ജീവിതത്തിലെ വലിയ പ്രതിസന്ധിയെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ച് നടി സൈറ വസീം. വിഷാദരോഗം പിടിപെട്ടപ്പോള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെന്ന് നടി പറഞ്ഞു. വിഷാദത്തോട് പൊരുതാന്‍ അല്‍പ്പം സമയം വേണമെന്നും എല്ലാത്തില്‍ നിന്നും ഒരു ഇടവേള എടുക്കുന്നുവെന്നും സൈറ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
സൈറ വസീമിന്റെ കുറിപ്പ് ഇങ്ങനെ:
ഒരുപാട് കാലങ്ങളായി വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും നടുവിലാണ് ജീവിക്കുന്നതെന്ന് തുറന്ന് പറയാനാണ് ഈ കുറിപ്പ് ഞാന്‍ എഴുതുന്നത്. വിഷാദത്തിനോടുള്ള ലോകത്തിന്റെ കാഴ്ചപ്പാട് എന്നെ ഇത് തുറന്ന് പറയുന്നതില്‍ നിന്ന് ഇത്രകാലം അകറ്റി നിര്‍ത്തി.
ജീവിതത്തിലെ ഒരു ചെറിയ ഘട്ടം മാത്രമായിരിക്കാം. പക്ഷേ, ഞാന്‍ ആഗ്രഹിക്കാത്ത പല സാഹചര്യങ്ങളിലും അതെന്നെ കൊണ്ടെത്തിച്ചു. അഞ്ച് തരത്തിലുള്ള ആന്റി ഡിപ്രസന്റുകള്‍ ഞാന്‍ ദിവസവും കഴിക്കാന്‍ തുടങ്ങി. രാത്രികാലങ്ങളില്‍ ഉറക്കം കിട്ടാതെ തളര്‍ന്ന് ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥ വന്നിട്ടുണ്ട്. ഒരാഴ്ചയിലധികം ഉറക്കം കിട്ടാതെ വലഞ്ഞിട്ടുണ്ട്. ഒരിക്കലും വിശദീകരിക്കാനാകാത്ത തരത്തിലുള്ള വേദനയും തളര്‍ച്ചയും മാനസികവിഷമവും ആത്മഹത്യ പ്രവണതയും എന്നെ തുടര്‍ച്ചയായി അലട്ടി.
എന്റെ കാര്യങ്ങള്‍ നല്ല വഴിയിലൂടെയല്ല പോകുന്നതെന്ന് എനിക്ക് വ്യക്തമായിരുന്നു. ഞാന്‍ പതുക്കെ എന്റെ പ്രശ്‌നം വിഷാദമാണെന്ന് തിരിച്ചറിയുകയായിരുന്നു. പന്ത്രണ്ടാം വയസ്സിലാണ് ആദ്യമായി എനിക്ക് ഉള്ള് പിടിച്ചുലയ്ക്കുന്ന സംഭ്രമകരമായ ആ അനുഭവം ഉണ്ടാകുന്നത്. പിന്നീട് പതിനാലാം വയസില്‍.. അപ്പോഴും ഞാന്‍ സ്വയം പറയാന്‍ ശ്രമിച്ചു എനിക്ക് ഒന്നുമില്ല, വിഷാദം പിടിപെടാന്‍ എനിക്ക് പ്രായമായിട്ടില്ല.
ഇരുപത്തഞ്ച് വയസ്സിന് മേലെയുള്ളവര്‍ക്കാണ് വിഷാദം ഉണ്ടാകുക എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഷാദരോഗിയാണെന്ന സത്യം ഞാന്‍ സ്വീകരിച്ചില്ല. സത്യത്തെ ഞാന്‍ നിരാകരിച്ചു. ഡോക്ടര്‍മാരെ ഭ്രാന്തന്‍മാരെന്ന് ഞാന്‍ വിളിച്ചു.
വിഷാദം ഒരു തോന്നലല്ല. ഒരു രോഗാവസ്ഥ തന്നെയാണ്. ഇത് മറ്റാരും നമുക്ക് നല്‍കുന്നതോ നമ്മള്‍ വരുത്തി വയ്ക്കുന്നതോ അല്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. നാല് വര്‍ഷത്തിലേറെയായി ഞാന്‍ വിഷാദരോഗിയാണെന്ന സത്യം തിരിച്ചറിഞ്ഞിട്ട്. രോഗത്തെ മനസ്സിലാക്കുക എന്നതാണ് ഇവിടെ പ്രധാനമായി നാം ചെയ്യേണ്ടത്. നാണക്കേട് വിചാരിക്കേണ്ട, മറ്റുള്ളവര്‍ നമ്മെക്കുറിച്ച് എന്തു കരുതുമെന്നും ചിന്തിക്കേണ്ട.
എനിക്ക് എല്ലാത്തില്‍ നിന്നും അവധി വേണം. എന്റെ പൊതുജീവിതത്തില്‍നിന്നും ജോലിയില്‍നിന്നും സ്‌കൂളില്‍നിന്നും പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും മാറി നില്‍ക്കണം. പുണ്യമാസമായ റമദാന്‍ എനിക്ക് അതിനുള്ള അവസരം നല്‍കുമെന്നും ശക്തി തരുമെന്നും കരുതുന്നു. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന അവസരത്തില്‍ എന്നെയും ഓര്‍ക്കുക.
ഒരൊറ്റ കഥാപാത്രത്തിലൂടെ സിനിമയിലെ തന്റെ സാനിധ്യം വ്യക്തമാക്കിയ ചുരുക്കം നായികമാരില്‍ ഒരാളായിരുന്നു സൈറ വസീം. സൈറ വെള്ളിത്തിരയില്‍ അവതരിപ്പിച്ച ഇന്ത്യന്‍ വനിത താരം ഗീത ഫൊഗോട്ട് എന്ന കഥാപാത്രം ഈ പതിനാറ് വയസുകാരിയ്ക്ക് ഏറെ പ്രശംസ നേടികൊടുത്തു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹതാരത്തിനുളള ദേശീയ പുരസ്‌കാരവും സൈറ സ്വന്തമാക്കിയിരുന്നു.