
ഇറങ്ങുന്ന എല്ലാ സിനിമകളും വിജയിക്കണമെന്നില്ല. പരാജയപ്പെടുന്നതും സ്വാഭാവികമാണ്. എന്നാല്‍ സിനിമ പരാജയപ്പെട്ടാല്‍ എത്ര താരങ്ങള്‍ പ്രതിഫലം വേണ്ടെന്ന് വെക്കും…ഇപ്പോഴിതാ സിനിമ പരാജയപ്പെട്ടതുകൊണ്ട് പ്രതിഫലം വേണ്ടെന്നു വച്ചിരിക്കുകയാണ് നടി സായി പല്ലവി. സായി പല്ലവിയും ശര്‍വാനന്ദും നായികാനായകന്മാരായി അഭിനയിച്ച പടി പടി ലച്ചേ മനസു എന്ന തെലുങ്ക് ചിത്രമാണ് ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടത്. തെലുങ്കിലെ നിര്‍മാതാക്കള്‍ സായിയുടെ ഈ പ്രവൃത്തിയെ വാനോളം പ്രശംസിക്കുകയാണ്. ആരാധകരും സോഷ്യല്‍ മീഡിയയില്‍ സായിയുടെ പ്രവര്‍ത്തിയെ വാനോളം പുകഴ്ത്തുന്നു.
22 കോടി ബജറ്റില്‍ ആന്ധ്രയിലും തെലുങ്കാനയിലും റിലീസ് ചെയ്ത ചിത്രത്തിന് വെറും എട്ടുകോടി മാത്രമേ തിരികെ ലഭിച്ചുള്ളൂ. നേരത്തെ ചെറിയ തുക അഡ്വാന്‍സായി സായി വാങ്ങിയിരുന്നെങ്കിലും നിര്‍മാതാക്കള്‍ ബാക്കിയുള്ള നാല്‍പ്പതു ലക്ഷത്തോളം രൂപ നല്‍കിയപ്പോഴാണ് സായി അത് വേണ്ടെന്ന് വച്ചത്. ഹനു രാഘവപുഡി സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും ചിത്രം പരാജയപ്പെടുകയായിരുന്നു.