കൊച്ചി:തിങ്കളാഴ്ച കേരളത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്ന ദളിത് ഹര്‍ത്താലിന് പിന്തുണയുമായി ചെങ്ങന്നൂരിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സജി ചെറിയാന്‍ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്തരേന്ത്യയില്‍ ദളിത് ഭാരത ബന്ദില്‍ പങ്കെടുത്തവരെ കൊലപ്പെടുത്തിയത് സിറ്റിംഗ് ജഡ്ജി അന്വേഷിക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പട്ടികജാതിപട്ടികവര്‍ഗ പീഡന നിരോധന നിയമം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുക എന്നീ മുദ്രാവാക്യങ്ങളാണ് ഹര്‍ത്താലിന് കാരണമായി ഉയര്‍ത്തുന്നത്. തീര്‍ച്ചയായും പട്ടികജാതിപട്ടികവര്‍ഗ ക്ഷേമത്തിനായും ആ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെയും നിലപാടെടുക്കുന്ന പുരോഗമന വാദികള്‍ക്ക് ഈ മുദ്രാവാക്യത്തോട് ഐക്യദാര്‍ഡ്യപ്പെടാനാവും- സജി ചെറിയാന്‍ പറഞ്ഞു.
ഭരണഘടനാദത്തമായ നിയമാവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ദളിത് വിഭാഗങ്ങള്‍ രാജ്യത്താകമാനം സംഘടിപ്പിക്കുന്നത്. 12 പേര്‍ ഇതിനകം പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ നടക്കുന്ന ഈ പ്രതിഷേധത്തില്‍ എല്ലാ പിന്തുണയുണ്ടാകുമെന്നും സജി ചെറിയാന്‍ അറിയിച്ചു. എന്നാല്‍ സിപിഎമ്മോ മറ്റ് മുന്‍നിര പാര്‍ട്ടികളോ ദളിത് ഹര്‍ത്താലിന് പിന്തുണ നല്‍കിയിട്ടില്ല. മാത്രമല്ല വ്യാപാരികളും ബസ് ഓണേഴ്‌സ് അസോസിയേഷനും ഹര്‍ത്താല്‍ തള്ളിക്കൊണ്ട് രംഗത്തെത്തിയിരുന്നു.