പാലക്കാട് : കാമുകന്റെ വീട്ടിലെ ശൗചാലയം പോലുമില്ലാത്ത ഒറ്റമുറിയില്‍ യുവതി പത്തുവര്‍ഷം ഒളിച്ചുതാമസിച്ചതു വിശ്വസിക്കാനാവാതെ നാട്ടുകാര്‍. അയിലൂര്‍ കാരക്കാട്ടുപറമ്പിലാണ് കാമുകനായ ഇരുപത്തിനാലു വയസുകാരന്റെ മുറിയില്‍ അയല്‍വാസികളായ പതിനെട്ടുകാരി ആരോരുമറിയാതെ കഴിഞ്ഞത്. 2010 ഫെബ്രുവരിയിലാണ് യുവതിയെ കാണാതായത്. ബന്ധുക്കള്‍ പരാതി നല്‍കിയതോടെ പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ മാര്‍ച്ച് മൂന്നിനു യുവാവിനെയും കാണാതായി.
കണ്ടെത്താന്‍ ബന്ധുക്കള്‍ താല്‍പ്പര്യം കാട്ടിയില്ലെന്നാണു വിവരം. കഴിഞ്ഞദിവസം വിത്തനശേരി ഭാഗത്തേക്ക് ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ ഗുഡ്‌സ് ഓട്ടോഡ്രൈവറായ സഹോദരന്‍ കണ്ടു. തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ വണ്ടി തടഞ്ഞ് സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് അവിശ്വസനീയമായ ഒളിവുജീവിതം പുറത്തറിഞ്ഞത്. മൂന്നു മാസം മുമ്പ് യുവാവിനെ കാണാതാകുന്നതുവരെയും യുവതി കാമുകന്റെ വീട്ടിലെ മുറിയിലുണ്ടായിരുന്നു! മൂന്നു മാസമായി വിത്തനശേരിയിലെ വാടകവീട്ടിലും.
ഓടുമേഞ്ഞ വീട്ടിലെ തീരെച്ചെറിയ മുറിയില്‍ യുവതി ആരുമറിയാതെ 10 വര്‍ഷം കഴിഞ്ഞതായുള്ള വിവരം നാട്ടുകാരില്‍ ഞെട്ടലുണ്ടാക്കി. യുവാവിനു പുറമേ മാതാപിതാക്കളും സഹോദരങ്ങളും ഇവിടെയാണു കഴിഞ്ഞിരുന്നത്. ഇതിനിടെ വീട്ടില്‍ ഒരു വിവാഹച്ചടങ്ങ് നടന്നു. മൂന്നുവര്‍ഷം മുമ്പ് മേല്‍ക്കൂര പൊളിച്ചുമേഞ്ഞു.കാമുകിയായ യുവതിയെ പത്ത് വർഷം യുവാവ് വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തിൽ ദുരൂഹത പ്രകടിപ്പിച്ച് അയൽവാസികൾ രംഗത്ത് വന്നു .സംഭവത്തിൽ നാട്ടുകാട ദുരൂഹത പ്രകടിപ്പിച്ചതോടെ വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ആലത്തൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അയിലൂർ കാരക്കാട്ട് പറമ്പിലെ വീട്ടിലെത്തി പരിശോധന നടത്തി.
യുവാവ് രാവിലെയും വൈകിട്ടും ഭക്ഷണം മുറിയില്‍ കൊണ്ടുപോയാണു കഴിച്ചിരുന്നത്. ഇലക്‌ട്രീഷ്യനായ യുവാവ് പുറത്തുപോകുമ്പോള്‍ മുറി പൂട്ടും. മുറി വൃത്തിയാക്കാന്‍ പോലും ആര്‍ക്കും പ്രവേശനം അനുവദിച്ചില്ല. ബാറ്ററിയുമായി ബന്ധപ്പെടുത്തി വാതിലിന്റെ ഓടാമ്പലില്‍ ചെറിയ ഷോക്കടിക്കുന്ന തരത്തില്‍ ക്രമീകരിച്ചതായും പറയുന്നു. വീട്ടിലെ ടിവിക്കു പുറമേ മുറിയിലും ടിവി വച്ചിരുന്നു. പരസ്‌പരം സംസാരിക്കുമ്പോള്‍ ടിവിയുടെ ശബ്‌ദം കൂട്ടിവയ്‌ക്കുമായിരുന്നു.
ആദ്യമൊക്കെ അര്‍ധരാത്രി വാതില്‍ തുറന്നാണ് യുവതിയെ പ്രാഥമികാവശ്യങ്ങള്‍ക്ക് പുറത്തുകൊണ്ടുപോയിരുന്നത്. പിന്നീട് ഇതിനായി ജനലഴികള്‍ മുറിച്ചു. സൂര്യപ്രകാശം കൊള്ളാതെ കഴിഞ്ഞ ഇത്രയും കാലത്തിനിടെ യുവതിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നതും അത്ഭുതപ്പെടുത്തുന്നു. വാടകവീട്ടിലേക്ക് മാറാനായി മൂന്നുമാസം മുമ്പ് ഒരു ഉച്ചനേരത്ത് യുവതി ഇവിടെനിന്നിറങ്ങി ബസില്‍ കയറി പോയതായാണു വിവരം.
യുവതിക്ക് തിരിച്ചറിയല്‍ രേഖകളൊന്നുമില്ല. ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ വീട്ടിലെ റേഷന്‍ കാര്‍ഡില്‍ പോലും പേരുണ്ടായിരുന്നില്ല. യുവതിയെ കാണാതായപ്പോള്‍ പോലീസ് യുവാവിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. യുവാവിനു കാര്യമായ സൗഹൃദങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. പരാതികളില്ലാത്തതിനാല്‍ ഒരുമിച്ചു താമസിക്കാനുള്ള താല്‍പര്യപ്രകാരം വിട്ടയച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ഇരുവീട്ടുകാരും വിസമ്മതിച്ചു. ഒരുമിച്ച് താമസിക്കലായിരുന്നു ലക്ഷ്യമെങ്കില്‍ ഇത്രയും കാലം ഒളിവുജീവിതം എന്തിനായിരുന്നുവെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.