ക്ക് ഭാഷയറിയില്ല, ചരിത്രമറിയില്ല, അറബ് മനസ് മനസിലാക്കാനും നിങ്ങള്‍ക്ക് സാധിക്കില്ല.’ ജനങ്ങളെ യോജിച്ചുപോകാന്‍ പഠിപ്പിച്ചത് താനാണെന്ന് സദ്ദാം പറഞ്ഞിരുന്നതായും നിക്സണ്‍ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
‘ഇറാഖ് എന്ന ബഹുവര്‍ഗ്ഗ സമൂഹത്തെ നിയന്ത്രിക്കാന്‍ സദ്ദാമിനെപ്പോലെ ശക്തനായ , അനുകമ്പയില്ലാത്ത ഒരു ഭരണാധികാരിയെയായിരുന്നു ആവശ്യം. സുന്നി തീവ്രവാദികളെയും ഷിയ തീവ്രവാദികളെയും ഒരു പോലെ ഒതുക്കാന്‍ കെല്‍പുള്ള സദ്ദാമിന്റെ ഭരണമായിരുന്നു ഇറാഖിന് വേണ്ടിയിരുന്നതെന്ന്’ നിക്‌സണ്‍ തന്റെ നിലപാട് വ്യക്തമാക്കുന്നു പുസ്തകത്തില്‍. ‘എന്റെ ഭരണത്തിന് മുമ്പ് കലാപവും ശണ്ഠയും മാത്രമായിരുന്നു ഇറാഖില്‍ നിന്ന് ഉയര്‍ന്നു കേട്ടത്. എല്ലാം ഞാന്‍ അവസാനിപ്പിച്ചു. ജനങ്ങളെ അനുസരിപ്പിക്കാനും പഠിപ്പിച്ചു’ -ചോദ്യം ചെയ്യലിനിടെ നിക്‌സണോട് സദ്ദാം പറഞ്ഞ വാക്കുകളാണിവ. ഒരര്‍ത്ഥത്തില്‍ സദ്ദാമായിരുന്നു ശരി എന്നാണ് മുന്‍ സി ഐ എ ഉദ്യോഗസ്ഥന്‍ പറയാതെ പറയുന്നത്.