ഡബ്ലിൻ : ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയം.താനെയിൽ പിടിയിലായ പ്രതിക്ക് ഇന്ത്യൻ രേഖകളില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുംബൈ പൊലീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ത്യയിൽ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിലാണ്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഹൗസ് കീപ്പിംഗ് ഏജൻസിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്താണെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും പൊലീസ് വ്യക്തമാക്കി. ഹൗസ് കീപ്പിംഗ് ഏജൻസിയിൽ ജോലി ചെയ്യുന്ന പ്രതി മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷഹസാദ്, വിജയ്ദാസ് എന്ന പേരിലാണ് ഇന്ത്യയിൽ കഴിഞ്ഞിരുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ടിസിഎസ് കോള്‍ സെന്ററിന് പിന്നിലെ മെട്രോ നിര്‍മ്മാണ സ്ഥലത്തിന് സമീപമുള്ള ലേബര്‍ ക്യാമ്പില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഡിസിപി സോണ്‍-6 നവ്നാഥ് ധവാലെയുടെ സംഘവും കാസര്‍വാഡാവലി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ ഒരു പബ്ബിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കരീന കപൂറിന്റെയും സൈഫ് അലിഖാന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി.അണുബാധ സാധ്യത ഒഴിവാക്കാന്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ ആകും എന്നാണ് പ്രതീക്ഷ.