ബഗ്ദാദ്: ഷിയ പുരോഹിതന്‍ മുഖ്തദ അല്‍ സദറിന്റെ ആയിരക്കണക്കിന് അനുയായികള്‍ പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്തു. മുദ്രാവാക്യം മുഴക്കിയാണ് ഇവര്‍ മന്ദിരത്തിനകത്തു പ്രവേശിച്ചത്. പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റിലെ കസേരകളും മറ്റു വസ്തുക്കളും തല്ലിത്തകര്‍ത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബഗ്ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കനത്ത സുരക്ഷയുള്ള ഭരണസിരാകേന്ദ്രമായ ഗ്രീന്‍ സോണിലാണ് സദര്‍ അനുയായികള്‍ കടന്നത്. ഇറാഖ് സര്‍ക്കാരിന്റെയും അമേരിക്കയുടെയും കടുത്ത വിമര്‍ശകനാണ് ഷിയ പുരോഹിതന്‍ മുഖ്തദ അല്‍ സദര്‍. പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. നഗരത്തിലേക്കുള്ള കവാടങ്ങള്‍ അടച്ച പൊലീസ് അതീവ ജാഗ്രതയിലാണ്.
മുന്‍പ് യുഎസ് സേനയുടെ ആസ്ഥാനമായിരുന്ന 10 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഗ്രീന്‍ സോണിലുള്ള വിദേശരാജ്യങ്ങളുടെ എംബസികളും അടച്ചതായാണു വിവരം. സുരക്ഷാവേലിക്കെട്ടുകള്‍ തകര്‍ത്തു സദറിന്റെ അനുയായികള്‍ ഇറാഖ് ദേശീയപതാക വീശി പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. എന്നാല്‍ സേനയുമായി പ്രക്ഷോഭകാരികള്‍ ഏറ്റുമുട്ടിയതായി വിവരമില്ല.
പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി മന്ത്രിസഭ പുനഃസംഘടനയ്ക്കു നീക്കം തുടങ്ങിയതോടെയാണു രാഷ്ട്രീയ പ്രതിസന്ധി ശക്തമായത്. ചില മന്ത്രിമാരെ മാറ്റാനായി ഇന്നലെ രാവിലെ പാര്‍ലമെന്റ് ചേര്‍ന്നെങ്കിലും ക്വോറം തികയാതെ പിരിയുകയായിരുന്നു. തൊട്ടുപിന്നാലെയാണു പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞത്. 2014ല്‍ ഐഎസ് ബഗ്ദാദ് ആക്രമിച്ചപ്പോള്‍ തലസ്ഥാന നഗരത്തെ പ്രതിരോധിച്ചതു സദറിന്റെ നേതൃത്വത്തിലെ ഷിയാ സേനയായിരുന്നു. പരിഷ്്കരണ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചു സര്‍ക്കാരിനെതിരെ ആഴ്ചകളായി സദറിന്റെ അനുയായികള്‍ പ്രതിഷേധം നടത്തിവരികയായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന മുന്നറിയിപ്പും സദര്‍ നല്‍കിയിട്ടുണ്ട്.
ഇതേസമയം, ബഗ്ദാദിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 23 ഷിയ തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു. 38 പേര്‍ക്കു പരുക്കേറ്റു. ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഇറാഖ് പ്രധാനമന്ത്രി നാടുവിട്ടെന്നും അഭ്യൂഹമുയര്‍ന്നെങ്കിലും പിന്നാലെ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഗ്രീന്‍ സോണ്‍ മേഖലയില്‍ സുരക്ഷാസൈനികര്‍ക്കൊപ്പം നടക്കുന്ന ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
വിവിധ പാര്‍ട്ടിക്കാരായ മന്ത്രിമാര്‍ക്കു പകരം സാങ്കേതികവിദഗ്ധരെ മന്ത്രിമാരായി നിയമിക്കാനുള്ള അബാദിയുടെ നീക്കമാണു വിവാദമായത്. ഇറാഖിലെ വിവിധ വംശീയവിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയാണു മന്ത്രിസഭാംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത്.