സ്വന്തം ലേഖകൻ
നെന്മാറ: സ്വന്തം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിക്കുന്നതിനിടയിൽ സജിതയ്ക്ക് ഒരു കുറവും വരുത്തിയിട്ടില്ലെന്ന് റഹ്മാൻ. അയിലൂർ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകൻ റഹ്മാനാണ് (34) സമീപവാസിയായ വേലായുധന്റെ മകൾ സജിതയെ (28) വീട്ടിൽ താമസിപ്പിച്ചത്.
യുവതിയെ കാണാതായി വർഷങ്ങൾ പിന്നിട്ടിട്ടും തൊട്ടടുത്ത് ഉണ്ടായിരുന്ന യുവതിയെ ബന്ധുക്കളും പൊലീസുകാരും കണ്ടെത്തിയില്ല. എന്നാൽ പത്ത് വർഷത്തിന് ശേഷം മകളെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് സജിതയുടെ മാതാപിതാക്കൾ.
‘മകളെ തിരിച്ച് കിട്ടിയതിൽ സന്തോഷം, മരിച്ച് പോയെന്നായിരുന്നു കരുതിയത്, വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്.’ സജിതയുടെ മാതാപിതാക്കൾ പറയുന്നു. മാതാപിതാക്കളെ പേടിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് റഹ്മാനും സജിതയും പറയുന്നു.
‘പത്ത് വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും സജിതയ്ക്ക് അസുഖങ്ങളൊന്നും വന്നിരുന്നില്ല. ചെറിയ തലവേദനയും വയറുവേദനയും വരുമെന്നല്ലാതെ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല. പ്രണയത്തിൽ വീട്ടുകാർക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇലക്ട്രിക്ക് കാര്യങ്ങളൊക്കെ നന്നായി അറിയാം. അങ്ങനെയാണ് റിമോർട്ടിൽ വർക്ക് ചെയ്യുന്ന വാതിലൊക്കെ വെച്ചതെന്നും റഹ്മാൻ പറയുന്നു.